ശ്രീജിത്ത് കൊല്ലപ്പെട്ടത് വിവാഹവാർഷികത്തിന് തൊട്ട് മുൻപ്.. മരണക്കിടക്കയിൽ ആവശ്യപ്പെട്ടത് ഒരുകാര്യം!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്തെ ആ കുഞ്ഞുവീട്ടില്‍ ഇനിയും തേങ്ങലുകള്‍ നിലച്ചിട്ടില്ല. ഇനിയൊരിക്കലും മകന്‍ തിരികെ വരില്ലെന്ന തിരിച്ചറിവില്‍ ഒരമ്മയും വിവാഹവാര്‍ഷികത്തിന് സമ്മാനവുമായി വരുന്ന ഭര്‍ത്താവിനെ കാത്ത് ഒരു ഭാര്യയും അച്ഛനെവിടെ എന്ന നിഷ്‌കളങ്കമായ ചോദ്യവുമായി ഒരു മൂന്നരവയസ്സുകാരിയും ഈ വീടിനകത്തുണ്ട്. അധികാരത്തിന്റെ കൈയ്യൂക്കിന് ഇരയായി ശ്രീജിത്ത് ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ ഇല്ലാതായത് ഒരു കുടുംബത്തിന്റെ അത്താണി കൂടിയാണ്.

പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി എന്നതിന് വീട്ടുകാര്‍ അടക്കമുള്ളവരാണ് സാക്ഷി. വീട്ടില്‍ നിന്ന് പിടികൂടിയപ്പോഴും പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷവും ശ്രീജിത്ത് അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി എന്നതിന് സഹോദരന്‍ സജിത്ത് സാക്ഷിയാണ്. തന്റെ പ്രാണന്റെ പാതിയെ പറിച്ചെറിഞ്ഞ ഒരാളെപ്പോലും വെറുതെ വിടരുതെന്ന് പറയുന്നു ശ്രീജിത്തിന്റെ ഭാര്യ അഖില.

അവസാനത്തെ ആഗ്രഹം

അവസാനത്തെ ആഗ്രഹം

ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ വീട്ടിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും രാഷ്ട്രീയപ്രവര്‍ത്തകരും നേതാക്കളുമെല്ലാം വന്നും പോയുമിരിക്കുന്നു. ഇവിടെയെത്തുന്നവരുടെ നെഞ്ചിലെല്ലാം ഒരു നോവായി അവശേഷിക്കുകയാണ് ശ്രീജിത്തിന്റെ മൂന്നരവയസ്സുള്ള മകളായ ആര്യനന്ദ. ആ വീടിനകത്ത് ചിരിച്ച് നടക്കുന്ന ആ മകള്‍ കാണുന്നവരുടെയെല്ലാം കണ്ണ് നനയ്ക്കുന്നു. തന്റെ പ്രിയപ്പെട്ട അച്ഛന്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ടു എന്നതൊന്നും ആ കുഞ്ഞിന് മനസ്സിലാകാനുള്ള പ്രായമായിട്ടില്ല. അച്ഛനെന്താ വരാത്തത് എന്ന ആ കുഞ്ഞിന്റെ ചോദ്യത്തിന് കണ്ണീരല്ലാതെ അഖിലയ്ക്ക് മറ്റൊരു മറുപടിയും നല്‍കാനുമില്ല. ആശുപത്രിക്കിടക്കയില്‍ വെച്ച് അഖിലയോട് ശ്രീജിത്ത് ഒരു കാര്യമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. അത് തന്റെ കുഞ്ഞുമകളെ ഒരുനോക്ക് കാണണം എന്നതായിരുന്നു.

വിവാഹ വാർഷികത്തിന് മുൻപ്

വിവാഹ വാർഷികത്തിന് മുൻപ്

ശ്രീജിത്തിന്റെയും അഖിലയുടേയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇത്തവണത്തെ വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിക്കാനുള്ള പദ്ധതിയിട്ടിരുന്നു ഇരുവരും ചേര്‍ന്ന്. എന്നാല്‍ ആ ആഘോഷങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ ശ്രീജിത്ത് പോയി. ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായ ഒരാളെ പോലും വെറുതെ വിടരുതെന്ന് അഖില പറയുന്നു. പാര്‍ട്ടി വളര്‍ത്താന്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ ഇല്ലാതാക്കിയത് തന്റെ ജീവിതമാണെന്നും അഖില പറയുന്നു. വരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ ദീപകാണ് ഒന്നാം പ്രതി. വീട്ടില്‍ ഉറങ്ങിക്കിടക്കവേയാണ് മഫ്ടി വേഷത്തിലെത്തിയ പോലീസുകാര്‍ ശ്രീജിത്തിനെ പിടിച്ച് കൊണ്ടുപോയതെന്നും അഖില വെളിപ്പെടുത്തുന്നു.

കുടൽ പൊട്ടിപ്പോയി

കുടൽ പൊട്ടിപ്പോയി

ആശുപത്രിയില്‍ വെച്ച് അഖില ശ്രീജിത്തിനെ കണ്ട് സംസാരിച്ചിരുന്നു. തന്റെ കുടല്‍ പൊട്ടിപ്പോയെന്നാണ് തോന്നുന്നതെന്നും പോലീസുകാര്‍ ചവിട്ടിയത് അടിവയറ്റിലാണ് എന്നും ശ്രീജിത്ത് അഖിലയോട് പറഞ്ഞു. ശരീരമാകെ നീരുവെച്ച നിലയിലായിരുന്നു ശ്രീജിത്ത് അപ്പോള്‍. ശ്രീജിത്തിന്റെ ദേഹത്ത് തൊട്ടപ്പോഴുള്ള ആ സ്പന്ദനം ഇപ്പോഴും തന്റെ കൈകളിലുണ്ടെന്ന് അഖില കണ്ണീരോടെ പറയുന്നു. സംസാരിക്കുമ്പോള്‍ ശ്രീജിത്തിന്റെ തൊണ്ടയില്‍ നിന്നും ശബ്ദം പുറത്തേക്ക് വ്യക്തമായി വരുന്നുണ്ടായിരുന്നില്ല. എന്നിട്ടും പറഞ്ഞത് തനിക്ക് ഓപ്പറേഷന്‍ നടത്തേണ്ട എന്നാണ്. കാരണം ഓപ്പറേഷനുള്ള പണം കയ്യിലോ വീട്ടിലോ ഇല്ലെന്ന് ശ്രീജിത്തിന് അറിയാമായിരുന്നുവെന്ന് പറയുമ്പോള്‍ അഖിലയുടെ ശബ്ദം വിറയ്ക്കുന്നുണ്ട്.

അഖിലയോടും ക്രൂരത

അഖിലയോടും ക്രൂരത

ശ്രീജിത്തിന്റെ മരണവിവരമറിഞ്ഞ് അഖില ബോധം കെട്ടുവീണു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഭര്‍ത്താവിന്റെ ചലനമറ്റ ശരീരം അവസാനമായി കാണാന്‍ അഖിലയെ വീട്ടിലേക്ക് കൊണ്ടുവന്നത്. വരുന്ന വഴിയില്‍ അഖില സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് തടഞ്ഞതായി പരാതിയുണ്ട്. ഗതാഗത നിയമം തെറ്റിച്ചുവെന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ പോലീസ് തടഞ്ഞുവെച്ചത്. ശ്രീജിത്തിന്റെ ഭാര്യയാണെന്നും വീട്ടില്‍ ഉടന്‍ എത്തേണ്ടതുണ്ടെന്നും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞുവെങ്കിലും പോലീസുകാരന്‍ വിട്ടയയ്ക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്ത് എത്തിയാണ് അഖിലയെ വീട്ടിലേക്ക് വിട്ടയച്ചത് എന്നാണ് ആരോപണം. ശ്രീജിത്തിന്റെ മരണം അഖിലയ്ക്ക് ഇ്‌പ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.

വെള്ളമെങ്കിലും കൊടുത്തിരുന്നെങ്കിൽ

വെള്ളമെങ്കിലും കൊടുത്തിരുന്നെങ്കിൽ

ടൈല്‍ പണിയെടുത്താണ് ശ്രീജിത്ത് കുടുംബം പുലര്‍ത്തിയിരുന്നത്. പണി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയ ശേഷം അച്ഛനൊപ്പം മീന്‍ പിടിക്കാനും പോകും. അന്ന് സ്‌റ്റേഷനില്‍ വെച്ച് മകന് കുറച്ച് വെള്ളമെങ്കിലും കൊടുക്കാന്‍ പോലീസുകാര്‍ സമ്മതിച്ചിരുന്നുവെങ്കില്‍ ഇന്ന് ശ്രീജിത്ത് ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് അമ്മ ശ്യാമള പറയുന്നു. ശനിയാഴ്ച രാവിലെ ശ്രീജിത്തിനെ കാണാന്‍ പോയപ്പോള്‍ സ്‌റ്റേഷന് അടുത്ത് എത്തുന്നതിന് മുന്‍പേ തന്നെ എസ്‌ഐ അലറുന്ന ശബ്ദം കേട്ടിരുന്നു. വക്കീലിനെക്കൊണ്ട് എസ്‌ഐയെ വിളിപ്പിച്ചപ്പോള്‍ മുകളില്‍ നിന്നും നല്ല സമ്മര്‍ദ്ദമുണ്ടെന്നാണ് പറഞ്ഞത്. തന്നെ ദൂരെ നിന്ന് കണ്ടപ്പോള്‍ തന്നെ വയറ് പൊട്ടിപ്പോകുന്നുവെന്ന് പറഞ്ഞ് അവന്‍ നിലവിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തന്നെയും ഭര്‍ത്താവിനേയും പോലീസ് മകന് വെള്ളം പോലും കൊടുക്കാന്‍ സമ്മതിക്കാതെ ആട്ടിപ്പായിച്ചുവെന്ന് ശ്രീജിത്തിന്റെ അമ്മ പറയുന്നു.

എസ്ഐ ദീപക് കമ്പി കൊണ്ട് അടിച്ചു.. ഷൂസിട്ട് കാൽ കൊണ്ട് ചവിട്ടിയരച്ചു! അന്ന് രാത്രി നടന്നത്!

മൂക്കിൽ നിന്നും രക്തം.. നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയ പാട്! ശ്രീജിത്ത് ക്രൂരമർദ്ദനത്തിന് ഇരയായി!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sreejith's custodial death: Wife Akhila against Police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്