'സ്വന്തമായി അന്വേഷിച്ച് കണ്ടെത്തിയത് ചില്ലറ കാര്യങ്ങളല്ല, സ്വപ്നയ്ക്ക് പിന്നില്‍ മറ്റാരോ', വെളിപ്പെടുത്തി സരിത
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വന്തം നിലയിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ചെറിയ കാര്യങ്ങൾ അല്ലെന്ന് സരിത എസ് നായർ. ഈ വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും സരിത ആരോപിക്കുന്നു.
സ്വപ്ന സുരേഷിന് പിറകിൽ ഒന്നോ രണ്ടോ പേരല്ലാതെ മറ്റാരൊക്കെയോ ഉണ്ടെന്നും സരിത പറഞ്ഞു. തന്നെ ഇതിലേക്ക് വലിച്ചിഴച്ചത് എന്തിന് വേണ്ടിയാണ് എന്ന് അറിയണമെന്നും സരിത റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

സരിത എസ് നായർ പറയുന്നത്: '' പിസി ജോര്‍ജിനെ കാണാന്‍ പോകുമ്പോള്‍ കൂടെ ഉണ്ടായിരുന്ന മകന്റെയും സഹായിയുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പിസി ജോര്‍ജ് തന്നെ ഇങ്ങോട്ട് വിളിച്ച കാര്യങ്ങള്‍ ആദ്യം മൊഴി കൊടുത്തപ്പോള്‍ ചോദിച്ചിരുന്നു. അതേക്കുറിച്ച് താന്‍ മൊഴി കൊടുത്തിട്ടുണ്ട്. 404 റൂമില്‍ പോയിരുന്നോ എന്ന് ചോദിച്ചു. പോയിരുന്നുവെന്ന് പറഞ്ഞു. പോയിരുന്ന ദിവസത്തെ സംഭവങ്ങളെ കുറിച്ചെല്ലാം മൊഴി കൊടുത്തിട്ടുണ്ട്.

താന്‍ വന്നിരുന്നു എന്നത് പിസി ജോര്‍ജും ക്രൈം നന്ദകുമാറും അംഗീകരിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ സാധിച്ചത്. താന്‍ ഇതിനകത്തേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായപ്പോള്‍ ചില കാര്യങ്ങള്‍ സ്വമേധയാ അന്വേഷിച്ചിരുന്നു. എന്തായിരുന്നു ഇവരുടെ ഉദ്ദേശം എന്ന് അറിയാന്‍ വേണ്ടി സ്വന്തമായ രീതിയില്‍ അന്വേഷിച്ചു. അതില്‍ കണ്ടെത്തിയത് ചില്ലറ കാര്യങ്ങളല്ല.

കേരളത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്ന ഒരു കളളക്കടത്ത് ശൃംഖലയുടെ വിവരങ്ങളാണ് കിട്ടുന്നത്. അത് പോലീസ് അന്വേഷിക്കണം. എന്നാലേ പൂര്‍ണമായ തലത്തിലേക്ക് കാര്യങ്ങള്‍ എത്തുകയുളളൂ. പൊതുജനമെന്ന രീതിയില്‍ ആര്‍ക്കും എന്തും സംസാരിക്കാം. അതിന് തെളിവുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവരുടെ മറുപടി തെളിവ് കയ്യിലില്ലെന്നും എന്‍ഐഎ കോടതിയിലാണ് ഫോണ്‍ എന്നാണ്.

ഇത്തരം കാര്യങ്ങളില്‍ ഫോണില്‍ മാത്രമുളള തെളിവ് വെച്ച് ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്‍ഐഎ തെളിവ് നശിപ്പിച്ചു എന്ന് പറഞ്ഞ് വേണമെങ്കില്‍ ഇവര്‍ക്ക് രക്ഷപ്പെടാം. തന്നെ ആളുകള്‍ എന്ത് പറഞ്ഞാലും ആരുടെ സൈഡാണ് എന്ന് പറഞ്ഞാലും പക്ഷപാതപരമായ നിലപാടല്ല സ്വീകരിക്കുന്നത്. ഇതിനകം നിരവധി വിവാദങ്ങളില്‍പ്പെട്ട വ്യക്തിയാണ് താന്‍. മറ്റൊരു വിവാദത്തിലേക്ക് കൂടി വലിച്ചിഴക്കാനുളള ശ്രമത്തെ ആണ് പരാജയപ്പെടുത്തുന്നത്.

തന്റെ നിലനില്‍പ്പിന്റെ വിഷയമാണ്. സര്‍ക്കാരിന്റെയോ കോണ്‍ഗ്രസുകാരുടെയോ ബിജെപിക്കാരുടെയോ അല്ല. ഒരു പാര്‍ട്ടിയുടേയും നിലനില്‍പ്പ് അല്ല താന്‍ നോക്കിയത്. തനിക്ക് ഇതില്‍ റോളില്ല. എന്നിട്ടും തന്നെ ഇതിലേക്ക് വലിച്ചിടാന്‍ നോക്കിയത് എന്തിനാണ്. അതൊരു ഗൂഢാലോചനയല്ലേ. ആരുടെയൊക്കെയോ വാ അടയ്ക്കാന്‍ വേണ്ടിയാണോ അവര്‍ ഇങ്ങനെ ഒരു നീക്കം നടത്തിയത് എന്ന് സംശയിക്കുന്നു.

ചില കാര്യങ്ങളൊക്കെ അന്വേഷിച്ചിട്ടുണ്ട്. കുറച്ചൊക്കെ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് വിശ്വാസം. ഇതിന്റെ പേരില്‍ അപവാദങ്ങള്‍ കേള്‍ക്കുന്നുണ്ട്. അതിനൊന്നും വില കൊടുക്കുന്നില്ല. ഇതിന്റെ ലക്ഷ്യം മനസ്സിലാക്കണം. ഇതുവരെ തലയും വാലുമില്ലാത്ത കഥകളാണ്. താന്‍ കുഴിയില്‍ നിന്ന് കയറി വരുമ്പോഴാണ് പിന്നെയും വലിച്ചിടുന്നത്. സരിതയെ അറപ്പാണെന്നും പിസി ജോര്‍ജിനെ അറിയില്ലെന്നും ആദ്യം സ്വപ്ന പറയുന്നു. പിന്നെ അറിയുമെന്ന് സമ്മതിക്കുന്നു. അവരുടെ പിന്നില്‍ മറ്റാരൊക്കെയോ ഉണ്ട്. ആരെ രക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത് എന്ന് അറിയണം''.
'സ്വർണം എത്തിച്ചത് ആ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി', തെളിവുണ്ടെന്ന് സരിത, രഹസ്യമൊഴി നൽകും