'ശശി തരൂര് ഒരു പിന്നോക്ക വിരോധി', ഇത്ര ആനമണ്ടനാണെന്ന് കരുതിയില്ല, തുറന്നടിച്ച് വെള്ളാപ്പളളി നടേശന്‍
കൊല്ലം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. ശശി തരൂര് ഒരു പിന്നോക്ക വിരോധി ആണെന്നും ഇത്തരത്തിലുളള ഇറക്കുമതി ചരക്ക് കേരളത്തില്‍ വിലപ്പോകില്ലെന്നും വെള്ളാപ്പളളി നടേശന്‍ പറഞ്ഞു. തരൂര്‍ ഒരു ബുദ്ധിരാക്ഷസനാണ് എന്നാണ് താന്‍ കരുതിയിരുന്നത്. പക്ഷേ ഇത്രയും ഈയിടെയുളള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കണ്ടപ്പോള്‍ ഇത്രയും ബുദ്ധിഹീനനാണ് എന്ന് മനസ്സിലായെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് ഒരു പിന്നോക്ക വിഭാഗക്കാരനെ അഖിലേന്ത്യാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിപ്പിച്ചപ്പോള്‍ അതിന് എതിരെ തരൂര്‍ മത്സരിക്കാമോ. അത് പാര്‍ട്ടി അച്ചടക്ക ലംഘനമല്ലേ. പാര്‍ട്ടി പല ഗ്രൂപ്പായി തകര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് കോണ്‍ഗ്രസിന് തരൂരിനെ എതിര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ മിണ്ടിയില്ല. തോല്‍ക്കുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് തരൂര്‍ മത്സരിച്ചത്. പിന്നോക്കക്കാരോട് ഏറ്റവും വിരോധം മനസ്സില്‍ വെച്ച് പുലര്‍ത്തുന്ന ആളാണ് തരൂരെന്നും വെള്ളാപ്പളളി കുറ്റപ്പെടുത്തി.

ആകെ 15 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയമേ തരൂരിനുളളൂ. രമേശ് ചെന്നിത്തലയെ പോലെ ബാല്യകാലം മുതല്‍ക്കേ ഉളളവരെ വെട്ടി മാറ്റിക്കൊണ്ട് ആളാകാന്‍ വേണ്ടി പെട്ടെന്ന് ഇറങ്ങി വന്ന് നേതാവായി അഖിലേന്ത്യാ പ്രസിഡണ്ടിനെതിരെ മത്സരിച്ച് പ്രമാണിയായി വന്ന തരൂര്‍ പിന്നെ ചെയ്തത് കേരളത്തിലെ എല്ലാവരേയും പോയി കാണുന്നതാണ്. ഒരു മതനേതാവോ സമുദായ നേതാവോ പ്രഖ്യാപിച്ചാല്‍ അതിന് അനുസരിച്ച് വോട്ട് ചെയ്യുന്ന കാലമാണോ ഇതെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
തരൂര്‍ ആദ്യം മലപ്പുറത്ത് പോയി. അത് കഴിഞ്ഞ് കോട്ടയത്ത് ക്രിസ്ത്യന്‍ സമുദായത്തിന് പരമോന്നത പീഠത്തെ കണ്ടു. അത് കഴിഞ്ഞ് എന്‍എസ്എസിലേക്ക്. ഇങ്ങനെ തേരാപ്പാരാ വട്ടം ചുറ്റി നടക്കുമ്പോള്‍ കേരളത്തിലെ അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. കോണ്‍ഗ്രസിനെ വളര്‍ത്തിയ പ്രവര്‍ത്തകരെ മണ്ടന്മാരാക്കിക്കൊണ്ടിരിക്കുകയാണ്. സുകുമാരന്‍ നായര്‍ ഇന്നലെ വരെ പറഞ്ഞിരുന്നത് ഡല്‍ഹി നായര്‍ എന്നാണ്. ഒറ്റ ദിവസം കൊണ്ട് ചങ്ങനാശ്ശേരി നായരാക്കി, തറവാടി നായരാക്കി. ഇത്ര നഗ്നമായി ജാതി പറയുന്ന ആളെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇത് കേട്ടിട്ട് തരൂര്‍ ഒന്നും പറയാനുളള ധൈര്യം കാണിച്ചില്ല.
ഇതോട് കൂടി തരൂരിന്റെ രാഷ്ട്രീയ ജീവിതം കേരളത്തില്‍ നശിച്ചു. രമേശ് ചെന്നിത്തലയെ പോലെ കേരളത്തില്‍ പാടുപെട്ട കോണ്‍ഗ്രസുകാര്‍ എങ്ങോട്ട് പോകും. തരൂരിന്റെ പരിപ്പ് കേരളത്തില്‍ വേകില്ല. തരൂര്‍ ഇത്ര ആനമണ്ടനാണ് എന്ന് മനസ്സിലാക്കിയിരുന്നില്ല. അദ്ദേഹം ഒരു ജാതിയുടെ കീഴില്‍ ഒതുങ്ങിപ്പോയെന്നും വെള്ളാപ്പളളി പറഞ്ഞു.












Click it and Unblock the Notifications