പ്രതിഷേധം ശക്തമായി : സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു
തിരുവനന്തപുരം: ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു. സംസ്ഥാന വ്യാപകമായി കെ.റെയിലിനെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സര്‍വേ ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചു.
Recommended Video

പ്രകോപനം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇന്ന് സംസ്ഥാനത്ത് സര്‍വ്വേ നടപടികള്‍ നിര്‍ത്തിവച്ചതെന്ന് കെ റെയില്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എറണാതകുളത്തും ചോറ്റാനിക്കരയിലും സര്‍വ്വേ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഇന്ന് സര്‍വ്വേ നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് അമൗദ്യോഗിക തീരുമാനം. എന്നാല്‍ ഇച് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കല്ലിടല്‍ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. പ്രകോപനം ഒഴിവാക്കാന്‍ നടപടി നിര്‍ത്തിവയ്ക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശമെന്നാണ് വിവരം.
പൊലീസ് സുരക്ഷ ഉറപ്പാക്കാനാകാതെ സര്‍വ്വേ തുടരാനാകില്ലെന്നാണ് എറണാകുളത്ത് സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സിയുടെ ഉദ്യോഗസ്ഥരുടെ നിലപാട്. വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണെന്ന് ഏജന്‍സി പരാതിപ്പെടുന്നു. ഇന്നലെ പിറവത്ത് സര്‍വ്വേ സംഘത്തിന്റെ കാര്‍ ഉപരോധിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കിയെന്നാണ് ജീവനക്കാര്‍ പറയുന്നത്.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്നതു വരെ കല്ലിടല്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ അനൗദ്യോഗികമായ തീരുമാനിച്ചിരിക്കുകയാണെന്നാണ് വിവരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കല്ലിടല്‍ നിര്‍ത്തി വച്ചാലും സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പൂര്‍ണമായും പിന്‍മാറുന്നു എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതു വരെ യു.ഡി.എഫ് സമരവുമായി മുന്നോട്ടു പോകും. സില്‍വര്‍ ലൈനിനെ കേരളത്തിലെ എല്ലാവരും എതിര്‍ക്കുകയാണ്. മുഖ്യമന്ത്രി പറയുന്ന ജനവിരുദ്ധ- വിദ്രോഹ കൂട്ടുകെട്ടില്‍ അച്യുതമേനോന്റെ മക്കളുണ്ടോ? എന്‍.ഇ ബല്‍റാമിന്റെ മക്കളുണ്ടോ? കെ. ഗോവിന്ദപ്പിള്ളയുടെ മക്കളുണ്ടോ? ഈ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയിലെ ഏറ്റവും സമുന്നതരായ നേതാക്കളുടെ മക്കള്‍ സില്‍വര്‍ ലൈനില്‍ നിന്നും പിന്‍വാങ്ങണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ശാസ്ത്രസാഹിത്യ പരിഷത്തിലെ ആര്‍.വി.ജി മേനോന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഇതില്‍ നിന്നും പിന്‍മാറണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയിലെ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും പദ്ധതിയില്‍ നിന്നും പിന്‍മാറണമെന്ന് ഇന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വിവിധ മത സംഘടനകളും സില്‍വര്‍ ലൈനില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രവും മുഖപ്രസംഗത്തിലൂടെ പദ്ധതിയില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞ ജനവിരുദ്ധ- വിദ്രോഹ കൂട്ടുകെട്ടില്‍ ഇവരെല്ലാം ഉണ്ടോയെന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം.
എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളും ദേശവിരുദ്ധരുമാക്കുന്ന മോദിയുടെ അതേ ശൈലിയാണ് പിണറായിയും കേരളത്തില്‍ പിന്തുടരുന്നത്. ലോകത്തെ എല്ലാ ഏകാധിപതികള്‍ക്കും ഒരേ രീതിയാണ്. ജനങ്ങളുമായി ചേര്‍ന്നാണ് യു.ഡി.എഫ് സമരം ചെയ്യുന്നത്. വയോധികരെയും കുഞ്ഞുങ്ങളെയുമൊന്നും ജയിലില്‍ അയയ്ക്കാന്‍ അനുവദിക്കില്ല. യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോകുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും, സംഘപരിവാറിനെയും സി.പി.എമ്മിനെയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ഇടനിലക്കാര്‍ ഒരാഴ്ചയായി ഡല്‍ഹിയില്‍ പ്രവര്‍ത്തനം നടത്തുകയാണ്. എന്തുവന്നാലും ഈ നീക്കത്തെ യു.ഡി.എഫ് ചെറുക്കും. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ജനങ്ങളും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സര്‍ക്കാരും സി.പി.എമ്മും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. പണ്ട് കര്‍ഷക സമരം നടക്കുമ്പോള്‍ അതിനെതിരെ ജന്മികളും, തൊഴിലാളികള്‍ സമരം ചെയ്യുമ്പോള്‍ മുതലാളിമാരും നടത്തുന്ന പരിഹാസവാക്കുകളാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications