'ബില്ലുകൾ ഒപ്പിടാതെ പിടിച്ച് വെക്കുന്നു, കടുത്ത അനീതി', ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിയമോപദേശ പ്രകാരമാണ് സര്‍ക്കാര്‍ നീക്കം. നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നത്.
ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ ബുധനാഴ്ച രാത്രി ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ആരോപിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം ബില്ലുകള്‍ ഒപ്പ് വെയ്ക്കാതെ പിടിച്ച് വെക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. ആരിഫ് മുഹമ്മദ് ഖാന്‍ കടുത്ത അനീതിയാണ് കാട്ടുന്നത് എന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമാണ് അത് നിയമമായി മാറുക. ഗവര്‍ണര്‍ ഒപ്പിടാതെ നീട്ടിക്കൊണ്ട് പോകുന്നവയുടെ കൂട്ടത്തില്‍ സര്‍വ്വകലാശാല നിയമഭേദഗതി ബില്‍, ലോകായുക്ത ബില്‍ അടക്കമുളളവയുണ്ട്. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടുന്നില്ലെങ്കില്‍ അവ പുനപരിശോധിക്കാാനായി സര്‍ക്കാരിന് തിരിച്ച് അയക്കാവുന്നതാണ്. അതിന് ശേഷവും ബില്ലുകളില്‍ മാറ്റം വരുത്താതെ സര്‍ക്കാര്‍ തിരിച്ച് അയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. ഇത്തരത്തില്‍ ബില്ലുകളില്‍ ഒപ്പ് വെയ്ക്കാതെ ദീര്‍ഘനാള്‍ നീട്ടിക്കൊണ്ട് പോകാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് എത്തി. സര്‍ക്കാര്‍ നീക്കം തെറ്റാണെന്ന് പറഞ്ഞ സുധാകരന്‍ ഇത് അസാധാരണ സംഭവം ആണെന്നും വ്യക്തമാക്കി. ഗവര്‍ണര്‍ സര്‍ക്കാരിനും സര്‍ക്കാര്‍ ഗവര്‍ണര്‍ക്കും എതിരെ നടത്തുന്ന പോരാട്ടം ജനാധിപത്യത്തില്‍ സങ്കടകരമാണ്. പിണറായി വിജയന്‍ കേരളത്തിലെ ദുരന്തമാണെന്നും കെ സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications