Tanur boat accident: താനൂർ ബോട്ട് അപകടം: മരണ സംഖ്യ 22 ആയി, തിരച്ചില്‍ രാവിലെയും തുടരുന്നു, ബോട്ടുടമ ഒളിവില്‍
മലപ്പുറം: താനൂർ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. രാത്രി 7നും 7.40നും ഇടയിൽ തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍പ്പെട്ട 7 പേരുടെ നില ഗുരുതരമാണ്. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ്.
അറ്റ്‌ലാന്റിക് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. താനുർ സ്വദേശി തന്നെയായ നാസർ എന്നയാളുടെ പേരിലാണ് ബോട്ട്. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ ബോട്ടുടമ ഒളിവില്‍ പോയി. ബോട്ടിന് ഫിറ്റ്നസ് ലഭിച്ചതിൽ അടക്കം പരിശോധന നടക്കും. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് അറിയിച്ചു.

താനൂർ ഒട്ടുമ്പുറത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ ദുരന്തം ഏറെ നടുക്കമുളവാക്കുന്നതും അപ്രതീക്ഷിതവുമായിരുന്നെന്ന് സ്ഥലം എംഎല്‍എയും മന്ത്രിയുമായ വി അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഭ്യമായ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടക്കുകയാണ്. അപകടം രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. എങ്കിലും രക്ഷാപ്രവർത്തകരും നാട്ടുകാരും ഒറ്റക്കെട്ടായി രംഗത്തുണ്ട്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ എത്തിക്കാനും മതിയായ ചികിത്സ നൽകാനും നടപടി സ്വീകരിച്ചു.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി മൃതദേഹം വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തും.
മഞ്ചേരിയ്ക്ക് സമീപമുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ്. രാവിലെ 6 മണിക്ക് തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിക്കും. കഴിയുമെങ്കില്‍ കുറച്ച് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ കൂടി സജ്ജീകരണങ്ങളൊരുക്കി പോസ്റ്റുമോര്‍ട്ടം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് മന്ത്രിമാരായ കെ രാധാകൃഷ്ണൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിങ്കളാഴ്ച എത്തും. തിങ്കളാഴ്ച സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് നിശ്ചയിച്ച എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. രക്ഷാപ്രവർത്തനത്തിലും തുടർന്നുള്ള നടപടികളിലും മുഴുവൻ വിഭാഗങ്ങളുടെയും കൂട്ടായ പ്രവർത്തനം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും വി അബ്ദുറഹ്മാന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications