സുരേഷ് ഗോപിയുടെ മാപ്പുകൊണ്ട് തീരില്ലെന്ന് വനിതാ കമ്മീഷന്‍: കഷ്ടം, എന്തൊരു അവസ്ഥയെന്ന് ബാബു രാജ്
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് ബി ജെ പി നേതാവും നടനുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ റിപ്പോർട്ട് തേടി വനിതാ കമ്മീഷന്‍. കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോടാണ് വനിതാ കമ്മീഷൻ പി സതീദേവി റിപ്പോര്‍ട്ട് തേടിയത്. വസ്തുനിഷ്ഠമായി പരാതി അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്. പരാതി ഗൗരവമുള്ളതാണെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.
മാപ്പുകൊണ്ട് അവസാനിക്കുന്ന വിഷയമല്ല ഇത്. സുരേഷ് ഗോപിയുടേത് തുറന്നുള്ള മാപ്പു പറയലായി മാധ്യമ പ്രവര്‍ത്തക കാണുന്നില്ല. തൊഴിലിടങ്ങളിൽ അന്തസോടെ, ആത്മവിശ്വാസത്തോടെ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിൽ നില നിൽക്കുന്ന സ്ത്രീ വിരുദ്ധ സമീപനങ്ങൾ മാധ്യമ രംഗത്തെ സ്ത്രീകളെയും ദേഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതൽ സമൂഹത്തിൽ ഉണ്ടാകണം. ഭാവിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.

പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ നടപടിയെടുക്കുകയും ചെയ്യും.. ഈ പ്രശ്നത്തിൽ പത്രപ്രവർത്തക യൂണിയന്റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടായത് അഭിനന്ദനാർഹമാണ്. മാധ്യമ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഒക്ടോബർ 31 ന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കാൻ തീരുമാനമായിട്ടുണ്ടെന്നും പി സതീദേവി അറിയിച്ചു.
അതേസമയം, സുരേഷ് ഗോപിക്ക് പിന്തുണയുമായി നടന്‍ ബാബു രാജ് രംഗത്ത് വന്നു. മാധ്യമ പ്രവർത്തകയോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് ബാബുരാജിന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ രാഷ്ട്രീയ കാരണമാകാം ഇത്തരത്തില്‍ മാപ്പ് പറയിപ്പിച്ചതെന്നാണ് ബാബു രാജ് കുറിക്കുന്നത്.
"കഷ്ടം എന്തൊരു അവസ്ഥ "... വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല ... കണ്ടിട്ടില്ല... ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചത് .... സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ." ബാബു രാജ് കുറിച്ചു.












Click it and Unblock the Notifications