'പ്രധാനമന്ത്രിയെ കണ്ടു, കൂടിക്കാഴ്‌ചയ്ക്ക് പിന്നിൽ മറ്റ് അജണ്ടകൾ ഒന്നുമില്ല'; മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. സിറോ മലബാർ സഭ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള അനൗപചാരിക കൂടിക്കാഴ്‌ച ആയിരുന്നു ഇതെന്നും ക്രിസ്ത്യൻ സമൂഹം നേരിടുന്ന വിഷയങ്ങൾ കൂടിക്കാഴ്‌ചയിൽ പ്രതിപാദിച്ചില്ലെന്നും ആർച്ച് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
പാർലമെന്റ് മന്ദിരത്തിൽ വച്ച് നടന്ന കൂടിക്കാഴ്ച്ച 25 മിനിറ്റോളം നീണ്ടു. കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പമായിരുന്നു മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. കൂടിക്കാഴ്‌ചയ്ക്ക് പിന്നിൽ മറ്റ് അജണ്ടകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നും ആർച്ച് ബിഷപ്പ് പ്രതികരിച്ചു.

ആര്‍ച്ച് ബിഷപ്പ് തിരഞ്ഞെടുപ്പിന് ശേഷമുള്ള സൗഹാര്‍ദപരമായ ചര്‍ച്ച മാത്രമാണ് നടന്നത്. മണിപ്പൂരിലും രാജ്യത്ത് പലയിടത്തും ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ ചര്‍ച്ചയായില്ലെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ സന്ദർശനം ആയിട്ടല്ല അവര്‍ സ്വീകരിച്ചത്. ഒരു സൗഹാർദ സന്ദർശനമായിട്ടാണ് ഇതിനെ കണ്ടത്. അതുകൊണ്ട് അങ്ങനെയുള്ള വിഷയങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്ങനെയൊരു സാഹചര്യം സൃഷ്‌ടിക്കാന്‍ താനും ആഗ്രഹിച്ചില്ലെന്നും, പ്രധാനമന്ത്രി അക്കാര്യം പരാമര്‍ശിച്ചില്ലെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സഭയെ സംബന്ധിച്ചിടത്തോളം, ന്യൂനപക്ഷ സമൂഹമെന്ന നിലയ്ക്കും, ക്രൈസ്‌തവ സമൂഹമെന്ന നിലയ്ക്കുമുള്ള ചില അനുഭവങ്ങളും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം സിബിസിഐ യോഗത്തില്‍ ചര്‍ച്ചയായിരുന്നു.
എന്നാൽ അതൊന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ വിഷയമായില്ല. ഈ ചര്‍ച്ച അങ്ങനെയുള്ള ചര്‍ച്ചയായിരുന്നില്ല. ക്രൈസ്‌തവ സഭയ്ക്ക് നേരെയുണ്ടായ ആക്രമണം അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെ കണ്ട് പറയാന്‍ സിബിസിഐ തീരുമാനമെടുത്തിട്ടുണ്ട്. സിബിസിഐ മൂന്നു സഭകളുടെ കൂടി സംവിധാനമാണ്. ആ സംവിധാനം വഴി ഈ വിഷയം കേന്ദ്രത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ഒരു കത്തോലിക്ക സഭയുടെ മെത്രാന്‍ എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയെ കാണാന്‍ വന്നത്. എല്ലാ സഭകളെയും സംബന്ധിക്കുന്ന വിഷയം സിബിസിഐയുടെ ഭാരവാഹികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്നിലെത്തിക്കും. മാര്‍പാപ്പ ഇന്ത്യയില്‍ വരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തെ ക്രിസ്ത്യൻ സമൂഹത്തെ കൂടുതൽ അടുപ്പിക്കാൻ ബിജെപി നേതൃത്വം ശ്രമങ്ങൾ ആരംഭിച്ചതായി നേരത്തെ സൂചനകൾ പുറത്തുവന്നിരുന്നു. ഇടക്കാലത്ത് മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ അകന്ന സഭകളുടെ നേതൃത്വത്തെ ഒപ്പം ചേർക്കാൻ പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങിയതും അതിന്റെ ഭാഗമാണെന്നായിരുന്നു വിലയിരുത്തൽ. അതിനിടയിലാണ് പുതിയ സംഭവവികാസം.












Click it and Unblock the Notifications