'ഇതുവരെ എച്ചില് തിന്ന പോരായ്‌മ മാറ്റി, സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പാന്റെ മോനല്ലേ അൻവർ'; ഹരീഷ് പേരടി
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും പോർമുഖം തുറന്ന് ഇടത് മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവറിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. അൻവർ മലപ്പുറത്തെ ചൊണയുള്ള ചെക്കൻ ആണെന്ന് തെളിയിച്ചതായി ഹരീഷ് പേരടി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി ആയ ബാപ്പയുടെ മകനല്ലേ അൻവർ എന്ന് ചോദിച്ച നടൻ അപ്പോൾ അങ്ങനെയേ വരുള്ളൂ എന്നും ചൂണ്ടിക്കാട്ടി.
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. ഇന്നലെ പിവി അൻവർ നടത്തിയ വാർത്താ സമ്മേളനം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു നടന്റെ അഭിപ്രായപ്രകടനം. ഇത്രയുംകാലം എച്ചിൽ തിന്ന പോരായ്‌മ മാറ്റിയെന്നാണ് അദ്ദേഹം പറഞ്ഞത്. കുറിപ്പിൽ മുഖ്യമന്ത്രിയെ പരോക്ഷമായി ഹരീഷ് പേരടി വിമർശിക്കുന്നുമുണ്ട്.

ഇല്ലാത്ത കഠാരയുടെ മുന്നിലൂടെ നടന്ന തള്ള് പോലെയല്ല അൻവറിന്റെ പാരമ്പര്യമെന്നും രാജാവ് നഗ്നൻ ആണെന്ന് അൻവർ പറഞ്ഞപ്പോൾ തനിക്ക് രോമാഞ്ചം ഉണ്ടായെന്നും മലപ്പുറം ഭാഷയിൽ കുറിച്ച് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഹരീഷ് പേരടി ചൂണ്ടിക്കാട്ടി. ഇപ്പോൾ നടക്കുന്നത് ഒരു സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരം ആണെന്നും അൻവർ മലപ്പുറത്തിന്റെ മാനം കാത്തുവെന്നും ഹരീഷ് പേരടി ചൂണ്ടിക്കാണിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
ഇടതുപക്ഷ തറവാട്ടിലെ അടുക്കളപുറത്തിരുന്ന്.. കാരണവരുടെ ആട്ടും തുപ്പും കേട്ട്.. ഇത്രയും കാലം എച്ചില് തിന്ന പോരായമ മാറ്റി വെച്ചാൽ...അൻവറെന്തായാലും മലപ്പുറത്തെ നല്ല ചൊണള്ള ചെക്കനാ...അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല അതങ്ങിനെയാവൂ..സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെ...അല്ലാണ്ടെ ഇല്ലാത്ത കത്തിന്റെ കഠാരന്റെ ഉള്ളുകൂടെ നടന്ന തള്ളല്ലല്ലോ...അവസാനം സത്യം പറയേണ്ടിവരല്ലോ...
ഇങ്ങള് നല്ല മലപ്പുറം ഭാഷലെ കേരളത്തോട് രാജാവ് ഉടുത്തത് അയിച്ചിട്ട് നടക്കാണ്ന്ന് പറയണത് കേക്കുമ്പം തന്നെ ഒരു രാഷ്ട്രീയ രോമാഞ്ചം ഇണ്ടായിന്..സ്വർണ്ണകച്ചോടത്തിലെ ഇക്ക്മത്ത് എന്തായാലും അൻവറക്കാ ഇങ്ങള് മലപ്പുറത്തിന്റെ രാഷ്ട്രീയ മാനം കാത്ത് ...ഇടതുപക്ഷ പാരമ്പര്യ തറവാട്ടില് കൂലി പണിക്ക് പോയ സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരം..സ്വാതന്ത്ര്യസമര സലാം.
മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വെല്ലുവിളിച്ച് അൻവർ
അതിനിടെ മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ പോരാട്ടം കൂടുതൽ ശക്തമാക്കുകയാണ് പിവി അൻവർ. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പോലും നേതൃത്വത്തെ വിമർശിക്കുമ്പോഴും ഇടത് അണികളെ ഒപ്പം നിർത്താൻ അൻവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ മുഹമ്മദ് റിയാസിന് എതിരെയുള്ള ആരോപണവും പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതാണ്.
മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചുവെന്നും തനിക്ക് പേടിയോ ആശങ്കയോ ഇല്ലെന്നുമാണ് അൻവർ ഏറ്റവും ഒടുവിൽ ഇന്ന് രാവിലെ പ്രതികരിച്ചത്. ജനകീയ കോടതിയുടെ മുന്നിലാണ് നിൽക്കുന്നതെന്നും സാധാരണ ജനങ്ങൾ തന്നെ മനസിലാക്കും എന്നാണ് പ്രതീക്ഷയെന്നും അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.












Click it and Unblock the Notifications