മികച്ച നടനുള്ള പുരസ്കാരം എനിക്കാണെങ്കില്‍ വാങ്ങിക്കില്ല: അദ്ദേഹത്തിന് കൊടുക്കുമെന്ന് അലന്‍സിയർ
കൊച്ചി: ഇത്തവണത്തെ മികച്ച നടനുള്ള അവാർഡിന് എന്തുകൊണ്ടും മമ്മൂട്ടി തന്നെയാണ് യോഗ്യനെന്ന് അലന്‍സിയർ. അദ്ദേഹത്തിന് പകരം എനിക്കായിരുന്നു പുരസ്കാരം തന്നിരുന്നതെങ്കില്‍ സ്വീകരിക്കില്ലായിരുന്നുവെന്നും താരം പറയുന്നു. അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടിയതിന് പിന്നാലെ മാധ്യമങ്ങളിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവാർഡ് ജൂറി ചെയർമാന്‍ ഗൗതം ഘോഷിനോട് പ്രത്യേകം നന്ദി പറയുന്നു. ഞങ്ങളെയൊന്നും പരിഗണിക്കാതെ ഒഴിവാക്കിയില്ലാലോ, അത് തന്നെ വലിയ കാര്യമാണ്. അദ്ദേഹം സംവിധായകന്‍ എന്നതില്‍ ഉപരി ഒരു നടന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ഒരു കഥാപാത്രമായി മാറാനുള്ള നടന്റെ വൈഷമ്യങ്ങളും പ്രശ്നങ്ങളുമൊക്കെ അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവുമെന്നും അലന്‍സിയർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ പോകുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഇവിടെ വന്നിരുന്നു. അപ്പോള്‍ എന്റെ ഭാര്യ പറഞ്ഞത് ഇത്തവണത്തെ അവാർഡാനായി മൂന്ന് പേരായിരിക്കും മത്സരത്തിന് ഉണ്ടായിരിക്കുകയെന്നായിരുന്ന്. ഒന്ന് മമ്മൂക്ക പിന്നെ കുഞ്ചാക്കോ ബോബനും ഞാനും. അതില്‍ തന്നെ കിട്ടാന്‍ യോഗ്യത കുഞ്ചാക്കോ ബോബനാണെന്നും അവള്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഞാന്‍ പ്രശ്നമുണ്ടാക്കുമെന്ന് പറഞ്ഞെന്നും അലന്‍സിയർ ചിരിച്ചുകൊണ്ട് പറയുന്നു.
എന്തായാലും ഞങ്ങള്‍ക്ക് മൂന്നുപേർക്ക് അവാർഡ് കിട്ടി. അത് സർക്കാർ തന്ന ഒരു ആദരവാണ്. ഇനി മരിക്കുമ്പോള്‍ ആറ് വെടിയാണ് കിട്ടാനിരിക്കുന്നത്. കഴിഞ്ഞ തവണ മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചതോടെ മൂന്ന് വെടി ഔദ്യോഗികമായി ഉറപ്പായിരുന്നു. ഇപ്പോള്‍ ഒരു മൂന്നെണ്ണം കൂടി ഉറപ്പായി. തമാശകള്‍ക്ക് അപ്പുറം ഒരു കലാകാരന് ലഭിക്കുന്ന ആദരവാണ് ഇത്. നിങ്ങള്‍ എന്നെ തിരിച്ചറിയുന്നതും വീടിന് മുന്നില്‍ ക്യാമറയുമായി നില്‍ക്കുന്നതും ആ ആദരവിന്റെ ഭാഗമായിട്ട് തന്നെയാണ് എനിക്ക് തോന്നുന്നതെന്നും മാധ്യമപ്രവർത്തകരോടായി താരം പറഞ്ഞു.
ഇത്തവണത്തെ പുരസ്കാരം അർഹതപ്പെട്ടത് മമ്മൂക്കയ്ക്ക് ആണെന്ന നല്ല ബോധ്യം എനിക്കുണ്ട്. അതുകൊണ്ടാണ് ഒരു മാധ്യമപ്രവർത്തകന്‍ കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ഇത്തവണ എനിക്ക് വേണ്ടെന്ന് പറഞ്ഞത്. എനിക്ക് തന്നാല്‍ ഞാന്‍ വാങ്ങിക്കില്ലായിരുന്നു. തന്നാല്‍ തന്നെ ആ അവാർഡ് ഞാന്‍ മമ്മൂട്ടിക്ക് കൊടുക്കുമെന്നും പറഞ്ഞു. പ്രത്യേകം പരാമർശം എന്ന് പറയുന്നതും വെറുതെയല്ല, എവിടെയോ എന്തൊക്കെയോ ഉണ്ടെന്ന് ആ ജൂറിമാർക്കും തോന്നിയതുകൊണ്ടാണ്.
അപ്പന്‍ എന്ന സിനിമ മജുവിന്റെ മിടുക്കാണ്. എനിക്ക് കിട്ടിയ ഈ ബഹുമതി സമർപ്പിക്കുന്നത് സംവിധായകനായ മജുവിനും കൂടെ വർക്ക് ചെയ്തവർക്കുമാണ്. അവരുടെ മിടുക്കാണ് എന്നെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. അവർ ഇല്ലെങ്കില്‍ ഞാനില്ല. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാന്‍ പ്രാർത്ഥിച്ചത്. മജുവും അംഗീകരിക്കപ്പെടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അലന്‍സിയർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications