'സ്ഥിതി മാറിയത് അയാളുടെ പുറകെ കോൺഗ്രസ് പ്രവർത്തകർ ചെന്നപ്പോഴാണ്';ആക്രമണത്തിന് സാക്ഷിയായ യുവാവ് പറയുന്നു
കൊച്ചി; കോൺഗ്രസ്-ജോജു വിഷയത്തിൽ പ്രശ്നങ്ങൾക്ക് കാരണം ചില കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമാണെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയായ ഹരിമോഹൻ എന്ന യുവാവ്. സമരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ ജോജുവിന്റെ പ്രതിഷേധത്തെ പോലീസുകാർ സമാധാനപരമാക്കിവിട്ടിരുന്നു. സ്ഥിതി മാറിയത് അയാളുടെ പുറകെ ഏതൊക്കെയോ കോൺഗ്രസ് പ്രവർത്തകർ ചെന്നപ്പോഴാണ്. സ്വാഭാവികമായും അയാൾ പ്രകോപിതനായി. അവിടെയുണ്ടായ വാക്കുതർക്കങ്ങൾ തെറിവിളി വരെയായി നീണ്ടു. ഇരുവശത്തുനിന്നും അതുണ്ടായി. അതുവരെ മിണ്ടാതെ വാഹനത്തിലിരുന്ന ഒരുപാടാളുകൾ ജോജുവിനൊപ്പം ചേർന്നുവെന്ന് ഹരി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

ഇന്നു മുഴുവൻ സമയവും വൈറ്റിലയിൽ ഉണ്ടായിരുന്ന, സമരവും അതിനോടുള്ള പ്രതിഷേധവും കണ്ട വ്യക്തി എന്ന നിലയിൽ എഴുതുന്നതാണ്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധന വില വർധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിന്റെ മെറിറ്റിനെ ഒരു കാരണവശാലും ചോദ്യം ചെയ്യില്ല. ഇവിടെ ചോദ്യം ചെയ്തത് അക്കാര്യത്തിലുള്ള ഒരു സമര മാർഗത്തെയാണ്. രണ്ടു മിനിറ്റ് സിഗ്നലിൽ കിടക്കേണ്ടി വരുമ്പോൾ പോലും ജീവിതത്തിന്റെ പല സമയക്രമങ്ങളും തെറ്റിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ നേരിട്ടിട്ടുള്ള ഒട്ടനവധി മനുഷ്യരുണ്ട്. അതുകൊണ്ടുതന്നെയാണു വൈറ്റിലയും കുണ്ടന്നൂരും ഫ്ലൈഓവറുകൾ വന്നപ്പോൾ ഏറെ സന്തോഷം തോന്നിയതും.
ഇന്നും ആ സാമാന്യ വികാരം തന്നെയാകും ഏതൊരു മനുഷ്യനും ഉണ്ടാവുക. ഗതാഗത നിയന്ത്രണമൊക്കെ രാവിലെ പത്രത്തിൽ വായിച്ചു ബോധ്യപ്പെട്ടു വേറെ വഴിക്കു പോവുന്ന ഒരു ജനതയെയൊന്നും ഇവിടെ പ്രതീക്ഷിക്കരുത്. പത്രം വായിക്കുന്നവരുടെയും ദിനംപ്രതിയുള്ള വാർത്തകളുടെയുമൊന്നും അപ്ഡേഷൻ അറിയില്ലാത്ത ലക്ഷക്കണക്കിന് ആളുകൾ ഈ നാട്ടിലുണ്ട്. ദൂരവ്യാപകമായി പ്രത്യാഘാതം ഉണ്ടാകുന്ന ഒരു വിഷയമൊന്നും ബ്ലോക്കിൽ കിടന്ന ആ അരമണിക്കൂറിൽ കിടന്നു ചിന്തിക്കാനുള്ള മാനസികാവസ്ഥ ജനങ്ങൾക്കുണ്ടാവില്ല. ലക്ഷ്യസ്ഥാനത്തെത്തുക എന്നതിൽക്കവിഞ്ഞൊന്നും അവിടെ വിഷയമല്ല. ഒട്ടേറെ ആളുകൾ കാറിനുള്ളിലും ബൈക്കിലും ബസിലും ഇരുന്നു പ്രതികരിച്ചപ്പോൾ ഇറങ്ങിവന്നു പ്രതികരിച്ചയാളുടെ ലേബൽ സെലിബ്രിറ്റി എന്നതായതു മാത്രമാണ് അവിടെ തുടർന്നുണ്ടായ വിഷയങ്ങൾക്കു കാരണം.
സമരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ ജോജുവിന്റെ പ്രതിഷേധത്തെ പോലീസുകാർ സമാധാനപരമാക്കിവിട്ടിരുന്നു. ബൈറ്റ് എടുക്കാൻ ചെന്ന മാധ്യമപ്രവർത്തകരെ പോലും അതിന് അനുവദിക്കാതെ അയാൾ മടക്കിവിട്ടു. സ്ഥിതി മാറിയത് അയാളുടെ പുറകെ ഏതൊക്കെയോ കോൺഗ്രസ് പ്രവർത്തകർ ചെന്നപ്പോഴാണ്. സ്വാഭാവികമായും അയാൾ പ്രകോപിതനായി. അവിടെയുണ്ടായ വാക്കുതർക്കങ്ങൾ തെറിവിളി വരെയായി നീണ്ടു. ഇരുവശത്തുനിന്നും അതുണ്ടായി. അതുവരെ മിണ്ടാതെ വാഹനത്തിലിരുന്ന ഒരുപാടാളുകൾ ജോജുവിനൊപ്പം ചേർന്നു. അവിടം കൊണ്ട് അവസാനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചെങ്കിലും വാഹനം തടഞ്ഞു ചില്ല് അടിച്ചുപൊട്ടിച്ചത് (ആരായാലും) അതിഗുരുതരമായ സാഹചര്യമാക്കി അതു മാറ്റി.
