'ആറ് മിനിറ്റ് കൊണ്ട് കൊടുക്കുന്നത് ആളുകളെ കൊല്ലാനുള്ള ലൈസൻസ്, ഡ്രൈവിംഗിനല്ല'; മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: മെയ് ഒന്ന് മുതൽ നൽകുന്ന ഡ്രൈവിംഗ് ടെസ്‌റ്റുകളുടെ എണ്ണം കുറയ്ക്കണമെന്ന തന്റെ നിർദ്ദേശത്തെ ഉത്തരവായി വളച്ചൊടിച്ചത് ചില ഉദ്യോഗസ്ഥൻമാർ ആണെന്നും അവർക്കെതിരെ നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നൽകുന്ന ലൈസൻസുകളുടെ എണ്ണം വെട്ടികുറയ്ക്കും എന്ന വാർത്ത പ്രചരിച്ചതിനെ പിന്നാലെ സംസ്ഥാനത്താകമാനം പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയുടെ വിമർശനം.
ഗതാഗത മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം നിരന്തരം വിവാദങ്ങളിൽ ചെന്നുപെടുന്ന ഗണേഷ് കുമാറിനെ തിരിച്ചടിയായി കൊണ്ട് ഇന്ന് രാവിലെയോടെ സംസ്ഥാനത്തെ ഒട്ടുമിക്ക ഇടങ്ങളിലും പുതിയ ഡ്രൈവിംഗ് പരിഷ്‌കരണത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ താൽക്കാലിക പരിഹാരമായി ഇന്ന് സ്ലോട്ട് ബുക്ക് ചെയ്‌തവർക്കെല്ലാം ടെസ്‌റ്റ് നടത്താനുള്ള അനുമതി മന്ത്രി നൽകിയിട്ടുണ്ട്.

ഡ്രൈവിംഗ് ടെസ്‌റ്റുകളുടെ എണ്ണം കുറയ്ക്കണമെന്നത് തന്റെ നിര്‍ദേശം മാത്രമായിരുന്നുവെന്നും ഉത്തരവല്ലായിരുന്നുവെന്നുമാണ് മന്ത്രി നൽകുന്ന വിശദീകരണം. എന്നാൽ ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അതിനെ വിവാദമാക്കി മാറ്റിയെന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്നും ഗണേഷ് കുമാർ ആരോപിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയെല്ലാം കണ്ടെത്തി നടപടി എടുക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിലെ ലൈസൻസ് നൽകുന്ന രീതിയെയും മന്ത്രി നിശിതമായി വിമർശിച്ചു. 'ആറ് മിനുറ്റ് കൊണ്ടാണ് ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നത്. ഈ ആറ് മിനുറ്റ് കൊണ്ട് നൽകുന്നത് ഡ്രൈവിംഗ് ലൈസൻസ് അല്ല, ആളുകളെ കൊല്ലാനുള്ള ലൈസൻസാണ്. ഡ്രൈവിംഗ് സ്‌കൂളുകൾ ഉൾപ്പെടെ പലരും കള്ളക്കളിയാണ് കളിക്കുന്നത്. ലൈസൻസ് നല്‍കുന്നതില്‍ കള്ളക്കളിയുണ്ട്' എന്നായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം.
അതേസമയം, ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ടെസ്‌റ്റിന് എത്തിയവരോട് 50 പേര്‍ക്ക് മാത്രമേ നടത്താൻ കഴിയുകയുള്ളൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. നിയന്ത്രണം നടപ്പാക്കിയാല്‍ ഇന്ന് സ്ലോട്ട് കിട്ടിയയിൽ ഒരുപാട് പേർ മടങ്ങി പോവേണ്ടി വരുമായിരുന്നു. ഇതിന് പിന്നാലെയാണ് ആളുകൾ പ്രതിഷേധിക്കാൻ തുടങ്ങിയത്.
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരിക്കുമെന്ന് കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റ ഉടൻ പ്രഖ്യാപിച്ച കാര്യമായിരുന്നു. ഇതിനായി 10 അംഗ സമിതിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ചാണ് പരിഷ്‌കാരങ്ങള്‍ കൊണ്ട് വരുന്നത്. ഇരുചക്ര വാഹനങ്ങളുടെ ടെസ്‌റ്റിന് കാലില്‍ ഗിയറുള്ള വാഹനം നിര്‍ബന്ധമാക്കി. കാര്‍ ലൈസന്‍സ് എടുക്കാന്‍ ഓട്ടോമാറ്റിക് ഗിയറുള്ള വാഹനം, ഇലക്ട്രിക് വാഹനം എന്നിവ ഉപയോഗിക്കാന്‍ പാടില്ല എന്ന നിബന്ധനയും കൊണ്ട് വരുന്നുണ്ട്.












Click it and Unblock the Notifications