കഞ്ചാവ് കേസ്; കോടതിയില്‍ രഹസ്യമൊഴി നല്‍കി ശ്രീനാഥ് ഭാസി; നടപടി മൊഴി മാറ്റാതിരിക്കാന്‍
ആലപ്പുഴ: സിനിമയിലെ നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസി കോടതിയിലെത്തി രഹസ്യമൊഴി നല്‍കി. ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്. മൊഴിയെടുപ്പ് ഒരു മണിക്കറിനകം പൂര്‍ത്തിയായി. കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ, മോഡല്‍ സൗമ്യ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
പ്രധാന പ്രതി തസ്ലീമയുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും സൗഹൃദവും സംബന്ധിച്ച് എക്‌സൈസിന് നല്‍കിയ മൊഴി വിചാരണ വേളയില്‍ മാറ്റുന്നത് ഒഴിവാക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കിയത്. ഇതിനായി അന്വേഷക ഉദ്യോഗസ്ഥര്‍ അപേക്ഷയും നല്‍കിയിരുന്നു.

കഞ്ചാവ് കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ ശ്രീജിത്തിന്റെ മൊഴിയും രേഖപ്പെടുത്തി. വാടകയ്ക്ക് നല്‍കിയ കാറാണെന്നും കാര്‍ വിട്ടുകിട്ടണമെന്നും കാട്ടി നേരത്തെ ശ്രീജിത്ത് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. റെന്റ് എ കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വാഹനം നല്‍കിയതിനാല്‍ ഉടമയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം അപേക്ഷ പിന്നീട് പരിഗണിക്കാനായിരുന്നു കോടതിയുടെ തീരുമാനം.
ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണെന്നായിരുന്നു മൊഴി. തസ്ലിമ കഞ്ചാവ് ഒളിപ്പിച്ച ഫ്‌ളാറ്റിന്റെ ഉടമ അമൃത, കോള്‍ ലിസ്റ്റിലും സാമ്പത്തിക ഇടപാടുകളിലും ഉള്‍പ്പെട്ട പ്രസൂണ്‍, അബ്ദു, കാര്‍ റെന്റിനെടുക്കാന്‍ ഉപയോഗിച്ച ലൈസന്‍സിന്റെ ഉടമ മഹിമ എന്നീ സാക്ഷികളുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും.












Click it and Unblock the Notifications