തിരുവനന്തപുരം ബിജെപിക്ക് കിട്ടാക്കനിയാവും? പാര്‍ട്ടിയില്‍ ആശങ്ക, വോട്ട് വീണ വഴികളില്‍ ഇടത് പ്രതീക്ഷ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെ വന്‍ പ്രചാരണ പരിപാടികളായിരുന്നു ബിജെപി അഴിച്ചു വിട്ടത്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച രണ്ടാം സ്ഥാനം ഇത്തവണ ഒന്നാം സ്ഥാനമാക്കി മാറ്റുമെന്നായിരുന്നു പ്രചാരണ ഘട്ടങ്ങളിലെല്ലാം ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള വിലയിരുത്തലുകളില്‍ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം തിരുവനന്തപുരത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ചത്ര വോട്ടിങ് ശതമാനം ഉയര്‍ന്നില്ലെന്നത് തന്നെയാണ് ബിജെപിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. അധികാരം നിലനിര്‍ത്താനായി സിപിഎമ്മും കൂടുതല്‍ ശക്തമായ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം താരതമ്യേന ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആകെ 69.76 ശതമാനം വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്.

പോളിങ് ശതമാനം
കോര്‍പ്പറേഷനില്‍ 59.73 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളില്‍ വെള്ളനാട് - 74.63, നെടുമങ്ങാട് - 71.56, വാമനപുരം - 71. 44, പാറശാല - 74.76, ചിറയിന്‍കീഴ് - 72.99, വര്‍ക്കല - 72.34, കിളിമാനൂര്‍ - 74.42, പെരുങ്കടവിള - 77.1, അതിയന്നൂര്‍ - 76.13, നേമം -73.83, പോത്തന്‍കോട്- 72.59 എന്നിങ്ങനെയുമാണ് പോളിങ് ശതമാനം.

അധികാരത്തില്‍ വരാതിരിക്കാന്‍
ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചതായും വിലയിരുത്തലുണ്ട്. ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താന്‍ തിരഞ്ഞെടുപ്പിന് മുമ്പ് 22 മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനം എടുത്തതായി നേരത്തെ വിവി രാജേഷ് ഉള്‍പ്പടേയുള്ള ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ ആരോപണം ഒരു പരിധിവരെ ശരിയാണെന്നാണ് വിലയിരുത്തല്‍.

രണ്ടാമത്തെ കക്ഷിക്ക്
ബിജെപി ജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ രണ്ടാമത്തെ കക്ഷിക്ക് വോട്ട് ചെയ്യുക എന്നതായിരുന്നു സംഘടനകളുടെ തീരുമാനം എന്നാണ് ബിജെപി ആരോപിച്ചിരുന്നത്. അതായത് ബിജെപി കഴിഞ്ഞ വര്‍ഷം വിജയിച്ച സീറ്റില്‍ രണ്ടാമത് എത്തിയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുക. അതുവഴി ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് വരുന്നത് തടയുക എന്നതായിരുന്നു തന്ത്രം.

വിഭാഗീയത
കൂടാതെ കഴിഞ്ഞ തവണത്തെ അത്ര ഒറ്റക്കെട്ടായിരുന്നില്ല പാര്‍ട്ടി. സംസ്ഥാന തലത്തിലുണ്ടായ വിഭാഗീയത താഴെ തട്ടിലേക്കും ചെറിയ തോതിലെങ്കിലും വ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ജില്ലാ നേതാക്കള്‍ ഉള്‍പ്പടേയുള്ളവരുടെ പാര്‍ട്ടി മാറ്റവും ഉണ്ടായി. ചില സീറ്റുകളിലെങ്കിലും വിമതരും ഭീഷണി ഉയര്‍ത്തിയിരുന്നു.

നേമത്ത്
നേമത്ത് തൂത്തുവാരലും കഴക്കൂട്ടത്ത് മികച്ച പ്രകടനവുമായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ വട്ടിയൂര്‍ക്കാവിലെ ഫലത്തെ കുറിച്ച് ബിജെപിക്ക് കൃത്യമായ ഒരു കണക്കുകൂട്ടലിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വികെ പ്രശാന്ത് വിജയിച്ച മണ്ഡലത്തില്‍ സിപിഎമ്മും ഇത്തവണ മികച്ച പോരാട്ടം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വികസന സമിതി
തിരുവനന്തപുരം വികസന സമിതിയുടെ സാന്നിദ്ധ്യവും ബിജെപിയെ അലട്ടുന്നുണ്ട്. ഇടതുവിരുദ്ധ വോട്ടുകള്‍ വരുമെന്ന ഉറപ്പിച്ച സീറ്റുകളില്‍ വോട്ടുകള്‍ പുതിയ പരീക്ഷണമെന്ന നിലയല്‍ വികസന സമിതിയിലേക്ക് പോവുമോയെന്നാണ് ആശങ്ക. യുഡിഎഫിനേയും ഇത് ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എതിര്‍ വോട്ടുകള്‍ വിഘടിച്ചു പോവുന്നത് സ്വാഭാവികമായും ഇടതുമുന്നണിക്ക് ഗുണം ചെയ്യും.

കന്നി വോട്ടില്‍
എന്നാല്‍ ബിജെപി വിജയപ്രതീക്ഷ കൈവിടുന്നില്ല. കന്നി വോട്ടില്‍ കൂടുതലും തങ്ങള്‍ക്ക് വീണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 2015 തെരഞ്ഞെടുപ്പില്‍ നിന്നും നേരിയ മൂന്നേറ്റമാണ് നിലവില്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നേരിയ മുന്നേറ്റം മാത്രമാണെങ്കില്‍ അതിലും വെല്ലുവിളികള്‍ ഉണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും കേവല ഭൂരിപക്ഷം നേടാനാവാതിരിക്കുകയും ചെയ്താല്‍ ബിജെപി അധികാരം പിടിക്കുന്നത് തടയാന്‍ യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചേക്കും.

പൊതു ധാരണ
ഇക്കുറിയും ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വരികയും കൂടുതല്‍ സീറ്റുകളോടെ ബിജെപി ഒറ്റകക്ഷി ആവുകയും ചെയ്താല്‍ ബിജെപിക്ക് ഒരു കാരണവശാലും ഭരണം നല്‍കരുതെന്നാണ് ഇരു മുന്നണികളുടേയും പൊതു ധാരണ. എല്‍ഡിഎഫിനാണ് കൂടുതല്‍ സീറ്റെങ്കില്‍ ബിജെപിയെ ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയായിരിക്കും യുഡിഎഫ് ചെയ്യുക. യുഡിഎഫിനാണ് ഭൂരിപക്ഷമെങ്കില്‍ എല്‍ഡിഎഫും ഇതേ രീതി സ്വീകരിക്കും

കഴിഞ്ഞ തവണ
100 അംഗ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ 2015 ല്‍ തവണ 43 സീറ്റ് നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 35 സീറ്റുകളോടെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. 21 സീറ്റുകളുമായി യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേവല ഭൂരിപക്ഷം നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നില്ല. എറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ബിജെപിയെ പിന്തുണക്കാന്‍ യുഡിഎഫ് തയ്യാറാവാതിരുന്നതോടെ ഇടതുമുന്നണി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയായിരുന്നു.












Click it and Unblock the Notifications