ചന്ദ്രബോസ് വധക്കേസിൽ പ്രതി നിഷാമിന് തിരിച്ചടി, ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ഹർജിഹൈക്കോടതി തള്ളി. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് മുഹമ്മദ് നിഷാം നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
അതേസമയം ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാരിൻ്റെ ആവശ്യവും ഹൈക്കോടതി തള്ളി. അപൂര്‍വ്വങ്ങളിൽ അപൂര്‍വ്വമായ കൊലപാതകമാണ് നിഷാം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ വിചാരണ കോടതി വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് നിരീക്ഷിച്ച കോടതി സര്‍ക്കാരിൻ്റെ ഹര്‍ജി തള്ളുകയായിരുന്നു.

ചന്ദ്രബോസിനെ കൊല്ലാൻ നിഷാം ഉപയോഗിച്ച ആഡംബര കാറായ ഹമ്മൾ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിൻ്റെ ഉടമ നൽകിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്. നിഷാം നൽകിയ ഹർജിയിൽ ആറ് മാസത്തിനകം തീർപ്പുണ്ടാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഹൈക്കോടതിക്ക് നിർദേശം നൽകിയിരുന്നു. ഷാം നൽകിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഈ ഉത്തരവ്. ആറ് മാസത്തിനകം വിധി പറഞ്ഞില്ലെങ്കിൽ ശിക്ഷ മരവിപ്പിക്കാനോ, ജാമ്യം ലഭിക്കാനോ സുപ്രീംകോടതിയെ പ്രതിക്ക് സമീപിക്കാമെന്നും കോടതി പറഞ്ഞിരുന്നു.
2015 ജനുവരി 29 നാണ് ശോഭ സിറ്റിയിലെ ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം കാർ കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. പുലർച്ചെ 3.15 ഓടെ ഫ്ലാറ്റിലെത്തിയ നിഷാമിന് ഗേറ്റ് തുറന്ന് നൽകാൻ വൈകിയതിന്‍റെ വിരോധത്തിലായിരുന്നു കൊലപാതകം. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചു.സംഭവത്തിൽ ജീവപര്യന്തവും മറ്റ് വിവിധ വകുപ്പുകൾ പ്രകാരം 24 വർഷത്തെ തടവ് ശിക്ഷയുമായിരുന്നു വിചാരണ കോടതി വിധിച്ചത്. 50 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications