ജലീലിന് മുഖ്യമന്ത്രിയും നൽകിയ പിന്തുണ അഴിമതിക്കുള്ള കഞ്ഞിവെയ്പ്പ്; വിമർശിച്ച് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം; മന്ത്രി കെടി ജലീലിനെതിരായ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ലോകായുക്തയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചത് സംസ്ഥാന സർക്കാരിന്റെ അഴിമതി നിറഞ്ഞ ജീർണിച്ച മുഖം പൊതുസമൂഹത്തിനു മുന്നിൽ ഒന്നുകൂടി വെളിവാക്കാൻ സാഹചര്യമൊരുക്കിയെന്ന് ശോഭ പറഞ്ഞു. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് നടത്തിയ ബന്ധു നിയമനം അഴിമതിയുടെ പരിധിയിൽ വരുമെന്ന ലോകായുക്തയുടെ ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. തനിക്കു നേരെ അഴിമതി തെളിയിക്കപ്പെട്ടാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വെല്ലുവിളിച്ച ജലീൽ ആ കാര്യത്തിലെങ്കിലും ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.

അത്രയെങ്കിലും സംശുദ്ധമായ രാഷ്ട്രീയം ഈ നാട്ടിലെ ജനങ്ങൾ അർഹിക്കുന്നുണ്ട്. തന്റെ രക്തം ഊറ്റിക്കുടിക്കാൻ ശ്രമിച്ചവരെക്കുറിച്ച് വാചാലനാകുന്ന ജലീൽ ജനങ്ങളുടെ നികുതി പണവും അവസരങ്ങളും എത്രത്തോളം ഊറ്റിക്കുടിച്ചിട്ടാണ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുന്നത് എന്ന് ജനങ്ങളോട് വിശദീകരിക്കണം.ഇത്രമേൽ അഴിമതിയും സ്വജനപക്ഷപാതവും കൂടെ കൊണ്ട് നടക്കുന്ന കെ ടി ജലീലിന് അരിവാൾ ചുറ്റിക നക്ഷത്രമടയാളം അനുവദിക്കാത്തതിൽ സിപിഎം കാണിച്ച ജാഗ്രത എടുത്തുപറയേണ്ടതാണ്.
അതേസമയം കെ ടി ജലീലിന് ഈ സർക്കാരും മുഖ്യമന്ത്രിയും നൽകിയ പിന്തുണ അഴിമതിക്കുള്ള കഞ്ഞിവെയ്പ്പായിരുന്നെന്ന് ജനങ്ങൾ വിശ്വസിച്ചാൽ അതിൽ തെറ്റ് പറയാനില്ല. അതിനാൽ തന്നെ ആത്യന്തികമായി എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും ജലീലിന്റെ ബന്ധു നിയമനം അടക്കമുള്ള മുഴുവൻ വിഷയങ്ങളിലും മറുപടി പറയേണ്ടിവരും.












Click it and Unblock the Notifications