രാജസേനനും രാമസിംഹനും പോയി; ബിജെപിയില്‍ പകരമെത്തിയത് 'ചന്ദനമഴ' സംവിധായകന്‍
കോഴിക്കോട്: ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ജനപ്രിയ പരമ്പരയായിരുന്ന ചന്ദനമഴയുടെ സംവിധായകന്‍ ബി ജെ പിയില്‍ ചേര്‍ന്നു. ചലച്ചിത്ര സംവിധായകരായ രാജസേനനും രാമസിംഹന്‍ അബൂബുക്കറും നടന്‍ ഭീമന്‍ രഘുവും പാര്‍ട്ടി വിട്ടത് കനത്ത തിരിച്ചടിയായിരിക്കെയാണ് സുജിത് സുന്ദറിന്റെ ബി ജെ പിയിലേക്കുള്ള വരവ്. ജെ ഡി എസില്‍ നിന്നാണ് സുജിത് സുന്ദര്‍ ബി ജെ പിയിലേക്ക് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജെ ഡി എസില്‍ നിന്നുള്ള രണ്ടായിരത്തോളം പേര്‍ ബി ജെ പിയിലേക്ക് എത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് സുജിത് സുന്ദറും പാര്‍ട്ടി പ്രവേശനം തേടിയത്. ജെ ഡി എസ് സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു സുജിത് സുന്ദര്‍. ടെലിവിഷന്‍ സീരിയല്‍ രംഗത്ത് മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള സംവിധായകനാണ് സുജിത് സുന്ദര്‍. കലാകാരന്‍മാര്‍ക്ക് ബി ജെ പിയില്‍ അര്‍ഹിച്ച പ്രാധാന്യം ലഭിക്കുന്നില്ല എന്ന ആരോപണം ഉന്നയിച്ചാണ് രാജസേനനും രാമസിംഹന്‍ അബൂബുക്കറും ഭീമന്‍ രഘുവും പാര്‍ട്ടി വിട്ടത്.

ഈ പശ്ചാത്തലത്തിലാണ് സുജിത് സുന്ദറിന്റെ ബി ജെ പി പ്രവേശനം എന്നത് ശ്രദ്ധേയമാണ്. ഭീമന്‍ രഘുവും രാജസേനനും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളായിരുന്നു. രാജസേനനാകട്ടെ രാമസിംഹനൊപ്പം ബി ജെ പി സംസ്ഥാന നേതൃത്വത്തിലും അംഗമായിരുന്നു. രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേരും ബി ജെ പി ബന്ധം അവസാനിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം ഇവര്‍ പാര്‍ട്ടി വിട്ടത് സംബന്ധിച്ച കാര്യങ്ങളോട് സുജിത് സുന്ദര്‍ പ്രതികരിച്ചില്ല. എന്നാല്‍ കുടുംബ പ്രേക്ഷകര്‍ക്കായി ടെലിവിഷന്‍ വ്യവസായത്തിന്റെ ഭാഗമായ ഒരു കലാകാരനായതിനാല്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമെന്ന് സുജിത് സുന്ദര്‍ പറഞ്ഞു. എല്‍ ഡി എഫില്‍ സി പി എമ്മിന്റെ സഖ്യകക്ഷിയാണ് ജെ ഡി എസ്.
ഇടത് മുന്നണിയില്‍ ജനാധിപത്യ ബോധമില്ലെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞെന്നും വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ തങ്ങളെ അനുവദിച്ചില്ലെന്നും രാജി വെക്കാനുള്ള തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് സുജിത് സുന്ദര്‍ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് മന്ത്രിമാരാകുന്നവര്‍ പോലും നിശബ്ദത പാലിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പിയുടെ കേരളാ ഇന്‍ചാര്‍ജുമായ പ്രകാശ് ജാവദേക്കര്‍ ആണ് സുജിത് സുന്ദര്‍ അടക്കമുള്ളവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
തൃപ്പൂണിത്തുറ സ്വദേശിയാണ് സുജിത് സുന്ദര്‍. ഇതുവരെ ഇരുപതോളം ടി വി സീരിയലുകള്‍ സംവിധാനം ചെയ്തു. ചന്ദനമഴക്ക് പുറമെ സ്ത്രീജന്മം, ഓട്ടോഗ്രാഫ് എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ സീരിയലുകളില്‍ മറ്റ് ചിലത്. പാലോട് സന്തോഷ്, മനോജ് കുമാര്‍, കെ. പത്മനാഭന്‍, അഗസ്റ്റിന്‍ കോലഞ്ചേരി, നറുകര ഗോപി, അയത്തില്‍ അപ്പുക്കുട്ടന്‍, ടി. പി. പ്രേംകുമാര്‍, ഖമറുന്നിസ എന്നിവരും സുജിത് സുന്ദറിനൊപ്പം ബി ജെ പിയില്‍ ചേര്‍ന്നു.












Click it and Unblock the Notifications