വരുമാനം നിലച്ചു; മന്ത്രിയാകേണ്ട എന്ന് അന്നേ പറഞ്ഞതാണ്, പകരക്കാരനെ നിര്‍ദേശിച്ച് സുരേഷ് ഗോപി
കേന്ദ്രമന്ത്രി സുരേഷ് ഗോപി കണ്ണൂരില്‍ നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു. മന്ത്രിയാകാന്‍ ഒരിക്കലും താല്‍പ്പര്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം തന്നെ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യം പത്രക്കാരുടെ മുന്നില്‍ വച്ച് പറഞ്ഞതാണെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
തന്റെ വരുമാനം നിലച്ചിരിക്കുകയാണ് എന്നാണ് സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്ന കാര്യം. സിനിമാ അഭിനയമാണ് അദ്ദേഹം താല്‍പ്പര്യപ്പെടുന്നത്. തന്റെ മക്കള്‍ എവിടെയും എത്തിയിട്ടില്ലെന്നും പണം ഇനിയും സമ്പാദിക്കണമെന്നും വരുമാനം നിലച്ചുപോകാന്‍ പാടില്ലെന്നും സുരേഷ് ഗോപി പറയുന്നു. പകരക്കാരനായി കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് ഒരാളെ സുരേഷ് ഗോപി നിര്‍ദേശിക്കുകയും ചെയ്തു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നാണ് സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ആദ്യ ലോക്‌സഭാ എംപിയാണ് സുരേഷ് ഗോപി. അതുകൊണ്ടുതന്നെയാണ് കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. കേന്ദ്ര പെട്രോളിയം സഹമന്ത്രിയാണ് സുരേഷ് ഗോപി.
കണ്ണൂരില്‍ സദാനന്ദന്‍ എംപിക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി പദവി ഒഴിയാല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ബിജെപി അംഗത്വം 2016ലാണ് സുരേഷ് ഗോപി എടുത്തത്. അതുകൊണ്ടുതന്നെ ബിജെപിയുടെ രാഷ്ട്രീയത്തില്‍ പരസ്യമായി പ്രവര്‍ത്തിച്ചുള്ള പരിചയം കുറവാണ്. നേരത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. പിന്നീടാണ് ലോക്‌സഭയിലേക്ക് സുരേഷ് ഗോപി മല്‍സരിച്ചതും ജയിച്ചതും.
സുരേഷ് ഗോപി പറയുന്നത്
''ഒരിക്കലും പ്രാര്‍ഥിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് പത്രക്കാരോട് പറഞ്ഞത് മന്ത്രിയാകേണ്ട എന്നാണ്. സിനിമ തുടരണം. മന്ത്രിയായാല്‍ അതൊക്കെ വലിയ ബുദ്ധിമുട്ടാണ്. സിനിമാ അഭിനയം തുടരണം, ഒരുപാട് സമ്പാദിക്കണം. തന്റെ കുഞ്ഞുങ്ങള്‍ എവിടെയും എത്തിയിട്ടില്ല. ഒപ്പം വരുമാനം ആശ്രയിച്ച് നില്‍ക്കുന്ന ചിലരുണ്ട്. അവരെ സഹായിക്കണമെങ്കില്‍ പണവരുമാനം നിലയ്ക്കാന്‍ പാടില്ല. ഇപ്പോള്‍ നല്ല തോതില്‍ നിലച്ചിട്ടുണ്ട്....
സത്യം പറഞ്ഞാല്‍ ഞാന്‍ ഈ പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ്. 2016 ഒക്ടോര്‍ 28നാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ആറ് മാസത്തിനുള്ളില്‍ മെംബര്‍ഷിപ്പ് എടുക്കണം എന്ന് അറിയിച്ചതിനെ തുടര്‍ന്ന് വേഗം പോയി എടുക്കുകയായിരുന്നു. എന്റെ മനസില്‍ അതില്ലായിരുന്നു. ഏറ്റവും ഇളയ അംഗത്തിനാണ് മന്ത്രിസ്ഥാനം നല്‍കിയത്. ജനങ്ങള്‍ തിരഞ്ഞെടുത്തതിലുള്ള അംഗീകാരമാകാം. കേരളത്തില്‍ നിന്ന് ആദ്യത്തെ തിരഞ്ഞെടുത്ത എംപി എന്ന നിലയില്‍ പാര്‍ട്ടിക്ക് അങ്ങനെ ഒരു ഉത്തരവാദിത്തമുണ്ടാകാം...
ഇവിടെ വച്ച് ആത്മര്‍ഥതയോടെ പറയുന്നു, തന്നെ ഒഴിവാക്കി സദാനന്ദന്‍ മാസ്റ്ററെ മന്ത്രിയാക്കിയാല്‍ അത് പുതിയ ചരിത്രമാകും. അങ്ങനെ വന്നാല്‍ ഒരു സ്വാര്‍ഥതയുണ്ട്. താന്‍ ഒഴിഞ്ഞു കൊടുത്ത് കിട്ടിയ സ്ഥാനം എന്നു പറഞ്ഞ് ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൂടി അദ്ദേഹത്തെ കൊണ്ട് ചെയ്യിച്ചെടുക്കാന്‍ പറ്റുമെന്നും'' സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications