ഒരു ദിവസം മാത്രം മുഖ്യമന്ത്രിയായി മാറ്റം വരുത്താനാകില്ല; കെപിസിസി നിര്‍ദേശത്തിനിടെ വീണ്ടും ശശി തരൂര്‍
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ വീണ്ടും പ്രതികരണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഒരു ദിവസത്തേക്ക് മാത്രമായി തന്നെ ആരും മുഖ്യമന്ത്രിയാക്കേണ്ട എന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ഒറ്റ ദിവസം കൊണ്ട് ആര്‍ക്കും ലോകത്തില്‍ മാറ്റം കൊണ്ടുവരാനാവില്ല എന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. സ്പീക്ക് ഫോര്‍ ഇന്ത്യ സംവാദത്തിനിടെ ആയിരുന്നു ശശി തരൂരിന്റെ പ്രതികരണം.
പരസ്യ പ്രതികരണങ്ങള്‍ അവസാനിപ്പിക്കണം എന്ന് കെ പി സി സി, നേതാക്കളോട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. നേരത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകാന്‍ തയ്യാറാണ് എന്നായിരുന്നു ശശി തരൂര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ശശി തരൂരിന് എതിരെ രംഗത്തെത്തിയിരുന്നു.

ശശി തരൂരിനെ അനുകൂലിച്ചും നേതാക്കളെത്തിയതോടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കമായി നാല് വര്‍ഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിനായി ഇപ്പോള്‍ തന്നെ ആരു മുഖ്യമന്ത്രി കോട്ട് തയ്പ്പിച്ച് വെക്കേണ്ട എന്നായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. വി ഡി സതീശനും ശശി തരൂരിന്റെ പുതിയ നീക്കങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് നിര്‍വാഹക സമിതി യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലും ശശി തരൂരിന് എതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് പ്രത്യേക കോട്ട് ഇല്ല എന്നായിരുന്നു ശശി തരൂര്‍ ഇതിന് നല്‍കിയ മറുപടി. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇനിയും പൊതുപരിപാടികളില്‍ സജീവമായി എത്തും എന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിന് ശേഷമാണ് നേതാക്കളോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ല എന്ന് കെ പി സി സി നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനിടെ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. 'മുഖ്യമന്ത്രി കോട്ട്' പരാമര്‍ശം ചൂണ്ടിക്കാട്ടി തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തണുപ്പ് കാലത്ത് ശശി തരൂരും ഡല്‍ഹിയില്‍ പോകുന്നവരുമെല്ലാം നല്ല ഒന്നാംതരം നെഹ്‌റുകോട്ട് ഇടാറുണ്ട് എന്നായിരുന്നു എം എം ഹസന്‍ പറഞ്ഞിരുന്നത്.

രമേശ് ചെന്നിത്തല പറഞ്ഞ കോട്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശശി തരൂര്‍ യു ഡി എഫിന്റെ അഭിമാനമാണ് എന്നും എം എം ഹസന്‍ പറഞ്ഞിരുന്നു. ശശി തരൂര്‍ സമാന്തര പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന അഭിപ്രായം തനിക്കില്ല എന്നും എം എം ഹസന്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

മൂന്ന് തവണ തിരുവനന്തപുരത്ത് നിന്ന് തുടര്‍ച്ചയായി എം പിയായ ശശി തരൂര്‍ ഇനി ലോക്‌സഭയിലേക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ സജീവമായി നേതൃസ്ഥാനത്തേക്ക് എത്താനാണ് ശശി തരൂരിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ കേരളത്തിലെ സാമുദായിക നേതാക്കളെല്ലാം ശശി തരൂരിന് പച്ചക്കൊടി കാണിച്ച് പരസ്യമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

കെ മുരളീധരന്‍, കെ എസ് ശബരീനാഥന്‍, ഹൈബി ഈഡന്‍, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കളെല്ലാം ശശി തരൂരിന് പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കളെല്ലാം മറുവശത്താണ്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇതുവരെ വിഷയത്തില്‍ നിലപാടെടുത്തിട്ടില്ല. അതേസമയം ഉമ്മന്‍ചാണ്ടിയാണ് ശശി തരൂരിനെ മുന്നില്‍ നിര്‍ത്തി കരുനീക്കം നടത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications