തരൂരില്ലെങ്കില്‍ തിരുവനന്തപുരം സുരേഷ് ഗോപി ഇങ്ങെടുക്കും: വിജയം ഉറപ്പ്, പുതിയ നീക്കവുമായി ബിജെപി
തിരുവനന്തപുരം: 2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ സജീവമാക്കുകയാണ് ബി ജെ പി. കേരളത്തില്‍ സ്ഥാനാർത്ഥി ചർച്ചകള്‍ ഉള്‍പ്പടെ നേതൃതലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മറുവശത്ത് കോണ്‍ഗ്രസിലാവട്ടെ നിലവിലെ എംപിമാരില്‍ പലരും മത്സരത്തിനില്ലെന്ന് പറഞ്ഞ് പിന്മാറുകയാണ്.
ശശി തരൂർ ഉള്‍പ്പടേയുള്ളവരാണ് നിയമസഭ തിരഞ്ഞെടുപ്പിലേക്കാണ് മത്സരിക്കാന്‍ താല്‍പര്യമെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നത്. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് ബി ജെ പിയുടെ സ്ഥാനാർതഥി ചർച്ചകള്‍ മുന്നോട്ട് പോവുന്നത്.

ശശി തരൂർ ഉള്‍പ്പടേയുള്ളവർ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാവില്ലെന്ന് വ്യക്തമാക്കിയത് അനുകൂലമായിട്ടാണ് ബി ജെ പി കാണുന്നത്. ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ആലോചകനകളില്‍ വലിയ മാറ്റം വരുത്താനും ബി ജെ പി ഒരുങ്ങുകയാണ്. പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം, തൃശൂർ ലോക്സഭാ മണ്ഡലങ്ങളിലാണു മാറ്റത്തിന് ആലോചന.

എക്കാലത്തും ബി ജെ പിയുടെ പ്രതീക്ഷകളില്‍ ഏറ്റവും മുന്നിലുള്ള മണ്ഡലാണ് തിരുവനന്തപുരം. എന്നാല്‍ അവസാന നിമിഷ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടാനാണ് വിധി. കഴിഞ്ഞ തവണ കുമ്മനം രാജശേഖരന്‍ വലിയ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നെങ്കിലും യു ഡി എഫ് തരംഗത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു.

കോണ്‍ഗ്രസ് എന്ന പാർട്ടിയേക്കാളും യു ഡി എഫ് മുന്നണിയേക്കാളും ബി ജെ പി തിരുവനന്തപുരത്ത് പ്രധാന തടസ്സമായി കാണുന്നത് ശശി തരൂർ എന്ന വ്യക്തിയെയാണ്. തരൂരല്ലായിരുന്നെങ്കില്‍ കഴിഞ്ഞ തവണ തങ്ങള്‍ വിജയിച്ചേനെയന്നാണ് ബി ജെ പി നേതാക്കളുടെ അവകാശവാദം. ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ തരൂർ മത്സരിക്കാനില്ലെങ്കില്‍ മികച്ച സ്ഥാനാർത്ഥിയെ തന്നെയിറക്കി മണ്ഡലം പിടിക്കാനാണ് ബി ജെ പിയുടെ നീക്കം.

ശശി തരൂർ മൽസരിക്കുന്നില്ലെങ്കിൽ സുരേഷ് ഗോപിയെ തിരുവനന്തപുരത്തു മൽസരിപ്പിക്കാനാണ് ആലോചന. മികച്ച ജനപിന്തുണയുള്ള സുരേഷ് ഗോപി മത്സരിക്കാന്‍ ഇറങ്ങിയാല്‍ പാർട്ടിക്ക് അതീതമായ വോട്ടുകള്‍ ലഭിക്കും. അതോടൊപ്പം തന്നെ വ്യക്തിപരമായി തരൂരിന് ലഭിച്ച് പോന്നിരുന്ന വോട്ടുകളും സ്വന്തമാക്കാന്‍ സുരേഷ് ഗോപിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരത്ത് തരൂർ തന്നെ മത്സരിക്കുകയാണെങ്കില്‍ സുരേഷ് ഗോപിയെ വിജയ സാധ്യതയുള്ള തൃശൂരില്‍ വീണ്ടും ഇറക്കാനാവും ബി ജെ പി തീരുമാനിക്കുക. ആറ്റിങ്ങലിൽ യു എഡി എഫ് സ്ഥാനാർഥിത്വത്തിൽ നിന്ന് അടൂർ പ്രകാശ് മാറാന്‍ സാധ്യതയുണ്ട്. അങ്ങനെയങ്കില്‍ അവിടേക്ക് കേന്ദ്ര സഹമന്ത്രി കേ മുരളീധരന്‍ ബി ജെ പി സ്ഥാനാർത്ഥിയായി എത്തിയേക്കും. പത്തനംതിട്ടയും മാവേലിക്കരയും പാലക്കാടുമാണ് ബി ജെ പിയുടെ മുൻഗണനയിലുള്ള മറ്റു മൂന്നു മണ്ഡലങ്ങൾ.

കെ സുരേന്ദ്രന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ പാർട്ടി ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. കെ സുരേന്ദ്രന്‍ മത്സരത്തിനിറങ്ങാതെ പ്രധാനപ്പെട്ട ആറ് മണ്ഡലങ്ങളിലെ പ്രചരണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന ഒരു ആലോചനയും ബി ജെ പിയിലുണ്ട്. കേരള നേതാക്കളല്ലാതെ ജനപ്രീതിയുള്ള ദേശീയ നേതാക്കളേയും സംസ്ഥാനത്ത് കൊണ്ടുവന്ന് മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറടക്കം കേരളത്തില്‍ നിന്നും മത്സരിച്ചേക്കും.












Click it and Unblock the Notifications