സിക്കിം പ്രളയം: കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും, 14 ലേറെ പാലങ്ങളും റോഡുകളും തകർന്നു
ഗ്യാങ്ടോക്ക്: സിക്കിമില്‍ കനത്ത നാശനഷ്ടം വിതച്ച് പ്രളയം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ തുടങ്ങിയവ വ്യാപകമായി തകർന്നു. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുള്ള മേഘവിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദി നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ബുധനാഴ്ച 14 പേർ മരിക്കുകയും 22 സൈനികർ ഉൾപ്പെടെ 100 ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
കാണാതായവരില്‍ ഒരു സൈനികനെ കണ്ടെത്തിയിട്ടുണ്ട്.
ശക്തമായ മഴയും ഹിമപാളികൾ ഉരുകിയൊഴുകിയതുമാണ് ദുരന്തകാരണമെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. നേപ്പാളിലെ ഭൂകമ്പവും ദുരന്തകാരണമായോ എന്ന് സംശയിക്കുന്നതായും കേന്ദ്ര ജല കമ്മീഷൻ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 25 നദികള്‍ അപകടാവസ്ഥയിലാണെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

മലയാളികൾ ഉൾപ്പെടെ നിരവധിപേർ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങികിടക്കുന്നുണ്ട്. ബംഗാളിലും ബംഗ്ലാദേശിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി ബംഗാളിലെ ജൽപായ്ഗുരിയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സിക്കിമില്‍ നിന്നും ഉത്ഭവിച്ച് ബംഗാള്‍ വഴി ബംഗ്ലാദേശിലേക്ക് ഒഴുകുന്ന നദിയാണ് ടീസ്റ്റ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികൾ സിക്കിമില്‍ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥകും അറിയിച്ചു. ചുങ്താങ്ങിലെ ടീസ്റ്റ സ്റ്റേജ് III അണക്കെട്ടിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികളും അണക്കെട്ടിന്റെ തുരങ്കങ്ങളിൽ കുടുങ്ങിയതായി പഥക് പറഞ്ഞു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബിആർഒ) കീഴിലുള്ളത് ഉള്‍പ്പെടെ 14 പാലങ്ങളും നിരവധി റോഡുകളായും തകർന്നതായി സിക്കിം ചീഫ് സെക്രട്ടറി പറഞ്ഞു.
മംഗൻ ജില്ലയിലെ ചുങ്‌താങ്, ഗാങ്‌ടോക്ക് ജില്ലയിലെ ദിക്‌ചു, സിങ്തം, പാക്യോങ് ജില്ലയിലെ രാംഗ്‌പോ എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. സാരമായി പരിക്കേറ്റ 25-ലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മംഗൻ ജില്ലയിലെ സാങ്‌കലൻ, തൂങ്ങ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിൽ ഫൈബർ കേബിൾ ലൈനുകൾ നശിച്ചതിനാൽ ചുങ്‌താങ്ങിലും വടക്കൻ സിക്കിമിലെ മിക്കയിടത്തും മൊബൈൽ നെറ്റ്‌വർക്കുകളും ബ്രോഡ്‌ബാൻഡ് കണക്ഷനുകളും തടസ്സപ്പെട്ടു. ചുങ്താങ്ങിലെ പോലീസ് സ്റ്റേഷനും അപകടത്തില്‍ തകർന്നിട്ടുണ്ട്.












Click it and Unblock the Notifications