Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയോട് എന്തുകൊണ്ട് ആ ചോദ്യം ആശാ വർക്കർമാർ ചോദിക്കുന്നില്ല?; കണക്കുകൾ നിരത്തി തോമസ് ഐസക്

ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾക്കുപരി സംസ്ഥാന സർക്കാരിനെതിരായ ഒരു രാഷ്ട്രീയ സമരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. എൽഡിഎഫ് സർക്കാർ തന്നെയാണ് വീണ്ടും 1000 രൂപ വർദ്ധന നൽകിയത്. അങ്ങനെയാണ് ഇൻസെന്റീവിന്റെ കേന്ദ്ര-സംസ്ഥാന വിഹിതവുംകൂടി ചേർത്താൽ കേരളത്തിലെ ആശാ വർക്കർമാർക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന തുകയായ 13500 രൂപ വരെ ലഭിക്കുന്ന സ്ഥിതിയുണ്ടായത്. കേന്ദ്ര വിവേചനം അവസാനിപ്പിക്കുമെങ്കിൽ ആശമാരുടെ ഹോണറേറിയവും പാവപ്പെട്ടവരുടെ ആനുകൂല്യങ്ങളും ഇനിയും വർദ്ധിപ്പിക്കും. പണമുണ്ടെങ്കിൽ അതിന് യാതൊരു മടിയുമില്ലാത്തവരാണ് ഇടതുപക്ഷമെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം- ആശാ പ്രവർത്തകർ സമരം ചെയ്യുകതന്നെ വേണം. പക്ഷേ, സ്ഥലം മാറിപ്പോയി. സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിലല്ല തൊട്ടടുത്ത കേന്ദ്ര സർക്കാരിന്റെ ഏജീസ് ഓഫീസിനു മുന്നിലാണ് സമരം ചെയ്യേണ്ടത്. ആരൊക്കെയാണ് ഇപ്പോൾ ഐക്യദാർഡ്യവുമായി വരുന്നത്? പ്രിയങ്ക ഗാന്ധി വരെ പ്രസ്താവിച്ചു കഴിഞ്ഞു. "യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശമാരുടെ വേതനം ഉയർത്തും". അവരെ ഒരനുഭവം ഓർമ്മിപ്പിക്കുകയാണ്. സമരം നയിക്കുന്ന എസ്.യു.സിക്കാരെയും.

Thomas Isaac

2007-ൽ സിഐടിയു സെക്രട്ടേറിയറ്റിനു മുന്നിൽ നീണ്ട സമരം നടത്തി. ചർച്ചയ്ക്കു വന്നത് മറ്റാരുമല്ല. സ. ഇളമരം കരീം ആയിരുന്നു. 600 രൂപ ഉണ്ടായിരുന്ന ഹോണറേറിയം 6000 രൂപായാക്കാമെന്നു പറഞ്ഞ് സമരം ഒത്തുതീർപ്പായി. എല്ലാവർഷവും 1000 രൂപ വച്ചു വർദ്ധിപ്പിക്കും എന്നായിരുന്നു ധാരണ. ആ ധാരണ ധനമന്ത്രി ആയിരുന്ന ഞാൻ പാലിച്ചു.

2016-ൽ വീണ്ടും ധനമന്ത്രി ആയപ്പോൾ ആശമാരുടെ ഹോണറേറിയം 6000 രൂപ തന്നെ. ഒരു രൂപ വർദ്ധിപ്പിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറായില്ല. അവരാണ് ഇപ്പോൾ ഇനി അധികാരത്തിൽ വന്നാൽ ഹോണറേറിയം വർദ്ധിപ്പിക്കാമെന്ന വാഗ്ദാനവുമായി വന്നിരിക്കുന്നത്.

ഏതായാലും എൽഡിഎഫ് സർക്കാർ തന്നെയാണ് വീണ്ടും 1000 രൂപ വർദ്ധന നൽകിയത്. അങ്ങനെയാണ് ഇൻസെന്റീവിന്റെ കേന്ദ്ര-സംസ്ഥാന വിഹിതവുംകൂടി ചേർത്താൽ കേരളത്തിലെ ആശാ വർക്കർമാർക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന തുകയായ 13500 രൂപ വരെ ലഭിക്കുന്ന സ്ഥിതിയുണ്ടായത്.
ഐക്യദാർഢ്യവുമായി ചെല്ലുന്ന മറ്റൊരു കൂട്ടർ സുരേഷ് ഗോപിയും ബിജെപിക്കാരുമാണ്. എന്തൊരു ബഹുമാനപുരസരമാണ് കേന്ദ്രമന്ത്രിയെ സമരപന്തലിൽ സ്വീകരിക്കുന്നത്. കേന്ദ്ര പദ്ധതിയല്ലേ? എന്തുകൊണ്ട് ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനം ഇതുവരെ പ്രഖ്യാപിച്ചില്ലായെന്ന് ഒരാളും ചോദിക്കുന്നില്ല. കേന്ദ്രത്തിന്റെ നക്കാപ്പിച്ചാ അലവൻസ് തന്നെ 100 കോടി രൂപ കുടിശികയാക്കിയതെങ്കിലും അടിയന്തരമായി കൊടുത്തുകൂടേ എന്നൊരു ചോദ്യവുമില്ല.

പറയാതവയ്യ. ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾക്കുപരി സംസ്ഥാന സർക്കാരിനെതിരായ ഒരു രാഷ്ട്രീയ സമരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.
അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. ശ്രീ. എ.കെ. ആന്റണിയാണ് അതു ചോദിച്ചത്. സംസ്ഥാന സർക്കാരിന് ഹോണറേറിയം വർദ്ധിപ്പിച്ച് സമരം നിർത്തിക്കൂടേ? അതിനുള്ള പാങ്ങ് ഇപ്പോൾ ഇല്ല എന്നതാണ് ഉത്തരം.

കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെതിരെ ഒരു സാമ്പത്തിക ഉപരോധം തന്നെ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 2.6 ശതമാനം ജനങ്ങൾ അധിവസിക്കുന്ന കേരളത്തിന് കേന്ദ്ര നികുതി സംസ്ഥാന വിഹിതത്തിന്റെ 1.9 ശതമാനമാണ് നൽകുന്നത്. ആശമാരുടെ സ്കീമടക്കം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ 1.6 ശതമാനമാണ് നൽകുന്നത്. വയനാടിനടക്കം നൽകിയ കേന്ദ്ര മൂലധന ചെലവിനായുള്ള സ്പെഷ്യൽ സ്കീമിന്റെ 1.1 ശതമാനം മാത്രമാണ് നൽകുന്നത്. കേന്ദ്ര ദുരന്തനിധിയിൽ നിന്ന് വട്ടപൂജ്യം. കേന്ദ്ര സ്പെഷ്യൽ പാക്കേജുകളിൽ കേരളം ഇല്ല. കിഫ്ബിയുടെ പേരിൽ വായ്പ വെട്ടുന്നു. ആശമാർക്ക് അടക്കമുള്ള കേന്ദ്ര സഹായം കൂടിശികയാക്കുന്നു. ഈ സാമ്പത്തിക ഉപരോധത്തിനെതിരായ സമരത്തിൽ അണിനിരക്കുകയാണ് ഏതൊരു മലയാളിയും ചെയ്യേണ്ടത്.

കേന്ദ്ര വിവേചനം അവസാനിപ്പിക്കുമെങ്കിൽ ആശമാരുടെ ഹോണറേറിയവും പാവപ്പെട്ടവരുടെ ആനുകൂല്യങ്ങളും ഇനിയും വർദ്ധിപ്പിക്കും. പണമുണ്ടെങ്കിൽ അതിന് യാതൊരു മടിയുമില്ലാത്തവരാണ് ഇടതുപക്ഷം എന്ന് അനുഭവം തെളിയിച്ചിട്ടുണ്ടല്ലോ. അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. അതു മറക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+