ഉമ്മൻചാണ്ടിയെ കാണാൻ വന്ന മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപ്പെട്ടു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എസ്കോർട്ട് വന്ന ഫയർഫോഴ്‌സ് വാഹനം അപകടത്തിൽപ്പെട്ടു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് വരുമ്പോഴായിരുന്നു അപകടം . നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ വന്ന കണ്ടെയിനർ ലോറിയിലാണ് ഇടിച്ചത്.
ആലുവ ദേശത്ത് വച്ചായിരുന്നു അപകടം. ആർക്കും സാരമായ പരിക്കില്ല. ആലുവ ഗസ്റ്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി മടങ്ങുമ്പോൾ മറ്റൊരു ഫയർഫോഴ്‌സ് വാഹനം സുരക്ഷക്കായി ഒരിക്കിയായിരുന്നു യാത്ര തുടർന്നത്.

ഇന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജന്മദിനമായിരുന്നു. അദ്ദേഹത്തിന് പിറന്നാൾ ദിനത്തിൽ ആശംസ നേരാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്.
പിറന്നാൾ ആശംസകളറിയിക്കാൻ പിണറായി വിജയൻ നേരിട്ട് എത്തുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ആലുവ ഗസ്റ്റ് ഹൗസിലേക്ക് എത്തുകയായിരുന്നു . ഉമ്മൻചാണ്ടിയെ കാണാൻ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്.
ഉമ്മൻ ചാണ്ടിയെ പൊന്നാട അണിയിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. വൈകീട്ട് ആറരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയെ കാണാൻ നേരിട്ടെത്തിയത്. കുടുംബവുമായും അദ്ദേഹം സംസാരിച്ചു. മുഖ്യമന്ത്രിയെത്തുമ്പോൾ എം.പിമാരായ ജെബി മേത്തറും ആന്റോ ആന്റണിയും അൻവർ സാദത്ത് എം.എൽ.എയും ആലുവ പാലസിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ നിറഞ്ഞചിരിയോടെയാണ് ഉമ്മൻചാണ്ടി സ്വീകരിച്ചത്.
രോഗവിവരങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും കുടുംബാംഗങ്ങളോടും നേരിട്ട് ചോദിച്ചറിഞ്ഞു. പൂർണവിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി.
വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഈയാഴ്ച തന്നെ ജർമ്മനിക്ക് തിരിക്കും. നിരവധിപേരാണ് ഉമ്മൻചാണ്ടിക്ക് ആശംസയറിയിച്ച് രംഗത്തെത്തിയത്. നടൻ മമ്മൂട്ടിയും ഉമ്മൻ ചാണ്ടിക്ക് ആശംസ അറിയിക്കാൻ നേരിട്ടാണ് എത്തിയത്. നേരത്തെ, പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തകരും നേതാക്കളും കേക്ക് മുറിച്ചു. മമ്മൂട്ടിക്ക് പുറമെ, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, വ്യവസായി യൂസഫലി തുടങ്ങിയവര്‍ ഗസ്റ്റ് ഹൗസിലെത്തി ആശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications