രാഹുലിന്റെ ആ 3 പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് ഇങ്ങനെ, കോണ്‍ഗ്രസ് പ്ലാന്‍ പറഞ്ഞ് ശശി തരൂര്‍
കല്‍പ്പറ്റ: കോണ്‍ഗ്രസ് അസാധ്യമായ പ്രകടന പത്രിക പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ ഇടതുപക്ഷം ഇതിനെ പല കാരണങ്ങള്‍ പറഞ്ഞാണ് പ്രതിരോധിക്കുന്നത്. കോണ്‍ഗ്രസിന്റെ കാലത്തെ 600 രൂപ പെന്‍ഷന്‍ കിട്ടാന്‍ വൈകിയതും ഇതിനായുള്ള പണം കണ്ടെത്തുന്ന അപ്രായോഗികതയൊക്കെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് വ്യക്തമായ പ്ലാനുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. തോമസ് ഐസക്കിന്റെ നയങ്ങളോ കിഫ്ബിയോ ഒന്നുമല്ല ഇതിന് ആധാരമെന്നും തരൂര്‍ പറയുന്നു.

പ്ലാന്‍ ഇങ്ങനെ
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ക്ഷേമ പദ്ധതികള്‍ കടംവാങ്ങി നടപ്പാക്കില്ലെന്ന് ശശി തരൂര്‍ പറയുന്നു. പദ്ധതി നടപ്പാക്കാന്‍ പോകുന്നത് കൃത്യമായി വരുമാനം കണ്ടെത്തിയായിരിക്കും. നികുതി പിരിക്കുന്നത് അടക്കം ഊര്‍ജിതമാക്കുമെന്ന് തരൂര്‍ വെളിപ്പെടുത്തി. കല്‍പ്പറ്റയില്‍ ടി സിദ്ദിഖിന്റെ പ്രചാരണാര്‍ത്ഥം എത്തിയപ്പോഴാണ് തരൂര്‍ കോണ്‍ഗ്രസ് വെളിപ്പെടുത്തിയത്. അത് മാത്രമല്ല രാഹുലിന്റെ പദ്ധതി മറ്റിടങ്ങളില്‍ എങ്ങനെ നടപ്പാക്കാനാവുന്നതാണെന്നും തരൂര്‍ പറഞ്ഞിട്ടുണ്ട്.

രാഹുലിന്റെ പദ്ധതി
രാഹുലിന്റെ ന്യായ് പദ്ധതി ഇന്ത്യയിലെ ഏത് സംസ്ഥാനത്തും നടപ്പാക്കാനാവുമെന്ന് തരൂര്‍ പറയുന്നു. അത്തരത്തിലാണ് അത് രൂപീകരിച്ചത്. ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ വരുമാന മാര്‍ഗം കണ്ടെത്തണം. ഇതിനാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നത്. ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് തിരഞ്ഞെടുപ്പില്‍ ജയിക്കാനായി, കടം വാങ്ങി പദ്ധതികള്‍ നടപ്പാക്കുകയാണ്. ഇത് അവര്‍ വിചാരിക്കുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. അതിലൂടെ നികുതി ഭാരം ജനങ്ങളിലേക്ക് കൂടുതലായി അടിച്ചേല്‍പ്പിക്കപ്പെടും.

മൂന്ന് പദ്ധതികള്‍
കോണ്‍ഗ്രസിന്റെ ഫോക്കസ് മൂന്ന് കാര്യങ്ങളിലാണ്. ന്യായ് പദ്ധതിയാണ് അതില്‍ ആദ്യത്തേത്ത്. നാല്‍പ്പത് കഴിഞ്ഞ വീട്ടമ്മാര്‍ക്ക് 2000 രൂപ പെന്‍ഷനും മൂവായിരം രൂപ ക്ഷേമ പെന്‍ഷന്‍ എന്നിവയാണ് ഈ പദ്ധതികള്‍. ഇത് മൂന്നും കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ പോകുന്നത് കടം വാങ്ങിയിട്ടല്ല. നിക്ഷേപങ്ങളിലൂടെ പണം സമാഹരിക്കുകയാണ് കോണ്‍ഗ്രസും സര്‍ക്കാരും ശ്രമിക്കുക. ഐടി മേഖലയില്‍ നിരവധി നിയന്ത്രണങ്ങള്‍ ഇപ്പോഴുള്ളത്. കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ പുതിയ ഐടി ആക്ട് തന്നെ കൊണ്ടുവരും. നിക്ഷേപകരെ കേരലത്തിലേക്ക് കൊണ്ടുവന്നാല്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത കൂടി സര്‍ക്കാരിനുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഈ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

