സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചത് അരമണിക്കൂർ കാെണ്ട്; കെ സ്മാർട്ടെന്ന് മന്ത്രി
തൃശൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സർട്ടിഫിക്കറ്റ് മുപ്പത് മിനുട്ടിൽ കൈമാറിയെന്ന് തദ്ദേശ വികസനം വകുപ്പ് മന്ത്രി എം ബി രാജേഷ്.
കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി.

ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ്, എന്നാണ് അദ്ദേഹം കുറിച്ചത്.
അതേ സമയം, സാധരാണക്കാർ സർട്ടിഫിക്കറ്റന് അപേക്ഷിക്കുമ്പോൾ എന്തായിരിക്കും എന്നത് കാണേണ്ടിയിരിക്കുന്നു, വമ്പൻമാർക്ക് ഏത് സർട്ടിഫിക്കറ്റും വേഗത്തിൽ ലഭിക്കും എന്നിങ്ങനെയുള്ള കമന്റുകൾ വന്നിരുന്നു, ഇതിന് മന്ത്രി മറുപടി നൽകിയിട്ടുണ്ട്. അപേക്ഷിച്ചയുടൻ തന്നെ സർട്ടിഫിക്കറ്റ് കിട്ടിയ എത്രയോ ആളുകൾ ഇവിടെ, ഈ പോസ്റ്റിൽ തന്നെ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ട്. കമന്റ് ബോക്സിലൂടെ ഒന്ന് കണ്ണോടിച്ചാൽ അത് ആർക്കും വായിക്കാനാവും.
ഏതൊരു അപേക്ഷകനും ചുരുങ്ങിയ സമയം കൊണ്ട് സേവനം ലഭിക്കുന്നു. എത്രയോ അനുഭവങ്ങൾ ഈ പേജിൽ തന്നെ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ടപ്പേ' എന്ന വാക്കാണ് മനോരമ പോലും കെ സ്മാർട്ടിൽ വിവാഹസർട്ടിഫിക്കറ്റ് എത്ര വേഗം ലഭിച്ചെന്ന് പറയാൻ ഉപയോഗിച്ചത്. അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഒരു ഓൺലൈൻ പ്ലാറ്റ്ഫോം സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നത് എന്നാണ് മറുപടി.
ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം കഴിഞ്ഞത്. തിരുവനന്തപുരം സ്വദേശി ശ്രേയസ് മോഹനുമായിട്ടായിരുന്നു വിവാഹം. ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിൽ പങ്കെടുത്തിരുന്നു. മലയാള സിനിമയിലെ പ്രമുഖരും വിവാഹത്തിന് എത്തി.












Click it and Unblock the Notifications