കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാന്റ് ചെയ്തത് നെടുമ്പാശ്ശേരിയിൽ.. ഇറങ്ങാതെ യാത്രക്കാർ
നെടുമ്പാശ്ശേരി: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട സ്‌പൈസ് ജെറ്റ് വിമാനം ഇറക്കിയത് നെടുമ്പാശ്ശേരിയിൽ. ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തത്. തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ചില യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല. എന്നാൽ കരിപ്പൂരിൽ റൺവേ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് പകൽ വിമാനം ഇറക്കാൻ സാധിക്കാത്തത് എന്നും അതുകൊണ്ടാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയതെന്നുമാണ് സ്‌പൈസ് ജെറ്റ് വിശദീകരിക്കുന്നത്.
വൈകിയെത്തിയ വിമാനം കരിപ്പൂർ ഇറക്കാതെ നെടുമ്പാശേരിയിൽ ഇറക്കിയതോടെയാണ് യാത്രക്കാരിൽ ഒരുവിഭാഗം പ്രോകോപിതരായത്. ബസ് മാർഗം യാത്രക്കാരെ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ചില യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാൻ തയ്യാറായില്ലെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ പറയുന്നു.

വിമാനം കരിപ്പൂരിൽ ഇറക്കാതെ നെടുമ്പാശ്ശേരിയിൽ ഇറക്കിയതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഉള്ള യാത്രക്കാർ ബുദ്ധിമുട്ടി. വലിയ ലഗേജുമായി ബസ്സിൽ യാത്ര ചെയ്യാൻ ആകില്ലെന്നാണ് യാത്രക്കാർ പരാതിപ്പെട്ടത്. ഇവരെ വിമാനത്തിൽ തന്നെ കരിപ്പൂരിലേക്ക് എത്തിക്കും.
കരിപ്പൂർ വിമാനത്താവളത്തിൽ ജനുവരി 15 മുതൽ പകൽ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റൺവേ റീ കാർപ്പെറ്റിംഗ് പ്രവർത്തനങ്ങൾ തുടങ്ങിയത് മൂലമാണ് നിയന്ത്രണം. ജനുവരി മുതൽ ആറുമാസത്തേക്ക് ആണ് രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ റൺവേ അടയ്ക്കുന്നത്. ഇത് പ്രകാരം വിമാന സർവീസുകളുടെ സമയം പുനക്രമീകരിക്കപ്പെടും












Click it and Unblock the Notifications