എല്ലാ മത്സ്യത്തൊഴിലാളികള്‍ക്ക് മാസം തോറും 3000 രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മാസം തോറും മൂവായിരം രൂപവീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. കോവിഡ്, പ്രകൃതിക്ഷോഭം എന്നിവ പരിഗണിച്ചാണ് സഹായം. ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കും കടലില്‍ പോകുന്നവര്‍ക്കും സഹായം ലഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ന്യൂനമര്‍ദം കാരണമുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 26 ദിവസങ്ങളില്‍ കടലില്‍പോകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3000 രൂപ വീതം നല്‍കുവാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത് കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന 1,28,676 കുടുംബങ്ങള്‍ക്കും 30,805 അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്കുമുള്‍പ്പെടെ 1,59,481 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുയെന്നും അദ്ദേഹം അറിയിച്ചു.
'ഒക്ടോബർ - നവംബർ മാസത്തിലെ പ്രകൃതിക്ഷോഭവും കോവിഡും ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളാൽ വലയുന്ന മത്സ്യമേഖലയ്ക്ക് ഒരു കൈത്താങ്ങ് നൽകുകയാണ് എൽ ഡി എഫ് സർക്കാർ. 1,59,481( ഒരു ലക്ഷത്തി അൻപത്തി ഒൻപതിനായിരത്തി നാനൂറ്റി എൻപത്തി ഒന്ന് ) മൽസ്യ തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ വീതം ഒറ്റത്തവണ സഹായം നൽകാൻ ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചു. 47.84 കോടി രൂപയാണ് ഇതിന് വേണ്ടി വരിക.- എന്നായിരുന്നു മന്ത്രിസഭ തീരുമാനം അറിയിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്.

ഈ വര്‍ഷം അവസാനം വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ സേവന കാലാവധി അദ്ദേഹം ചുമതലയേറ്റ 01.07.2021 മുതല്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിനല്‍കാനും മന്ത്രി സഭയോഗം തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്റെ മറ്റ് തീരുമാനങ്ങള്‍
*കെ-ഡിസ്‌ക് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം*
അഭ്യസ്തവിദ്യരായ
തൊഴിലില്ലാത്തവര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് കെ-ഡിസ്‌കിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന പദ്ധതിരേഖ തത്വത്തില്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും നടപടിക്രമങ്ങള്‍ പാലിച്ച് സര്‍ക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യണം. ബജറ്റ് തുകയ്ക്ക് പുറമെയുള്ള ധനകാര്യ വിഹിതം കണ്ടെത്തുന്നതിന് ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്ക്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവരുമായി ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ ആരായാനും ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെയും കേന്ദ്ര ധനകാര്യവകുപ്പിന്റെ അനുമതിയോടെയും പ്രാഥമിക കൂടിയാലോചന ആരംഭിക്കാനുമുള്ള കെ-ഡിസ്‌കിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കാനും തീരുമാനിച്ചു.
*തസ്തിക സൃഷ്ടിച്ചു*
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് സ്റ്റഡീസില്‍ ഡയറക്ടര്‍, പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ലാന്റ് റവന്യൂ വകുപ്പ് പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതും 31.03.2021 വരെ തുടര്‍ച്ചാനുമതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ 1,244 താത്ക്കാലിക തസ്തികകള്‍ 01.04.2021 മുതല്‍ സ്ഥിരം തസ്തികകളാക്കി മാറ്റാന്‍ തീരുമാനിച്ചു.
*സുപ്രീംകോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍*
ഹര്‍ഷദ് വി ഹമീദിനെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ വാദിക്കുന്നതിനുള്ള സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിക്കുവാന്‍ തീരുമാനിച്ചു.
*സര്‍ക്കാര്‍ ഗ്യാരന്റി*
കേരള കരകൗശല വികസന കോര്‍പ്പറേഷന് കേരള ബാങ്കില്‍ നിന്നും വായ്പ ലഭിക്കുന്നതിന് ആവശ്യമായ 5 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ തീരുമാനിച്ചു.
*നിയമപരിഷ്‌കരണ കമ്മീഷൻ റിപ്പോര്‍ട്ടിന് അംഗീകാരം*
കേരള നിയമപരിഷ്‌ക്കരണ കമ്മീഷന്റെ 15-ാമത് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. 2021 ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ ഭേദഗതികളോടെ അംഗീകരിച്ചു.
*ചട്ടം രൂപീകരിക്കും*
കേരള ബഡ്‌സ് ആക്ട് സെക്ഷന്‍ 38 (1) പ്രകാരം കേരള ബാനിംഗ് ഓഫ് അണ്‍ റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ചട്ടങ്ങള്‍ 2021 രൂപീകരിക്കാന്‍ തീരുമാനിച്ചു.












Click it and Unblock the Notifications