സംസ്ഥാനത്ത് പോലീസ് രാജ് ; കിളികൊല്ലൂർ സംഭവത്തിൽ സർക്കാർ പോലീസുകാരെ സംരക്ഷിക്കുന്നുവെന്നും സുരേന്ദ്രൻ
ആലപ്പുഴ: സംസ്ഥാനത്ത് പോലീസ് രാജ് തുടരുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ ഭാ ഗത്തും പൊലീസിന്റെ മൂന്നാം മുറയും തട്ടികൊണ്ടു പോകലും തുടരുകയാണ്. കൊട്ടിയത്തെ സംഭവം ഇതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ മർദ്ദനത്തിൽ പൊലീസുകാരെ സംരക്ഷിക്കുകയാണ് സർക്കാർ. സൈനികനും സഹോദരനും പൊലീസിന്റെ ക്രൂര മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത് ഞെട്ടിക്കുന്നതാണ്. എന്നിട്ട് നിരപരാധിയായ ഇരുവരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. എന്നാൽ ഗുരുതരമായ കുറ്റം ചെയ്ത പൊലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
സൈനികന്റെ വിരലുകൾ തല്ലിയൊടിച്ച പൊലീസ് ഇനി നീയെങ്ങനെ തോക്കെടുക്കും എന്നാണ് ചോദിച്ചത്. നിന്റെ മൃതദ്ദേഹം ഇവിടുന്നു കൊണ്ട് പോവേണ്ടി വരുമെന്നാണ് സൈനികനോട് പൊലീസുകാർ പറഞ്ഞത്. ഇതിനെതിരെ കർശനമായ ശിക്ഷ ഈ പൊലീസുകാർക്ക് നൽകാൻ സർക്കാർ തയ്യാറാവണം. പ്രതികളായ പോലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുകയാണ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പോലീസ് അതിക്രമം കൂടുന്നത് ഗൗരവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. ക്രമസമാധാനം നടപ്പിലാക്കേണ്ട പോലീസുകാർ തന്നെ അത് നശിപ്പിക്കുന്ന അവസ്ഥായാണ്. സി പി എമ്മിന്റെ ഒത്താശയോടെയാണ് പോലീസുകാർ പ്രവർത്തിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
അതേസമയം സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ എസ് എച്ച് ഒ ഉൾപ്പടെ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തു. എസ് എച്ച് ഒ വിനോദ്, എസ് ഐ അനീഷ്, മണികണ്ഠൻ, ലോകേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രൂര മര്‍ദനം നടന്നതായുള്ള കമ്മീഷണറുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. തുടക്കത്തിൽ പോലീസിനെ സ്ഥലം മാറ്റാനായിരുന്നു നീക്കം. എന്നാൽ പ്രതിഷേധം കടുത്തതോടെ സസ്പെന്റ് ചെയ്യാൻ തീരുമാനിക്കുകായായിരുന്നു.
എം ഡി എം എയുമായി കരിക്കോട് ജങ്ഷനില്‍നിന്ന് ഓഗസ്റ്റ് 25 ന് ദമ്പതികൾ അടക്കം നാല് പേർ പിടിയിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം.ഇവരെ കാണാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനിൽ അതിക്രമിച്ച് കയറാൻ നോക്കിയെന്നാരോപിച്ചാണ് പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. സൈനികനായ വിഷ്ണു സഹോദരന്‍ വിഘ്‌നേഷ് എന്നിവർക്കാണ് മർദ്ദനം ഏറ്റത്.












Click it and Unblock the Notifications