'കേരളം 2025 നവംബറോടെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും'; മേഖലയോഗങ്ങള്‍ വിജയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മേഖല അവലോകനയോഗങ്ങള്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖല അവലോകനയ യോഗങ്ങളില്‍ വലിയ ജനപങ്കാളിത്തമുണ്ടായി. മേഖല യോഗങ്ങള്‍ സംസ്ഥാന പുരോഗതിക്ക് പുതിയ ഊര്‍ജമായി. ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി പൂര്‍ത്തീകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 64000 ത്തോളം കുടുംബങ്ങള്‍ അതിദാരിദ്ര്യത്തിലാണ്.
ഇവരെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 2024 നവംബറോടെ 93% കുടുംബങ്ങളേയും അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനാകും എന്ന് മുഖ്യമന്ത്രി പറഞ്ഞു. 2025 നവംബറോട് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖല യോഗങ്ങള്‍ കൊണ്ട് സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് വികസന കാര്യങ്ങളില്‍ പരിഹാരം ആണ് ഉദ്ദേശിച്ചത് എന്നും മേഖലാ യോഗങ്ങള്‍ പുതിയ ഭരണ നിര്‍വഹണ ശൈലിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിദരിദ്ര കുടുംബങ്ങളെ സാമ്പത്തികമായി ഉയര്‍ത്താന്‍ വ്യക്തമായ മൈക്രോ പ്ലാന്‍ തയ്യാറാക്കി മോചിപ്പിക്കും എന്നും ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. മാലിന്യ മുക്ത നവകേരളം പദ്ധതി പുരോഗമിക്കുകയാണ് എന്നും ന്യൂനത കണ്ടെത്തി പദ്ധതി നടപ്പാക്കല്‍ ത്വരിതപ്പെടുത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയം നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. സംസ്ഥാനത്തിന്റെ സമസ്ത നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മേഖല യോഗങ്ങളില്‍ തെരഞ്ഞെടുത്ത 162 പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ട 697 പ്രശ്നങ്ങള്‍ കണ്ടെത്തി. അതില്‍ 582 എണ്ണം പരിഹരിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് എന്നും പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കും എന്നും അദ്ദേഹം പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കുന്നതിന് അവരുടെ മുന്നിലുള്ള വെല്ലുവിളികള്‍ നേരിട്ട് അറിഞ്ഞു പരിഹാരങ്ങള്‍ കണ്ടെത്താനും കഴിഞ്ഞു. നിലവില്‍ പുരോഗമിക്കുന്ന പ്രശ്നപരിഹാര നടപടികള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications