ശ്രദ്ധയുടെ മരണം; 'ഒറ്റപ്പെട്ട സംഭവമായി കേരളത്തിലെ അധികാരികള്‍ കാണരുത്'; പ്രതികരിച്ച് ഷെയിന്‍
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ മരണത്തില്‍ പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം രംഗത്ത്. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുന്‍കൂട്ടി കണ്ട് കോളേജ് അധികാരികളെ തന്റെ മക്കളെ ഏല്‍പ്പിക്കുമ്പോള്‍ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഷെയിന്‍ നിഗം പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും ഷെയിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ഷെയിന്‍ നിഗം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ
അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവണ്‍മെന്റ്തല അധികാരികളും കാണരുത്.
തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുന്‍കൂട്ടി കണ്ട് കോളേജ് അധികാരികളെ തന്റെ മക്കളെ ഏല്‍പ്പിക്കുമ്പോള്‍ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേള്‍ക്കണം, വേണ്ടപ്പെട്ട അധികാരികള്‍ കാണണം.... ഐക്യദാര്‍ഢ്യം നല്‍കണം...

അതേസമയം, കോളേജിലെ അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാന്‍ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപ്പൂര്‍വമായി വീഴ്ച വരുത്തിയെന്നും കുടുംബം പറയുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ പോലെ തന്നെ മാനേജ്‌മെന്റും ശ്രദ്ധയുടെ മരണത്തില്‍ ദു:ഖിതരാണെന്ന് കോളേജ് മാനേജര്‍ ഫാദര്‍ മാത്യു പായിക്കാട് പറഞ്ഞു.
ശ്രദ്ധ കുഴഞ്ഞുവീണു എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. താന്‍ തന്നെയാണ് സംഭവം പൊലീസിനെ നേരിട്ട് വിളിച്ച് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മരണ കാരണം അന്വേഷിക്കാന്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരു മാസത്തെ അവധിക്ക് ശേഷം കുട്ടി തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം ആയിരുന്നു ആത്മഹത്യ. ആത്മഹത്യാ ശ്രമം നടത്തിയ ഉടന്‍ പൊലിനെ വിവരം അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ശ്രദ്ധയെ അരോ ഹരാസ് ചെയ്തിട്ടുണ്ടെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞെന്ന് പിതാവ് മാധ്യമങ്ങളെ അറിയിച്ചു. എച്ച് ഒ ഡി എന്തൊക്കെയോ മകളോട് സംസാരിച്ചിട്ടുണ്ട്. ക്യാബിനില്‍ നിന്ന് പുറത്തേക്ക് പോയതോടെയാണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത് പോലെ തോന്നിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
കുട്ടി തലകറങ്ങി വീണതാണ് എന്നാണ് കോളേജ് അധികൃതര്‍ ഡോക്ടറോട് പറഞ്ഞത്, ആത്മഹത്യാശ്രമമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ കുട്ടിക്ക് ലഭിച്ചേനേ, കോളേജ് അധികൃതര്‍ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാഞ്ഞതെന്ന് ശ്രദ്ധയുടെ ബന്ധുവും ആരോപിക്കുന്നു.












Click it and Unblock the Notifications