അതിദരിദ്രമുക്ത സംസ്ഥാനം; സർക്കാരിനോട് ചോദ്യങ്ങളുമായി കെസി വേണുഗോപാൽ
അതിദരിദ്രമുക്ത സംസ്ഥാന പ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി കെസി വേണുഗോപാൽ. അതിദരിദ്രരില്ലാത്ത കേരളമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം ശുദ്ധ തട്ടിപ്പും കബളിപ്പിക്കലുമാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.കേരളത്തിലെ അതിദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്ക് കേന്ദ്രസർക്കാർ അരിയും ഗോതമ്പും നൽകുന്നുണ്ട്. പിന്നെങ്ങനെയാണ് 64,006 എന്ന അങ്ങേയറ്റം വ്യത്യസ്തമായ സംഖ്യയിലേക്ക് അതിദരിദ്രരുടെ എണ്ണം കുറയുന്നതെന്ന് വേണുഗോപാൽ ചോദിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
'ദരിദ്രരായ മനുഷ്യരുടെ ദുരിതപൂർണമായ ജീവിതം ലോകത്തിന് മുന്നിൽ മറച്ചുപിടിക്കാൻ ഗുജറാത്തിൽ മതിൽ കെട്ടിയൊരു ഭരണാധികാരിയെയാണ് ഈ നിമിഷം ഓർമ വരുന്നത്. അഞ്ചുവർഷങ്ങൾക്കിപ്പുറം നുണയുടെ ചീട്ടുകൊട്ടാരം കെട്ടിയുയർത്തപ്പെടുന്നത് ഇങ്ങ് കേരളത്തിലാണ്. അതിദാരിദ്ര്യ നിർമാർജനമെന്ന മോഹിപ്പിക്കുന്ന പ്രഖ്യാപനം കൊണ്ട്, അരികുവത്കരിക്കപ്പെട്ടൊരു ജനതയുടെ അവകാശങ്ങളെക്കൂടിയാണ് സംസ്ഥാന സർക്കാർ നിഷേധിക്കുന്നത്.

അതിദരിദ്രരില്ലാത്ത കേരളമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം ശുദ്ധ തട്ടിപ്പും കബളിപ്പിക്കലുമാണ്. ഇതിനെ പ്രതിരോധിക്കാനും സർക്കാരിനായി മേന്മ പറയാനും ഇറങ്ങിപ്പുറപ്പെട്ടവരോട് ചില ചോദ്യങ്ങളുണ്ട്.
1) കേരളത്തിലെ അതിദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്ക് കേന്ദ്രസർക്കാർ അരിയും ഗോതമ്പും നൽകുന്നുണ്ട്. പിന്നെങ്ങനെയാണ് 64,006 എന്ന അങ്ങേയറ്റം വ്യത്യസ്തമായ സംഖ്യയിലേക്ക് അതിദരിദ്രരുടെ എണ്ണം കുറയുന്നത്?
2) അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി എന്ന് സർക്കാർ പ്രഖ്യാപിച്ചാൽ, നിലവിൽ അരിയും ഗോതമ്പുമൊക്കെ സൗജന്യമായി ലഭിക്കുന്ന മഞ്ഞക്കാർഡ് ഉടമകൾക്ക് ഈ സഹായങ്ങൾ നിലയ്ക്കില്ലേ?
3) മഞ്ഞക്കാർഡ് മാറ്റിനിർത്തിയാൽ തന്നെ, എല്‍ഡിഎഫ് പ്രകടനപത്രികയില്‍ തന്നെ പരമദരിദ്രരായ 4.5 ലക്ഷം കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ 4.5 ലക്ഷം പേരില്‍ നിന്നും അതിദരിദ്രരുടെ എണ്ണം എങ്ങനെയാണ് 64,006 ആയി മാറിയത്?
4) 2011 ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ കേരളത്തിലുണ്ട്. ഇവരിൽ എത്രപേർ അതിദാരിദ്ര്യം അനുഭവിക്കുന്ന പട്ടികയിൽ പെടുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കണം.
ഇങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറുപടികൾ നൽകാതെ, പ്രഖ്യാപനങ്ങൾ നടത്തി കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് സർക്കാരിൽ നിന്നുണ്ടാകുന്നത്. അതുകൊണ്ടുതന്നെയാണ് പ്രഖ്യാപനച്ചടങ്ങിലേക്ക് ആളെക്കൂട്ടാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുന്നത് വരെ കാര്യങ്ങളെത്തി നിൽക്കുന്നത്. അതിദരിദ്രരും ദരിദ്രരുമൊന്നുമില്ലാത്ത കേരളം നമുക്ക് അഭിമാനം തന്നെയാണ്. അതുപക്ഷേ, അവകാശങ്ങൾ ഇല്ലാതാക്കിക്കൊണ്ട്, കള്ളക്കണക്ക് അവതരിപ്പിച്ചല്ല സൃഷ്ടിക്കേണ്ടത്. തെരഞ്ഞെടുപ്പിനുള്ള പിആർ സ്റ്റണ്ടായി വിശക്കുന്ന മനുഷ്യനെ കാണരുത്.












Click it and Unblock the Notifications