കല്ലിനിവിടെ ക്ഷാമമൊന്നുമില്ല, വേണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കും; പരിഹസിച്ച് കോടിയേരി
തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരെന്ന് ആവര്‍ത്തിച്ച് സി പി ഐ എം സംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലിനെതിരായ സമരത്തില്‍ ആര് നുഴഞ്ഞ് കയറിയാലും അവരുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ലെന്ന് കോടിയേരി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ അവര് നടത്തിയ കാര്യങ്ങളൊക്കെ കണ്ടില്ലേ. കളക്ടറേറ്റിനും സെക്രട്ടറിയേറ്റിനും ഉള്ളില്‍ കൊണ്ടുപോയി കല്ലിടുക. ശരിക്ക് അടി കിട്ടേണ്ട സമരമല്ലേ ഇന്നലെ നടത്തിയത്. പക്ഷെ പൊലീസ് സംയമനം പാലിച്ചുവെന്നും ജനങ്ങള്‍ക്കെതിരായിട്ടുള്ള യുദ്ധമല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ടാണ് ഇന്നലെ പൊലീസ് സംയമനം പാലിച്ചത്. എല്ലാ സ്ഥലത്തും കല്ല് പിഴുതെറിയല്‍ സമരം നടത്തിക്കോട്ടെ. കല്ല് വേറെയും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. കല്ല് വേറെ ഉണ്ടാക്കും. അവര്‍ എടുത്ത് കൊണ്ടുപോയി എന്ന് വെച്ച് കല്ലിന് ക്ഷാമമൊന്നുമില്ല. കേരളത്തില്‍ കല്ലില്ലെങ്കില്‍ മറ്റ് സംസ്ഥാനത്ത് നിന്ന് കല്ല് കൊണ്ടുവന്നിടുകയും ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ മുന്നിലൊന്നും കീഴടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കെ റെയില്‍ സമരത്തിലൂടെ രണ്ടാം വിമോചന സമരത്തിനാണ് യു ഡി എഫും ബി ജെ പിയും ശ്രമിക്കുന്നതെന്ന് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സര്‍വേക്കല്ലുകള്‍ പിഴുതാല്‍ കെ റെയില്‍ പദ്ധതി ഇല്ലാതാവില്ലെന്നും കോടിയേരി വ്യക്തമാക്കി. കല്ല് വേണമെങ്കില്‍ എത്തിച്ചു നല്‍കാമെന്നും ചങ്ങാനാശ്ശേരി മാടപ്പള്ളിയിലെ സമരം ആസൂത്രിതമാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞിരുന്നു. മാടപ്പള്ളിയില്‍ കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും സമരത്തിനെത്തി. ചങ്ങനാശ്ശേരിയെ മത - സാമുദായിക നേതാക്കളുടെ സി പി ഐ എം വിരുദ്ധ കൂട്ടായ്മയുടെ ആസ്ഥാനമാക്കാനാണ് ശ്രമമെന്നും കോടിയേരി പറഞ്ഞു.

കെ റെയിലിന് എതിരേ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും ജനകീയ സമരമല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കല്ല് പിഴുതെറിഞ്ഞത് കൊണ്ട് ഒരു പദ്ധതി ഇല്ലാതാവില്ലെന്നും അങ്ങനെയെങ്കില്‍ ഏതു പദ്ധതിയും ഇല്ലാതാക്കാന്‍ അതിന്റെ ഭാഗമായിട്ടുള്ള തറക്കല്ല് നീക്കിയാല്‍ പോരേയെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസുകാര്‍ യു ഡി എഫ് ഭരണകാലത്ത് എത്ര കല്ലുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ ആ കല്ലുകള്‍ ഒന്നും പൊന്തിയിട്ടില്ലെന്ന് അവര്‍ക്കറിയാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എല്‍ ഡി എഫ് ഇട്ട കല്ല് യാഥാര്‍ഥ്യമാകുമെന്ന് അവര്‍ക്കറിയാം.

ഒരാള്‍ ഒരു കല്ല് എടുത്തുകൊണ്ടു പോയാലും അത് എവിടെയാണ് സ്ഥാപിച്ചതെന്ന് സര്‍വേ നടത്തി രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെന്നും അതുപോലും മനസ്സിലാക്കാതെ നൂറുകൊല്ലം മുന്‍പത്തെ സമരം ഇപ്പോള്‍ നടത്തിയിട്ട് വല്ല കാര്യവുമുണ്ടോയെന്നും കോടിയേരി ചോദിച്ചു. ഈ സമരം നടത്തി വെറുതെ സമയം കളയുന്നതിലും ഭേദം മറ്റെന്തെങ്കിലും ക്രിയാത്മകമായി ചെയ്യാവുന്നതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ബി ജെ പിയും ജമാത്തെ ഇസ്ലാമിയും എസ് ഡി പി ഐയുമൊക്കെ ഈ സഖ്യത്തിലുണ്ട്.
Recommended Video


രാഷ്ട്രീയത്തിന്റെ പേരില്‍ അവര്‍ യോജിക്കുന്നുവെങ്കില്‍ ആയിക്കോട്ടെ, എന്നാല്‍ സില്‍വര്‍ ലൈനിന്റെ പേരില്‍ വേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എട്ട് സംസ്ഥാനത്ത് ഇത്തരം പദ്ധതിയുണ്ടെന്നും എന്നാല്‍ അവിടെയൊന്നും കോണ്‍ഗ്രസ് സമരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ റെയിലിനു പകരം കെ സുധാകരന്‍ മുന്നോട്ട് വെച്ച ഫ്‌ളൈ ഇന്‍ കേരള എന്ന ബദല്‍ തമാശയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications