'കൊച്ചിയില്‍ പെയ്ത മഴയില്‍ ആസിഡ് സാന്നിധ്യം': ആശ്വാസമായി സംസ്ഥാനത്ത് പരക്കെ വേനല്‍ മഴ

കൊച്ചി: ബ്രഹ്മപുരം തീപ്പിടുത്തതിന് ശേഷം കൊച്ചിയില്‍ പെയ്ത ആദ്യ മഴയില്‍ അമ്ല സാന്നിധ്യമെന്ന് ശാസ്ത്ര വിദഗ്ധർ. ആദ്യം പെയ്ത മഴത്തുള്ളികളില്‍ ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടെന്ന് ശാസ്ത്ര വിദഗ്ദന്‍ രാജഗോപാല്‍ കമ്മത്ത് വ്യക്തമാക്കുന്നത്. . മഴ പെയ്തപ്പോഴുണ്ടായ വെളുത്ത പത രാസസാന്നിധ്യത്തിന്റെ തെളിവാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെങ്കില്‍ ലിറ്റ്മസ് ടെസ്റ്റ് ഉള്‍പ്പടേയുള്ള പരീക്ഷണങ്ങള്‍ നടത്തണമെന്ന് വ്യക്തമാക്കിയ അദ്ദേഹം ലിറ്റ്മസ് ടെസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വിട്ടു. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ടതായിട്ടുള്ള യാതൊരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൊച്ചിയില്‍ പെയ്തത് അമ്ലമഴയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്ത് വന്നു. മഴത്തുള്ളികളുടെ പരിശോധന നടത്തുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രദീപ് കുമാര്‍ അറിയിച്ചു. വേനൽമഴയുടെ സാഹചര്യത്തിൽ ആസിഡ് മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകർ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊച്ചിയിലെ വായുവിൽ രാസമലിനീകരണ തോത് ക്രമാതീതമായി വർധിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെ ഈ വർഷത്തെ വേനൽ മഴയിൽ രാസപദാർഥങ്ങളുടെ അളവു കൂടുതലായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കി. 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കനത്ത വേനലില്‍ മഴയെത്തിയത് ആശ്വാസമായി. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പരക്കെ മഴ പെയ്തു. കോട്ടയം, പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയിൽ മഴ ലഭിച്ചു. വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച വരെ ഇടവിട്ടുള്ള വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. ഇന്ന് 4 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ വൈകിട്ടോടെ പത്തനംതിട്ടയടക്കമുള്ള ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു.
കേരള തീരത്ത് 17-03-2023 രാത്രി 11.30 വരെ 0.4 മുതൽ 0.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.












Click it and Unblock the Notifications