ലക്ഷ്യം ഇതാണ്
കേരളത്തില്‍ ആളുകള്‍ എത്തിയാല്‍ വ്യവസായ ആരംഭിക്കാന്‍ അനുമതി ലഭിക്കുന്നില്ലെന്നാണ് വലിയ പരാതി. കേരളം കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുകയാണ് കോണ്‍ഗ്രസ് പ്ലാന്‍, നിക്ഷേപകര്‍ വന്നാല്‍ സംസ്ഥാനം വളര്‍ച്ച നേടും. അതോടെ തന്നെ നികുതി വരുമാനവും കൂടും. ഒരുപാട് പേര്‍ക്ക് തൊഴിലും കിട്ടും. കടം വാങ്ങുന്നതിന് പകരം ഇത്തരത്തില്‍ നിക്ഷേപങ്ങളെയാണ് കോണ്‍ഗ്രസ് കൂടുതല്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ വരുമാനം എത്തിച്ച് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും തരൂര്‍ വ്യക്തമാക്കി.

രാഹുലിന്റെ വരവോടെ
രാഹുലിന്റെ വരവോടെ സംസ്ഥാനം ഇളകി മറിഞ്ഞിരിക്കുകയാണ്. തരൂരിന് ഇതിന്റെ ഭാഗമായി ലഭിച്ച ടാസ്‌ക് ആണ് സംസ്ഥാനം മുഴുവന്‍ പ്രകടന പത്രികയെ കുറിച്ച് വിശദീകരിക്കല്‍. ഇത് ജനങ്ങളിലേക്ക് എത്തിക്കാന്‍ തരൂരാണ് ബെസ്റ്റ് എന്ന് ഹൈക്കമാന്‍ഡ് കരുതുന്നു. ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ പറഞ്ഞാല്‍ ഇക്കാര്യങ്ങള്‍ക്ക് വിശ്വാസ്യത കുറവായിരിക്കും. കാരണം ഇവര്‍ തന്നെ ഭാഗമായിരുന്ന മുന്‍ സര്‍ക്കാരിന് വിശ്വാസ്യത കുറവായിരുന്നു. അതാണ് സര്‍വേകളില്‍ അടക്കം മുന്നിലെത്തിയ ശശി തരൂരിനെ തന്നെ ഉപയോഗിക്കുന്നത്.

മലബാറില്‍ തൂത്തുവാരുമോ?
ശശി തരൂര്‍ തിരുവനന്തപുരം കഴിഞ്ഞാല്‍ മലബാറില്‍ വലിയ ശ്രദ്ധ നല്‍കുന്നുണ്ട്. രാഹുലിന്റെ മണ്ഡലം കൂടിയാണ് വയനാട്. ഇത് അടങ്ങുന്ന മേഖലയില്‍ 20 സീറ്റെങ്കിലും വേണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ തവണ ഒറ്റ സീറ്റ് കോഴിക്കോട്, ജില്ലകയില്‍ ഇല്ലായിരുന്നു. വയനാട്ടിലും നിറംമങ്ങിയ പ്രകടനമായിരുന്നു. കോഴിക്കോട് നോര്‍ത്തിലാണെങ്കില്‍ 2001ലാണ് അവസാനമായി കോണ്‍ഗ്രസ് ജയിച്ചത്. ഇത്തവണ തരൂരിന്റെ പ്രചാരണവും യൂത്ത് നേതാവും കൂടി വന്നതും ഗുണം ചെയ്‌തേക്കുമെന്നാണ് പ്രതീക്ഷ. വയനാട്ടിലെ മൂന്ന് സീറ്റും കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യമാണ്.

വയനാട്ടിലെ പ്ലാന്‍
വയനാട്ടില്‍ വന്‍ പ്രഖ്യാപനങ്ങളാണ് തരൂര്‍ നടത്തിയത്. ആദിവാസി വിഭാഗങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വിപണം നടത്തുന്നതിനായി ട്രൈബല്‍ പ്രൊഡക്ട്‌സ് പ്രമോഷന്‍ ബോര്‍ഡ് ഉണ്ടാക്കുമെന്ന് തരൂര്‍ പറഞ്ഞു. ഭൂരഹിതരമായ ആദിവാസികള്‍ക്ക് ഭൂമി നല്കും. അവകാശമില്ലാതെ കൈവശം വെച്ചിരിക്കുന്ന ഭൂമി അടക്കം സര്‍വേയിലൂടെ കണ്ടെത്തും. അതെല്ലാം ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കും. ഈ വിഭാഗത്തിനുള്ള വിദ്യാഭ്യാസ പദ്ധതികളും കോണ്‍ഗ്രസ് കൊണ്ടുവരുമെന്ന് തരൂര്‍ വ്യക്തമാക്കി. ഈ പ്ലാനുകള്‍ കോണ്‍ഗ്രസിന്റെ ജനകീയാടിത്തറ വിപുലമാക്കിയെന്ന് ഉറപ്പാണ്.












Click it and Unblock the Notifications