അർജുനെ കണ്ടെത്താനുള്ള ദൗത്യം; ഗംഗാവലി പുഴയിൽ നേവിയുടെ പ്രാഥമിക പരിശോധന, ഒഴുക്ക് വെല്ലുവിളി
അങ്കോള: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ആയില്ല. ഇതിന്റെ ഭാഗമായി ഇന്ന് നാവികസേനയുടെ പ്രത്യേക സംഘം ഗംഗാവലി പുഴയിൽ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇന്ന് വൈകീട്ടോടെയാണ് നാവികസേന ഗംഗാവലി പുഴയില്‍ പരിശോധന നടത്തിയത്.
വെള്ളത്തിന്റെ ഒഴുക്ക് ഉള്‍പ്പെടെയാണ് ഇന്ന് അവർ പരിശോധിച്ചത്. പുഴയിൽ അടിയൊഴുക്ക് കുറഞ്ഞാല്‍ അതിൽ ഇറങ്ങിയുള്ള തിരച്ചില്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്. പുഴയിലെ ഒഴുക്ക് വെല്ലുവിളിയാകുന്നു എന്നാണ് ജില്ലാ ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. ഇതേ അഭിപ്രായം തന്നെയാണ് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പങ്കുവച്ചത്.

അർജുൻ അടക്കം മുന്ന് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കാൻ നിലവിൽ പ്രതിസന്ധി ഉണ്ടെന്നാണ് ഡികെ ശിവകുമാർ അറിയിച്ചത്. വളരെയധികം അപകടം പിടിച്ച മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവരെ കണ്ടെത്തനായി പരമാവധി ശ്രമിച്ചുവെങ്കിലും അടിയൊഴുക്ക് വെല്ലുവിളിയായി തുടരുകയാണെന്നും ഇനിയും ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
തിരച്ചിൽ തുടരുമെന്ന് ഉറപ്പ് ലഭിച്ചതായാണ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചത്. കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരളം സമ്മര്‍ദം തുടരുന്നുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അർജുന്റെ കുടുംബത്തിന്റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, അര്‍ജുനെ കാണാതായിട്ട് ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ തിരച്ചിൽ വൈകുന്നതിൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന്റെ കുടുംബം രംഗത്ത് വന്നിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ തിരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്നാണ് അറിയിച്ചത്.
ഡികെ ശിവകുമാറിനെതിരെയും അവർ രംഗത്ത് വന്നിരുന്നു. പുഴയില്‍ തിരച്ചില്‍ നടത്താതെയാണ് നേരത്തെ തിരച്ചില്‍ നിര്‍ത്തിയത്. ഡ്രഡ്‌ജര്‍ കൊണ്ടുവരാനുള്ള നടപടി ഉണ്ടായിട്ടില്ല. ജില്ലാ ഭരണകൂടത്തിന് ഗുരുതര വീഴ്‌ച സംഭവിച്ചിട്ടുണ്ട്. ഡികെ ശിവകുമാര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും കഴിഞ്ഞ നാല് ദിവസമായി മഴയില്ലെന്ന് പറഞ്ഞിട്ടും കാലാവസ്ഥ അനുകൂലമല്ലെന്ന് എങ്ങനെയാണ് അദ്ദേഹത്തിന് പറയാൻ കഴിഞ്ഞതെന്നും അർജുന്റെ സഹോദരിയുടെ ഭർത്താവ് പറഞ്ഞു.
നാല് നോട്ട് ആയാല്‍ സേനയെ ഇറക്കാമെന്നാണ് ആദ്യം പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോള്‍ പറയുന്നു രണ്ട് നോട്ട് ആയാലെ തിരച്ചില്‍ ആരംഭിക്കാനാകുവെന്ന്, ഇതിൽ യാതൊരു ഏകോപനവും ഇല്ല. വൈരുധ്യമായ കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications