ശബരി റെയില്‍ പാത പ്രാബല്യത്തില്‍ വരുത്താനല്ല, മുടക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്: തോമസ് ഐസക്
പത്തനംതിട്ട: ശബരി റെയില്‍ പാത പ്രാബല്യത്തില്‍ വരുത്താനല്ല, മുടക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് തോമസ് ഐസക്. കേന്ദ്ര സർക്കാരിന്റെ ദുഷ്ടലാക്ക് പൂർണ്ണമായും വെളിപ്പെടുത്തുന്ന നീക്കമാണ് ശബരി റെയിൽപ്പാതയിൽ ഉണ്ടായിട്ടുള്ളത്. ശബരിപാത ആദായദായകരമായ പദ്ധതിയാണ്. കിഫ്ബി എടുക്കുന്ന വായ്പ പദ്ധതിയിൽ നിന്നുള്ള ആദായംകൊണ്ട് തിരിച്ചടയ്ക്കാവുന്നതാണ്. റവന്യു മോഡൽ വായ്പയാണ്. ഇങ്ങനെയുള്ള ഒരു വായ്പ എങ്ങനെയാണ് സംസ്ഥാനത്തിന്റെ കടബാധ്യതയിൽ ഉൾപ്പെടുത്തുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
"ശബരി റെയിൽ വീണ്ടും അനിശ്ചിതത്വത്തിൽ" എന്നാണ് മനോരമയുടെ തലക്കെട്ട്. കാരണമോ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കേരളം തള്ളി. "ഫലത്തിൽ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി".

എന്താണ് മുഖ്യമാർഗ്ഗ തടസ്സം?
പദ്ധതിച്ചെലവിന്റെ പകുതി കേരളം വഹിക്കണം. ഒറ്റപ്പാത ആണെങ്കിൽ ഏതാണ്ട് 2000 കോടി രൂപ കേരളം വഹിക്കണം. ഇതിനു കേരളം സമ്മതിച്ചിട്ടുണ്ട്. ദേശീയപാതയുടെ വികസനത്തിനെന്നപോലെ കിഫ്ബി വഴി വായ്പയെടുത്തു നൽകാം. പക്ഷേ, കേന്ദ്രത്തിന് അത് സമ്മതമല്ല. കിഫ്ബി വഴി ആണെങ്കിലും അത് സംസ്ഥാന സർക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പയുടെ ഭാഗമായി കണക്കാക്കും. എന്നുവച്ചാൽ സംസ്ഥാന ബജറ്റിൽ നിന്നുതന്നെ പണം നൽകണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
ഈ മർക്കടമുഷ്ടിക്ക് എന്തെങ്കിലും ന്യായമുണ്ടോ?
കിഫ്ബി വായ്പ തിരിച്ചടയ്ക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാവി ഗ്രാന്റിൽ നിന്നാണ് എന്നതുകൊണ്ട് കിഫ്ബി വായ്പ ഓഫ് ബജറ്റ് ബോറോയിംഗാണ്. അങ്ങനെയെടുക്കുന്ന വായ്പ സംസ്ഥാനത്തിന് ഓരോ വർഷവും അനുവദനീയമായ പരിധിക്കുള്ളിൽ വരും. അത് കുറച്ചേ ബജറ്റിനു വേണ്ടി വായ്പയെടുക്കാനാകൂവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നു മാത്രമല്ല, ഈ പുതിയ ചട്ടത്തിന് മുൻകാല പ്രാബല്യം നൽകി 2016 മുതൽ കിഫ്ബി എടുത്ത വായ്പകൾ ബജറ്റിൽ നിന്ന് വെട്ടിക്കുറിച്ചപ്പോഴാണ് കേരളത്തിൽ ധനപ്രതിസന്ധി ഉണ്ടായത്. ഈ ധനപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതിനുള്ള ഉപായങ്ങൾ ആരായുകയാണ് കേന്ദ്ര സർക്കാർ. വിഴിഞ്ഞത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റിനു പകരം വായ്പയാക്കുന്നതിന്റെ പിന്നിലും ഈ ഗൂഡലക്ഷ്യമാണ്.
കേന്ദ്ര സർക്കാരിന്റെ ദുഷ്ടലാക്ക് പൂർണ്ണമായും വെളിപ്പെടുത്തുന്ന നീക്കമാണ് ശബരി റെയിൽപ്പാതയിൽ ഉണ്ടായിട്ടുള്ളത്. കിഫ്ബി വായ്പ സർക്കാരിന്റെ വായ്പയായി പരിഗണിക്കുമെന്ന് പറയുന്നതിനുള്ള ന്യായം സർക്കാരിന്റെ ഗ്രാന്റിൽ നിന്നാണ് ഈ വായ്പ തിരിച്ചടയ്ക്കുന്നത് എന്നുള്ളതാണല്ലോ. എന്നാൽ ഈ തൊടുന്യായം ശബരി റെയിൽപാതയ്ക്കുള്ള കിഫ്ബി വായ്പയ്ക്ക് ബാധകമല്ലായെന്ന് എത്രയോ വ്യക്തമാണ്.
ശബരിപാത ആദായദായകരമായ പദ്ധതിയാണ്. കിഫ്ബി എടുക്കുന്ന വായ്പ പദ്ധതിയിൽ നിന്നുള്ള ആദായംകൊണ്ട് തിരിച്ചടയ്ക്കാവുന്നതാണ്. റവന്യു മോഡൽ വായ്പയാണ്. ഇങ്ങനെയുള്ള ഒരു വായ്പ എങ്ങനെയാണ് സംസ്ഥാനത്തിന്റെ കടബാധ്യതയിൽ ഉൾപ്പെടുത്തുന്നത്? ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കാവുന്ന ഒരു നിലപാടാണിത്. ഈ യുക്തിവച്ചാണെങ്കിൽ കേരളത്തിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പയായി വ്യാഖ്യാനിക്കാനാകും.
തീർന്നില്ല കേന്ദ്രത്തിന്റെ ദുഷ്ടത്തരം. ഒരു ചർച്ചയും നടത്താതെ പൊടുന്നനെ ഇരട്ടപ്പാത ആക്കണമെന്നാണ് നിർദ്ദേശം. അപ്പോൾ കേരളം 4500 കോടി രൂപ അധികമായി കണ്ടെത്തണം. അത് ബജറ്റിൽ നിന്നുതന്നെ വേണം താനും. ശബരിപാത നടത്താനല്ല നടത്തിക്കാതിരിക്കാനുള്ള ദുഷ്ട ഉപായങ്ങളാണ് മോദി മെനയുന്നത്.












Click it and Unblock the Notifications