തിരുവനന്തപുരം ടെക്നോസിറ്റിയിൽ ഉപേക്ഷിച്ച തലയോട്ടി: തുമ്പുകിട്ടാതെ പോലീസ്
തിരുവനന്തപുരം: ടെക്നോസിറ്റി ടാറ്റ കൺസൾട്ടൻസി വളപ്പിൽ ഉപേക്ഷിച്ച നിലയിൽ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് കാത്ത് പൊലീസ്. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷമേ തലയോട്ടിയുടെയും അസ്ഥികളുടെയും കാലപ്പഴക്കവും സ്ത്രീയോ പുരുഷനാണോയെന്നതും വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
അസ്ഥികൂടവും തലയോട്ടിയും വാഹനത്തിൽ ഇവിടെ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിൽ കാരമൂട് -പള്ളിപ്പുറം റോഡിലേക്ക് പോകുന്ന വഴിയിൽ ലഭ്യമായ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഇത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ബാക്കി അസ്ഥികൾ കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം മെഡിക്കൽ കോളേജുകളിലെ പഠനശേഷം അസ്ഥിഭാഗങ്ങൾ ഇത്തരത്തിൽ ഉപേക്ഷിക്കാറില്ലെന്ന് അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മിനുസമായ തലയോട്ടിയുടെ മൂക്ക്, കണ്ണ് തുടങ്ങിയ ഭാഗങ്ങളിലെ കുഴികൾ വൃത്തിയായി മിനുസപ്പെടുത്തിയിട്ടുണ്ട്. വാരിയെല്ലിന്റെ ഭാഗങ്ങൾ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് വെട്ടിമുറിച്ച നിലയിലായിരുന്നു.

മംഗലപുരത്തിന് സമീപം തോന്നയ്ക്കൽ ടെക്നോസിറ്റിയിലെ നിർദ്ദിഷ്ട ടാറ്റ കൺസൾട്ടൻസി കോമ്പൗണ്ടിലാണ് തലയോട്ടിയും തകർന്ന അസ്ഥികൂടങ്ങളും പ്ലാസ്റ്റിക് ക്യാരി ബാഗിൽ പൊതിഞ്ഞു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വെകുന്നേരം 5 മണിക്ക് സ്ഥല പരിശോധന നടത്തിയ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരാണ് ആദ്യം കണ്ടത്.മംഗലപുരം കാരമൂട് ജംഗ്‌ഷനിൽ നിന്നും പള്ളിപ്പുറത്തേക്ക് പോകുന്ന പഴറോഡിനോട് ചേർന്നാണ് നിർദ്ദിഷ്ട കമ്പനി സ്ഥലം.പൊതുവെ ആൾപാർപ്പും ഗതാഗതവും കുറഞ്ഞ റോഡാണിത്.












Click it and Unblock the Notifications