ഈ 5 ജില്ലക്കാർ അതീവ ശ്രദ്ധപുലർത്തുക; സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത
തിരുവനന്തപുരം: ഇന്നും നാളെയും ( ഏപ്രിൽ 13&14) തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 °C വരെ ( സാധാരണയെക്കാൾ 3°C മുതൽ 4°C വരെ കൂടുതൽ ) ഉയരാൻ സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും (സാധാരണയെക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
രാജ്യത്തും സംസ്ഥാനത്തും ബുധനാഴ്ച്ച റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ( 39°c) ഇന്നലെ പാലക്കാടും, കരിപ്പൂർ വിമാനതാവളത്തിലും ആയിരുന്നു രേഖപ്പെടുത്തിയത്. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപ്പെടുത്തിയ( 38.6°c ) ആയിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് .സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്നലെ രേഖപ്പെടുത്തിയിരുന്നു (36.2°c).

രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടും ഇന്നലെ മധ്യപ്രാദേശിലെ രാജ്ഗഡ് ( 43°c) രേഖപ്പെടുത്തി. സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്. വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.












Click it and Unblock the Notifications