ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട സോളാര്‍ കേസ് ഒത്തുതീര്‍പ്പിലേക്കോ?; ലീഗ് ഇടനിലക്കാരാകുന്നു?
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവെച്ച് ഒരുമാസമാകുമ്പോഴും ഇതുസംബന്ധിച്ച അന്വേഷണം മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍, ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ട കേസില്‍ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല.
നവംബര്‍ 9ന് നിയമസഭയുടെ മേശപ്പുറത്ത് സോളാര്‍ റിപ്പോര്‍ട്ട് വെച്ചശേഷമാണ് പ്രത്യേക സംഘത്തെ അന്വേഷണമേല്‍പ്പിച്ച് ഉത്തരവിറങ്ങിയത്. ഇതിനുശേഷം രാജേഷ് ദിവാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസില്‍ ധൃതി വേണ്ടെന്നും കൃത്യമായ അന്വേഷണം നടത്തിയശേഷം കേസെടുത്താല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശമെന്നാണ് വിവരം.

ഐജി ദിനേന്ദ്ര കശ്യപാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സരിത നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കേസെടുക്കണോ എന്ന കാര്യത്തില്‍ പോലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. കേസില്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനെ എല്‍ഡിഎഫില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.
മുസ്ലീം ലീഗിലെ ഉന്നതരായ ചില നേതാക്കള്‍ക്ക് സിപിഎമ്മിലും സര്‍ക്കാരിലും കാര്യമായ സ്വാധീനമുണ്ട്. ഇവരുടെ മധ്യസ്ഥതയില്‍ കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. അന്വേഷണം മന്ദഗതിയിലാക്കി കേസ് വഴിതിരിച്ചുവടാന്‍ ചിലര്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ കേസുണ്ടായാല്‍ അത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇടനല്‍കിയേക്കുമെന്ന് സിപിഎമ്മിനുള്ളിലും സംസാരമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുന്ന ഒരു തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അതേസമയം, സോളാര്‍ കേസില്‍ കാര്യമായ മുന്നേറ്റമില്ലെങ്കില്‍ ജനപിന്തുണ സര്‍ക്കാരിന് നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്.












Click it and Unblock the Notifications