'സുരേഷ് ഗോപി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, മനുഷത്വമുള്ള നേതാവ്, ബിജെപിക്ക് ഗുണം ചെയ്യും'; രാമസിംഹൻ
തിരുവനന്തപുരം: ബിജെപി കോർകമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ നിയമിച്ച കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് രാമസിംഹൻ.സുരേഷ് ഗോപിയുടെ വരവ് ഇപ്പോഴത്തെ മുരടിപ്പില്‍ മോചനമുണ്ടാകും. ജനങ്ങൾക്ക് താത്പര്യമുള്ളയാളാണ് അദ്ദേഹമെന്നും രാമസിംഹൻ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിലായിരുന്നു രാമസിംഹന്റെ പ്രതികരണം.

'അണികള്‍ അറിയാതെയുള്ള നീക്കങ്ങളും ഒതുക്കലുകളുമൊക്കെ അവസാനിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വത്തിന് തോന്നി കാണും. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിയത് കൊണ്ടാകണം ഇങ്ങനെയൊരു മാറ്റം. നിയമനത്തിൽ അതിയായ സന്തോഷമുണ്ട്. സുരേഷ് ഗോപിയുടെ വരവ് ഇപ്പോഴത്തെ മുരടിപ്പില്‍ മോചനമുണ്ടാകും. ജനങ്ങൾക്ക് താത്പര്യമുള്ളയാളല്ലെ. അദ്ദേഹത്തിനൊപ്പം ജനങ്ങളുണ്ടാകും, പ്രവർത്തകരും. സമൂഹം അംഗീകരിക്കുന്നവര്‍ ആളുകൾ നേതൃത്വത്തിലേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത്'.

'ചേരി തിരിഞ്ഞ് പല ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നവർ അല്ല , മനുഷ്യന്റേയും സമാജത്തിന്റേയും പ്രശ്നങ്ങൾ അറിയുന്നവർ നേതൃത്വത്തിലേക്ക് വരണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. സുരേഷ് ഗോപിയെ എനിക്ക് നന്നായി അറിയാം.അയാൾക്ക് മനുഷ്യന്റെ മനസ് മനസിലാക്കാൻ സാധിക്കും. അദ്ദേഹം തന്റെ പ്രൊഫഷന്റെ ഭാഗമായി എസി റൂമിലൊക്കെ ഇരിക്കുന്ന ആളായിരിക്കും. പക്ഷേ സമൂഹത്തിൽ അദ്ദേഹം ചെയ്യുന്നത് പോലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ? അദ്ദേഹം അത് കൊട്ടിഘോഷിച്ചിട്ട് നടന്നിട്ടുമില്ല'.

'1991 മുതല്‍ സുരേഷ് ഗോപിയെ എനിക്ക് അറിയാം. എന്തെങ്കിലും ആവശ്യം വരുമ്പോൾ ആരം അറിയാതെ അദ്ദേഹം വിളിച്ച് ചോദിക്കും.അതല്ലേ മര്യാദ. സിനിമ അദ്ദേഹത്തിന്റെ പ്രൊഫനാണ്. എംജിആറും ജയലളിതയും സിനിമാക്കാരാണ്. സിനിമയില്‍ നിന്ന് എത്രയോ പേര്‍ രാഷ്ട്രീയത്തിൽ എത്തിയിട്ടുണ്ട്. അവർ രാജ്യം ഭരിച്ചിട്ടുണ്ടല്ലോ. സിനിമയില്‍ നിന്ന് വന്നത് കൊണ്ട് രാജ്യം ഭരിക്കാന്‍ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തെ ഞങ്ങള്‍ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. സുരേഷ് ഗോപി ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. അദ്ദേഹം അങ്ങനെ വന്ന് കഴിഞ്ഞാൽ ജനങ്ങൾ മുഴുവൻ പിന്തുണക്കും'.

