കേരളത്തിന് ഇരട്ടി മധുരം: സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും കേന്ദ്രമന്ത്രി, ബിജെപി മിഷന്‍ തുടരുന്നു
ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറില്‍ സുരേഷ് ഗോപിക്ക് പുറമെ ജോർജ് കുരന്യും മന്ത്രിയാകും. ഇന്ന് വൈകീട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുരേഷ് ഗോപി മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടാണ് ജോർജ് കുര്യന്റെ പേര് പട്ടികയില്‍ ഇടം പിടിക്കുന്നത്. ഇതോടെ മൂന്നാം നരേന്ദ്രമ മോദി സർക്കാറില്‍ കേരളത്തിന് രണ്ട് പ്രതിനിധികളായിരിക്കും ഉണ്ടാകുക.
ബി ജെ പി സംസ്ഥാന ജനസെക്രട്ടറിയായ ജോർജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയർമാന്‍ കൂടിയാണ്. പാർട്ടിയുടെ ന്യൂനപക്ഷ മുഖമായ ജോർജ് കുര്യന്‍ കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിർണ്ണായക പ്രവർത്തനങ്ങള്‍ നടത്തുന്ന നേതാവ് കൂടിയാണ്. ക്രൈസ്തവ വിഭാഗങ്ങളിലേക്ക് കൂടുതല്‍ കടന്ന് ചെല്ലാനുള്ള പാലമായിട്ടും ജോർജ് കുര്യന്റെ മന്ത്രി സ്ഥാനം മാറും.

പരമ്പരാഗത ഹൈന്ദവ വോട്ടുകള്‍ക്ക് പകരമായി ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടെ പിടിച്ച് കഴിഞ്ഞാല്‍ മാത്രമേ കേരളത്തില്‍ പാർട്ടിക്ക് വളരാന്‍ കഴിയൂ എന്ന് ബി ജെ പി നേരത്തെ മുതല്‍ തന്നെ മനസ്സിലാക്കിയ കാര്യമാണ്. നേരത്ത അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടേയുള്ളവരെ പാർട്ടിയിലെത്തിച്ചതും മന്ത്രിയാക്കിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഈ നീക്കങ്ങള്‍ ഗുണം ചെയ്തെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍ അത് കൂടുതല്‍ ശക്തമാക്കാനാണ് മൂന്നാം നരേന്ദ്ര മോദി സർക്കാറില്‍ ജോർജ് കുര്യനെ കൂടെ ഉള്‍പ്പെടുത്തുന്നത്.
മണിപ്പൂർ വിഷയത്തില്‍ ബി ജെ പി പ്രതിരോധത്തിലായെങ്കില്‍ കേരളത്തിലെ പല സഭ അധ്യക്ഷന്‍മാർക്കും പുരോഹിതന്മാർക്കും ബി ജെ പി സർക്കാറിനോടും പ്രധാനമന്ത്രിയോടുമുള്ള നിലപാടില്‍ ശക്തമായ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. തൃശൂരില്‍ ബി ജെ പി വിജയിച്ചതിലും ക്രിസ്ത്യന്‍ വോട്ടുകള്‍ നിർണ്ണായകമായി മാറിയിട്ടുണ്ട്.
അതേസമയം തന്നെ പത്തനംതിട്ട ഉള്‍പ്പെടേയുള്ള മേഖലയില്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഇതും കൂടെ പരിഗണിച്ചുകൊണ്ടാണ് സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനേയും കേന്ദ്ര മന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നത്. ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രനും വി മുരളീധരനുമായി അടുത്ത ബന്ധമുള്ള ജോർജ് കുര്യന് സഭാ നേതൃത്വത്തിന് ഇടയില്‍ സ്വീകാര്യതയുണ്ട്. നിരവധി വിഷയങ്ങളില്‍ സഭയ്ക്ക് ബി ജെ പിക്ക് നേതാക്കള്‍ക്കും ഇടയില്‍ ഒരു പാലമായി പ്രവർത്തിക്കാനും ജോർജ് കുര്യന് സാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications