കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം പദ്ധതി ഗെയിം ചെയ്ഞ്ചർ; 'ആ തൊരപ്പൻ പണി ചെയ്തില്ലായിരുന്നെങ്കിൽ'..;തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: ഏതു പദ്ധതി ആയാലും കോട്ടങ്ങളോടൊപ്പം നേട്ടങ്ങളെയും പരിഗണിക്കണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ഇത്തരമൊരു നേട്ടകോട്ട വിശ്ലേഷണത്തിന് വിമർശകർ തയ്യാറാകുന്നില്ലായെന്നതാണു പ്രശ്നമെന്നും കെജിഒഎ സംഘടിപ്പിച്ച വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സെമിനാറിൽ തോമസ് ഐസക് പറഞ്ഞു.

10-1478756434-thomasisaac-11-1647102823-16

. വിഴിഞ്ഞം പദ്ധതിക്കു സംസ്ഥാന സർക്കാർ 6000-ത്തോളം കോടി രൂപ മുടക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അദാനിക്കു നൽകുന്ന തുകയ്ക്കു പുറമേ വിസൽ വഴി റോഡിനും റെയിൽവേക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടിവരുന്ന ചെലവ് ഇതിൽപ്പെടും. ഇതിൽ നല്ലപങ്കും ഇതിനകം മുതൽമുടക്കിക്കഴിഞ്ഞു. ഇതിന്റെ പലിശ ആയിരിക്കും ചെലവിൽ മുഖ്യം.
ഈ പ്രത്യക്ഷ കോട്ടം മാത്രം കണക്കാക്കിയാൽപോരാ. പരോക്ഷമായ കോട്ടങ്ങൾകൂടി കണക്കിലെടുക്കണം. അതിൽ പ്രധാനം തീരശോഷണം രൂക്ഷമാക്കാമെന്നതു തന്നെയാണ്. കടലിലേക്കുള്ള നിർമ്മിതികളുടെ വടക്കൻ പ്രദേശത്ത് തീരശോഷണവും തെക്കൻ പ്രദേശത്ത് തീരപോഷണവും ഉണ്ടാകുന്നുവെന്നതാണ് പൊതു അനുഭവം.

വിഴിഞ്ഞംമൂലം അങ്ങനെ ഉണ്ടായാൽ അത് പാരിസ്ഥിതിക-സാമൂഹിക പ്രശ്നങ്ങൾ രൂക്ഷമാക്കും. ഇതു ചെലവായി കാണണം. മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും. ഇതൊക്കെയാണ് സമരം ചെയ്തവർ ഉയർത്തിക്കാട്ടിയത്. ഈ ബാധ്യതകളെ പദ്ധതി ചെലവിൽ ഉൾക്കൊള്ളിച്ചേപറ്റൂ.
പദ്ധതിയിൽ നിന്നുള്ള നേട്ടം ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടായി തുറമുഖത്തെ വികസിപ്പിക്കുന്നതിനു നടത്തിപ്പുകാരനായ അദാനിയുടെ വിജയത്തെ ആശ്രയിച്ചിരിക്കും. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടെന്ന നിലയിൽ ഇന്ത്യാ സർക്കാരിനും താൽപ്പര്യമുണ്ട്. ഇന്ത്യയിൽ നിന്നുള്ള ട്രാൻസ്ഷിപ്പ്മെന്റ് ട്രാഫികിന്റെ ഗണ്യമായ ഭാഗം വിഴിഞ്ഞം വഴി ആക്കാനാകുമെന്നാണ് കരുതുന്നത്.

എന്നാൽ പോർട്ടിന്റെ നടത്തിപ്പിലെ ലാഭം മാത്രമല്ല പരോക്ഷമായി സൃഷ്ടിക്കപ്പെടുന്ന നേട്ടങ്ങൾകൂടി കണക്കിലെടുക്കണം. അതാണ് ക്യാപിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്മെന്റ് പദ്ധതി. ഇതിൽ 70 കിലോമീറ്റർ നാലുവരി റോഡിന്റെ പണം സാഗർമാല പദ്ധതിയിൽ നിന്നും അനുവദിച്ചു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കൽ അടക്കം ഏതാണ്ട് 10000 കോടി രൂപ ഇതിനു കേന്ദ്രത്തിൽ നിന്നും ലഭ്യമാകും. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു 50000 കോടി രൂപയുടെ നിക്ഷേപങ്ങളെ നോളജ് സിറ്റി, ലോജിസ്റ്റിക്സ് ഹബ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, ടൗൺഷിപ്പുകൾ എന്നിവയിലേക്ക് ആകർഷിക്കാനാണ് ക്യാപിറ്റൽ സിറ്റി റീജയൺ ഡെവലപ്പ്മെന്റ് പദ്ധതി ലക്ഷ്യമിടുന്നത്.തകർന്നുകൊണ്ടിരിക്കുന്ന റബർ മേഖലയിൽ ഇതിനുള്ള ഭൂമി ലാൻഡ് പൂളിംഗ് വഴി കണ്ടെത്തുവാൻ കഴിയും. ഈ ബൃഹത്തായ വികസന പദ്ധതിയാണ് വിഴിഞ്ഞംകൊണ്ട് കേരളത്തിനുണ്ടാകുന്ന യഥാർത്ഥ നേട്ടം.

ഇത്തരമൊരു നേട്ടകോട്ട വിശ്ലേഷണം വിഴിഞ്ഞം ഒരു ഗെയിം ചെയ്ഞ്ചർ ആണെന്നു വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ തിരിച്ചടിയുണ്ടാകുന്ന തീരദേശവാസികളുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടണം. ഇതിനു സർക്കാർ സ്വീകരിച്ച നടപടികൾ ദൗർഭാഗ്യവശാൽ സമരത്തിൽ തമസ്കരിക്കപ്പെട്ടു. ഒന്നാം പിണറായി വിജയൻ സർക്കാർ 212 ഫ്ലാറ്റുകൾ നിർമ്മിച്ച് ഈ പ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിച്ചു. യഥാർത്ഥത്തിൽ സിമന്റ് ഗോഡൗണിൽ കഴിയാൻ നിർബന്ധിതരായ കുടുംബങ്ങൾ കോവിഡു കാലത്തിനുശേഷമാണ് അവിടെ അഭയാർത്ഥികൾ ആയതെന്നാണ് ഇപ്പോൾ തെളിയുന്നത്.

പുനർഗേഹം പദ്ധതി പ്രകാരം മാറിതാമസിക്കേണ്ട 1665 കുടുംബങ്ങളാണ് പനത്തുറ മുതൽ വലിയവേളി വരെയുള്ള പ്രദേശത്തുള്ളത്. അതിൽ 963 പേർ മാറിതാമസിക്കാൻ തയ്യാറായിട്ടുണ്ട്. ഇതിൽ 84 പേർ ഭൂമി കണ്ടെത്തുകയും, 63 പേർ ഭൂമി രജിസ്റ്റർ ചെയ്യുകയും, 28 പേർ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.
പള്ളിയുടെയും പ്രദേശവാസികളുടെയും എതിർപ്പുകൊണ്ട് നിർമ്മാണം വൈകിയ സർക്കാർ ഫ്ലാറ്റുകളുടെ എണ്ണം ചെറുതല്ല. വലിയതുറ സെന്റ് ആന്റണീസ് പ്രദേശത്തെ മൂന്നേക്കർ തകർക്കം ഒരു ഉദാഹരണമാണ്. പക്ഷേ ഏറ്റവും വൃത്തികെട്ട കഥ അടിമലത്തുറ ഭാഗത്ത് സിആർഇസഡിന്റെ പേരിൽ 200 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് നിർമ്മാണം തടഞ്ഞതാണ്. എന്നിട്ട് ഈ ഭൂമി 200 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപവച്ച് വിറ്റു. ബാക്കി സ്ഥലത്ത് ഓഡിറ്റോറിയവും പണിതു. ഇത്തരം തൊരപ്പൻ പണികൾ ഇല്ലായിരുന്നെങ്കിൽ ഒരു 300 കുടുംബങ്ങളെയെങ്കിലും അധികമായി ഇതിനകം പുനരധിവസിപ്പിച്ചേനേ.

ഒരു സംശയവും വേണ്ട ഒരു മത്സ്യത്തൊഴിലാളി കുടുംബവും തുറമുഖംമൂലം അനാഥരാകില്ല. 99 കോടി രൂപയാണ് ഇതുവരെ 2600-ൽപ്പരം മത്സ്യത്തൊഴിലാളികൾക്കു മത്സ്യബന്ധന നഷ്ടപരിഹാരമായി വിതരണം ചെയ്തത്. ഇതിനു പുറമേയാണ് മത്സ്യത്തൊഴിലാളികൾക്കുള്ള വിദ്യാഭ്യാസ-ആരോഗ്യ-ക്ഷേമാനുകൂല്യ വർദ്ധന. നിശ്ചയമായും ഇനിയും പല ആവശ്യങ്ങളുണ്ടാകാം. ചെയ്തത് അപര്യാപ്തമാകാം. അതിനൊക്കെ പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. പക്ഷേ അവ പറഞ്ഞ് ഈ പദ്ധതി പാതിവഴിക്കു തടയുന്നതിന്റെ യുക്തിയെന്ത്?, ഐസക് ചോദിച്ചു.

English summary
Thomas isaac about How Vizhinjam Project Will be a game changer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X