സുരേഷ് ഗോപി ട്രാക്ക് മാറ്റി; ഇനി കലുങ്കല്ല, കോഫി ടൈംസ്, വിജയത്തിലേക്ക് നയിച്ച വഴി വീണ്ടും
തൃശൂര്‍: കലുങ്ക് സംവാദം ചൂടേറിയ വിവാദങ്ങള്‍ക്ക് സാക്ഷിയായ സാഹചര്യത്തില്‍ സുരേഷ് ഗോപി തന്ത്രം മാറ്റുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുമായി സംവദിക്കാന്‍ ഏറെ സഹാകരമായ കോഫി ടൈംസുമായി വീണ്ടും എത്തുകയാണ് കേന്ദ്രമന്ത്രി. തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും കൂടി വരുന്ന സാഹചര്യത്തിലാണിത്.
സുരേഷ് ഗോപിയോടൊപ്പം അല്‍പ്പ നേരം സംസാരിക്കാനും വികസന കാര്യങ്ങളിലെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുമുള്ള അവസരം എന്ന നിലയിലാണ് എസ്‌ജെ കോഫീ ടൈംസ് എന്ന പരിപാടി സംഘടിപ്പിക്കുന്നത്. കലുങ്ക് സംവാദം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരേഷ് ഗോപി നടത്തിയിരുന്നു. പലയിടത്തും വിവാദമാകുകയും ചെയ്തു...

കലുങ്ക് സംവാദം രാഷ്ട്രീയ എതിരാളികള്‍ മുതലെടുക്കുന്നു എന്ന വിമര്‍ശനം ബിജെപിക്കുള്ളിലും ഉയര്‍ന്ന സാഹചര്യത്തിലാണ് ചില മാറ്റം. കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ചിലര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന പ്രചാരണം അടുത്തിടെയുണ്ടായിരുന്നു. ഇക്കാര്യം ബിജെപി തള്ളുകയും ചെയ്തു. പല കലുങ്ക് സംവാദ വേദികളും രാഷ്ട്രീയ വിഷയങ്ങളില്‍ മറുപടി പറയാന്‍ മാത്രമുള്ള വേദിയാകുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നു.
ഈ സാഹചര്യത്തിലാണ് എസ്‌ജെ കോഫി ടൈംസ് എന്ന പേരില്‍ തൃശൂരില്‍ വീണ്ടും പരിപാടിയുമായി സുരേഷ് ഗോപി എത്തുന്നത്. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് പുതൂര്‍ക്കരയില്‍ പരിപാടി നടക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂരൂര്‍ ജില്ലയില്‍ ബിജെപി വലിയ പ്രതീക്ഷയിലാണുള്ളത്. പ്രത്യേകിച്ചും കുന്ദംകുളം നഗരസഭാ ഭരണം പിടിക്കാന്‍ സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.
ബിജെപിയില്‍ തര്‍ക്കം രൂക്ഷം
സംസ്ഥാനത്തെ ബിജെപിയില്‍ നേതാക്കള്‍ക്കിടയില്‍ പോര് മൂര്‍ച്ചിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പാര്‍ട്ടി നടത്തിയ സെക്രട്ടേറിയറ്റ് സമരത്തില്‍ കെ സുരേന്ദ്രനും വി മുരളീധരനും പങ്കെടുക്കാത്തത് ഭിന്നതയുടെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. മാത്രമല്ല, ഇവരെ നേതൃയോഗത്തിലേക്ക് ക്ഷണിക്കാത്തതും വിവാദമായിട്ടുണ്ട്.
നേരത്തെ നേതാക്കള്‍ക്കിടയില്‍ അതൃപ്തിയും പോരും ശക്തമായ വേളയിലാണ് കെ സുരേന്ദ്രനെ മാറ്റിയതും രാജീവ് ചന്ദ്രശേഖരനെ കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന അധ്യക്ഷനാക്കിയതും. എന്നാല്‍ ഇപ്പോള്‍ പികെ കൃഷ്ണദാസ് പക്ഷത്തിന് കൂടുതല്‍ അവസരം ലഭിക്കുന്നു എന്ന വിമര്‍ശനം സുരേന്ദ്രന്‍ പക്ഷത്തിനുണ്ട്. തങ്ങളുമായി കാര്യങ്ങള്‍ കൂടിയാലോചിക്കുന്നില്ല എന്ന വിമര്‍ശനവും മുരളീധരനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണം എന്നാണ് കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറന് നല്‍കിയിരിക്കുന്ന നിര്‍ദേശം.












Click it and Unblock the Notifications