'തൃശ്ശൂരിൽ നിന്നം സുരേഷ് ഗോപിക്ക് കിട്ടിയ വോട്ടിന്റെ എണ്ണം നോക്കൂ. വേറെ ആർക്കാണ് അത്രയും വോട്ട് കിട്ടിയത്. ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് നേടി തന്ന വ്യക്തിയാണ് അദ്ദേഹം. പ്രവർത്തിക്കാൻ മൂന്നാ നാലോ മാസമോ ഒരു വർഷമോ കൊടുത്തിരുന്നെങ്കിലോ?അദ്ദേഹം ജയിച്ച് എംഎൽഎയോ എംപിയോ ആയേനെ. അവസാന നിമിഷം സ്ഥാനാർത്ഥിയാക്കിയതാണ് തോൽക്കാൻ കാരണമായത്. അദ്ദേഹത്തിനൊപ്പം ജനങ്ങൾ ഉണ്ട്'.

'സഹകരണ ബാങ്കിന്റെ കാര്യത്തിൽ സുരേഷ് ഗോപിയല്ലേ പ്രതികരിച്ചത്. സുരേന്ദ്രനോ മുരളീധരനോ സത്യാഗ്രഹം ഇരുന്നിരുന്നോ? അതാണ് നേതാവ്. ജനകീയമായിട്ടുള്ള കാര്യങ്ങളിൽ സമരം ചെയ്യുകയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് നേതാവ്. സമൂഹത്തിനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ അദ്ദേഹം തയ്യാറാകുന്നില്ലേ? ബി ജെ പി നേതാവ് അല്ലാത്ത അദ്ദേഹം സഹകരണ ബാങ്ക് വിഷയത്തിൽ അവിടെ പോയി കുത്തിയിരുന്നില്ലേ? ബാക്കി നേതാക്കളൊക്കെ എവിടെയായിരുന്നു'.

'നമ്മുടെ വളർച്ച താഴേക്കാണോ മുകളിലേക്കാണോ എന്ന് കണ്ടെത്താൻ കബിടി നിരത്തേണ്ട കാര്യമൊന്നുമില്ല. അത് തിരിച്ചറിയാനുള്ള നേതാക്കൾ വരണം. ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കളെ കാണണമെങ്കിൽ പാഴൂർ പടിക്കൽ പോയി കബിഡി നിരത്തേണ്ട അവസ്ഥയായിരിക്കുകയാണ്. പാർട്ടിയിലുള്ള ശക്തരായ നേതാക്കളെ തഴയുകയാണ്. പത്തും നാൽപതും വർഷം പ്രവർത്തിച്ച നേതാക്കൾക്ക് മിണ്ടാൻ വകുപ്പില്ല. ഞാൻ എന്തുകൊണ്ട് രാജിവെച്ചതെന്ന് എല്ലാവർക്കും അറിയാമല്ലോ'.

'തമിഴ്നാട്ടിലെ അണ്ണമാലയെ പോലൊരു നേതാവ് കേരളത്തിലും വേണ്ടേ? കേരളത്തിൽ ആഞ്ഞ് പിടിച്ചാൽ ആറല്ല 30 സീറ്റും കിട്ടും പക്ഷേ ആഞ്ഞ് പിടിക്കാൻ ആള് വേണം. ജനങ്ങളെ കൈയ്യിലെടുക്കാൻ കഴിവുള്ളവർ നേതൃത്വത്തിലേക്ക് വരണം. സ്മൃതി ഇറാനിയൊക്ക വിജയിച്ചത് ആരെയാണ് പരാജയപ്പെടുത്തിയത്. ഇതൊക്കെ കണ്ട് പഠിക്കണം, മറ്റ് സംസ്ഥാനങ്ങളിൽ ബി ജെ പി എങ്ങനെയാണ് വളരുന്നതൊക്കെ ഇവിടുത്തെ നേതാക്കൾ പഠിക്കണം', രാമസിംഹൻ പറഞ്ഞു.












Click it and Unblock the Notifications