ആശാവർക്കർമാരുടെ പേരിൽ തെറ്റിദ്ധാരണയുണ്ടാക്കിയതിന് സംസ്ഥാന സർക്കാർ മാപ്പ് പറയണം: കെ സുരേന്ദ്രൻ
കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നൽകാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാർലമെൻ്റിൽ പറഞ്ഞതോടെ ആശാവർക്കർമാരുടെ പേരിൽ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവർക്കർമാരുടെ സമരം നീതിക്ക് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇപ്പോഴും വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് യാഥാർത്ഥ്യം ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.
യുഡിഎഫ് എംപിമാർ സെക്രട്ടറിയേറ്റിൻ്റെ മുമ്പിൽ പോയാണ് സമരം ചെയ്യേണ്ടത്. എൻഎച്ച്എമ്മിൻ്റെ കേന്ദ്രവിഹിതത്തിൻ്റെ കണക്ക് പോലും ഇതുവരെ കേരളം നൽകിയിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവതരമാണ്. സംസ്ഥാന സർക്കാർ എന്തിനാണ് കണക്ക് മറച്ചുവെക്കുന്നത്. കേന്ദ്രഫണ്ടിൻ്റെ കാര്യത്തിൽ എല്ലാം കൃത്യമായ കണക്ക് നൽകാതെ സംസ്ഥാനം ഒളിച്ചു കളിക്കുകയാണ്. ഇത് അഴിമതിക്ക് വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആശാവർക്കർമാരുടെ വേതനം കൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണ്. സംസ്ഥാന സർക്കാർ ഓണറേറിയം വർദ്ധിപ്പിക്കാൻ തയ്യാറാവണം. ആശാവർക്കർമാർക്കുള്ള കേന്ദ്രവിഹിതം കിട്ടിയിട്ടും സംസ്ഥാന വിഹിതം നൽകാതിരിക്കുന്നത് മനുഷ്യത്വവിരുദ്ധമായ സമീപനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ആശാ വർക്കർമാരുടെ സമരം ഇന്ന് കോൺഗ്രസ് സഭയിൽ ഉയർത്തിയിരുന്നു. ' കഴിഞ്ഞ 30 ദിവസത്തിലധികമായി സമരം നടത്തുന്ന ആശാ വർക്കർമാരെ അവഹേളിക്കാനും ആ സമരത്തെ നിന്ദ്യമായ രീതിയിൽ കൈകാര്യം ചെയ്യാനുമാണ് സംസ്ഥാന സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് എംപി കെസി വേണുഗോപാൽ പറഞ്ഞു. ' ഓരോ ദിവസവും അവരെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും പരസ്‌പരം പഴി ചാരുന്നു. ആശാവർക്കർമാരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ യാതൊരു നടപടിയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്നില്ല. ഇരു സർക്കാരുകളും ഒരുപോലെ ഈ സമരത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇത് സാധാരണക്കാരുടെ സമരമാണ്. ഏറ്റവും കൂടുതൽ കരുണയർഹിക്കുന്ന വിഭാഗമാണ് ആശാ വർക്കർമാർ. അവർ കേരളത്തിന്റെ ആരോഗ്യ മേഖലയെ ശക്തമാക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്നവരാണ്. അവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന സമരത്തെ ചർച്ച ചെയ്‌ത് അവസാനിപ്പിക്കുന്നതിന് പകരം സമരത്തെ ഇല്ലായ്‌മ ചെയ്യാനാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് അനുവദിക്കാനാകില്ല. ഈ സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം.
2005-ൽ യുപിഎ സർക്കാർ അവതരിപ്പിച്ച ഈ പദ്ധതി 20 വർഷം തികച്ചു. ഈ 20 വർഷം കൊണ്ട് ആശാ വർക്കർമാരുടെ സേവനം രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് അവർ തെളിയിച്ചുകഴിഞ്ഞു. ഇത് മനസ്സിലാക്കിക്കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വ്യവസ്ഥകൾ അനുവദിക്കാനും സർക്കാർ തയ്യാറാകണം. 25 വർഷം ജോലി ചെയ്‌താലും പിരിഞ്ഞുപോകുമ്പോൾ വെറും കൈയോടെ പോകണമെന്ന അവസ്ഥയാണ് ആശാ വർക്കർമാരുടേത്. അവരെ തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകണം. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകണം. മിനിമം ഓണറേറിയം 21000 രൂപയാക്കി വർദ്ധിപ്പിക്കണം. ഇതെല്ലാം അവരുടെ ന്യായമായ ആവശ്യങ്ങളാണ്. ഈ ആവശ്യങ്ങൾക്ക് നേരെ കണ്ണടയ്‌ക്കുന്ന കേന്ദ്ര സർക്കാരിനെതിരെയാണ് ഇന്ന് പാർലമെന്റിന് മുന്നിൽ സമരം ചെയ്‌തത്. വരും ദിവസങ്ങളിൽ രാജ്യസഭയിലും ലോക്‌സഭയിലും ഈ പ്രശ്‌നം ഉന്നയിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്‌ത് ഈ വിഷയത്തിൽ പരിഹാരമുണ്ടാക്കണം', അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications