ഹർത്താലിന്റെ മറവിൽ അഴിഞ്ഞാടിയവർക്ക് മുട്ടൻ പണി.. പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് പോക്സോയും!
തിരുവനന്തപുരം: കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെന്ന പേരില്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തുടനീളം ഒരു കൂട്ടര്‍ അഴിഞ്ഞാടുകയാണുണ്ടായത്. സമൂഹ മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ ആക്രമിക്കപ്പെടുകയുമുണ്ടായി. വിവിധ ജില്ലകളില്‍ നിന്നായി നൂറ് കണക്കിന് പേരെയാണ് ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചത് അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്ക് മേലെ ചുമത്തിയിരിക്കുന്നത്. അക്രമം നടത്തിയവരെ കൂടുതല്‍ ശക്തമായ തരത്തില്‍ പൂട്ടാനാണ് സര്‍ക്കാര്‍ നീക്കം. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാനാണ് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയത്. ഹര്‍ത്താല്‍ ദിനത്തില്‍ കത്വ പെണ്‍കുട്ടിയുടെ പേരും ചിത്രവും വെളിപ്പെടുത്തിയതിനാണ് പോക്‌സോ ചുമത്തുന്നത്.

കത്വ പെണ്‍കുട്ടിയുടെ പേരും ചിത്രവും അടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉപയോഗിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. ഇവര്‍ക്ക് ഭാവിയില്‍ പോലീസ് ക്ലിയറന്‍സ് പോലും നല്‍കരുത് എന്നാണ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. പ്രതികള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രചരിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ച ശേഷമാവും പോക്‌സോ ചുമത്തുക. ഹര്‍ത്താല്‍ അക്രമങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായിരിക്കുന്നത് 405 പേരാണ്.
വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജയിലുകള്‍ നിറഞ്ഞിരിക്കുകയാണ്. അറസ്റ്റിലായവരില്‍ 115 പേര്‍ റിമാന്‍ഡിലാണ്. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റുണ്ടായേക്കും എന്നാണ് സൂചന. മുസ്ലീം ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications