സംസ്ഥാനം നവകേരളം എന്ന ലക്ഷ്യത്തിലേക്കെന്ന് ഗവര്‍ണര്‍; നിയമസഭാ സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. നവകേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരികയാണ് എന്നും അദ്ദേഹം പറഞ്ഞു.
വികസനനേട്ടങ്ങളില്‍ കേരളം മാതൃകയാണ്. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ദേശീയപാത വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സാമൂഹ്യസുരക്ഷയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലും കേരളം വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. നിരവധി ദുരന്തങ്ങളെ സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടതായി വന്നു എന്നും ഗവര്‍ണര്‍ പറഞ്ഞു.

സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ നേരിടേണ്ടി വന്നത്. വയനാട് പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വയനാട്ടില്‍ ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കേന്ദ്രവുമായി ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തിന് പദ്ധതി രൂപീകരിക്കും. അതിദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ നടപടി പുരോഗമിക്കുന്നു. 64006 അതി ദാരിദ്രരെ കണ്ടെത്തി അവരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കിയത് മുതല്‍ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയതില്‍ വരെ കേരളം നേട്ടത്തിന്റെ പാതയിലാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടം എടുത്തു പറയേണ്ടതാണ് എന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. .സഹകരണ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മികച്ച നേട്ടം കൈവരിച്ചു. കരിക്കുലം നവീകരണം ചരിത്രപരമായ നേട്ടമാണ് എന്നും നാലു വര്‍ഷ ബിരുദ കോഴ്‌സ് ഫലപ്രദമായി നടപ്പാക്കി എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് എന്നും ഗവര്‍ണര്‍ പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകള്‍ കുറഞ്ഞതും പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി. ജിഎസ്ടി വിഹിതം കുറഞ്ഞത് ധനകാര്യ കമ്മീഷനെ പരാതിയായി അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ നമസ്‌കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്.












Click it and Unblock the Notifications