ജോജുവിന്റെ സാമ്പത്തിക നിലയോ അയാൾ ഉപയോഗിക്കുന്ന ആഡംബര കാറോ ഒന്നും അയാളോടുള്ള പെരുമാറ്റത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ല. സൈക്കിളിൽ യാത്ര ചെയ്യുന്നവരും ആഡംബര കാറിൽ യാത്ര ചെയ്യുന്നവരുമൊക്കെ ആ വാഹനങ്ങൾ വാങ്ങിക്കുന്നത് അവർ കഷ്ടപ്പെട്ട് അധ്വാനിക്കുന്ന കാശുകൊണ്ടാണ്. "ഞങ്ങളെ ജീവിക്കാൻ അനുവദിച്ചാൽ മതി, പെട്രോളിനും ഡീസലിനും എത്ര വേണമെങ്കിലും കൂട്ടിക്കോട്ടെ" എന്ന ജോജുവിന്റെ പ്രതികരണം കണ്ട്, അയാളുടെ സാമ്പത്തികഭദ്രത അളന്ന്, ഇന്ധന വിലവർധനവിൽ അയാൾക്ക് ഒരു പ്രശ്നവുമില്ല എന്നൊക്കെ ന്യായകീരണ സിദ്ധാന്തം ചമയ്ക്കുന്നവർ മനസിലാക്കേണ്ടത്, അയാൾക്കു വ്യക്തിപരമായുണ്ടാകുന്ന വിഷയമല്ല ഇതെന്നാണ്. എത്രയേറെ ആളുകൾ ഇന്നാ ബ്ലോക്കിൽ കിടന്നിട്ടുണ്ടാവും. ജോലി ആവശ്യങ്ങൾ മുതൽ, ആശുപത്രി വരെ എത്രയെത്ര ആവശ്യങ്ങളുള്ളവർ. അതിൽ ഈ സമരമാർഗത്തെ അനുകൂലിക്കുന്ന ആളുകളെക്കാൾ എതിർക്കുന്ന എത്രയോ ആളുകളുണ്ടാവും. ഇന്ധന വിലവർധനവിൽ പ്രയാസപ്പെട്ടു നിൽക്കുന്ന ഒരു ജനതയെ വീണ്ടും ബുദ്ധിമുട്ടിക്കുക എന്നതിനപ്പുറത്തേക്ക് ഒന്നും തന്നെ ഇന്നത്തെ സമരത്തിൽ മെറിറ്റ് ആയി കാണാൻ കഴിഞ്ഞില്ല.
പ്രതിഷേധങ്ങൾ ഇന്ധന വിലവർധനവിനെതിരെ ഉണ്ടാകണം. ദിവസവും ഉണ്ടാകണം. ദേശീയ തലത്തിൽ കോൺഗ്രസ് നടത്തുന്ന സമരത്തോട് ഐക്യദാർഢ്യവുമുണ്ട്. പക്ഷേ ജനജീവിതം സ്തംഭിപ്പിക്കുക എന്നതു ജീവിതക്രമം തെറ്റിക്കുന്ന പരിപാടിയാണ്. അതുകൊണ്ടാണു ഹർത്താലിനും ബന്ദിനുമൊക്കെയുള്ള എതിർപ്പുകൾ യോജിപ്പുകളെക്കാൾ കൂടുതലാകുന്നത്. വഴി തടയുന്ന സമരമാർഗമാണു സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ, അതിനു കാരണമായ, വിലവർധനവിനെ ഒരുളുപ്പുമില്ലാതെ ഇപ്പോഴും ന്യായീകരിക്കുന്ന കേന്ദ്രമന്ത്രിമാരുടെയും നികുതിയിനത്തിൽ അഞ്ചു പൈസ പോലും കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാന മന്ത്രിമാരുടെയും വാഹനങ്ങൾ തടയുക. അതിൽ അറസ്റ്റ് ചെയ്യപ്പെട്ടാലും ഭൂരിപക്ഷം വരുന്ന ജനസമൂഹം ഒപ്പമുണ്ടാവും.
പൂർണമായും ഈ വിഷയത്തിൽ ആ ബ്ലോക്കിൽ കുടുങ്ങിക്കിടന്ന മനുഷ്യർക്കൊപ്പമാണ്. അതിൽ ലാൻഡ്റോവർ ഡിഫൻഡർ ഉള്ള ജോജുവായാലും ഒരു പ്രിവിലേജുമില്ലാതെ കെ.എസ്.ആർ.ടി.സി ബസിലിരുന്നു വാച്ച് നോക്കി ആശങ്കപ്പെട്ടിരുന്ന മനുഷ്യരായാലും.












Click it and Unblock the Notifications