'പ്രതിപക്ഷ നേതാവ് തീയൂതിയെന്നുവെച്ച് ഈ പഴങ്കഞ്ഞി ബിരിയാണിയാവുമോ'; പരിഹാസവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളും വിവാദങ്ങളും മുഖ്യമന്ത്രിയെയോ സി പി എമ്മിനെയോ ഒരിഞ്ചുപോലും ബാധിക്കാന്‍ പോകുന്നില്ലെന്ന് മുന്‍ ധനമന്ത്രിയും സി പി എം നേതാവുമായി തോമസ് ഐസക്ക്. അങ്ങനെ വല്ല മോഹവും ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ വലിയ നിരാശ നിങ്ങളെ കാത്തിരിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനെ കള്ളക്കേസെന്നുപോലും വിളിക്കാനാവില്ല എന്നതുകൊണ്ടു തന്നെ. കള്ളമൊഴി സംഘടിപ്പിച്ചെങ്കിലും ഒരു വ്യാജത്തെളിവുപോലും സൃഷ്ടിക്കാന്‍ കഴിയാതെ പെട്ടിയും മടക്കിപ്പോയത് ഇന്ത്യയിലെ കൊടികെട്ടിയ അന്വേഷണ സംഘങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തോമസ് ഐസക്കിന്റെ വാക്കുകളിലേക്ക്...

സ്വര്‍ണക്കടത്ത് കേസിനു പിന്നില്‍ കളിക്കുന്ന ഉപജാപകരോട് ഒരു കാര്യമേ പറയാനുള്ളൂ. കല്ലില്‍ കടിച്ചാല്‍ പല്ലു പോകും. സംശയമുണ്ടെങ്കില്‍ ലാവലിന്‍ ഉപജാപകരോട് ചോദിച്ചു നോക്കൂ. ഈ ആരോപണങ്ങളും വിവാദങ്ങളുമൊന്നും മുഖ്യമന്ത്രിയെയോ സിപിഐഎമ്മിനെയോ ഒരിഞ്ചുപോലും ബാധിക്കാന്‍ പോകുന്നില്ല. അങ്ങനെ വല്ല മോഹവും ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ വലിയ നിരാശ നിങ്ങളെ കാത്തിരിപ്പുണ്ട്.

എന്തുകൊണ്ടാണ് ഇത്ര ആത്മവിശ്വാസം? ഇതിനെ കള്ളക്കേസെന്നുപോലും വിളിക്കാനാവില്ല എന്നതുകൊണ്ടു തന്നെ. കള്ളമൊഴി സംഘടിപ്പിച്ചെങ്കിലും ഒരു വ്യാജത്തെളിവുപോലും സൃഷ്ടിക്കാന്‍ കഴിയാതെ പെട്ടിയും മടക്കിപ്പോയത് ഇന്ത്യയിലെ കൊടികെട്ടിയ അന്വേഷണ സംഘങ്ങളാണ്. അവര്‍ക്കു കൂട്ടിയാല്‍ കൂടാത്തത് മൂന്നാംകിട ഉപജാപകര്‍ക്കും അവരുടെ ആശ്രിതരായ മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിയുമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമോ?

കേസിന്റെ നാള്‍വഴി പറഞ്ഞു വിശദീകരിച്ചു തരാം. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും കൂട്ടരും അറസ്റ്റിലായത് 2020 ജൂലൈ 11നാണ്. കസ്റ്റഡിയിലുള്ള പ്രതികളെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും വിവിധ തീയതികളില്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തു. ആരുടെ ചോദ്യം ചെയ്യലില്‍, എപ്പോഴാണ് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരു വന്നത്?

2020 നവംബര്‍ 27നാണ് അത് ആ മൊഴി പിറന്നത്. അതും കസ്റ്റംസിനോട്. അറസ്റ്റിലായി നാലു മാസങ്ങള്‍ക്കു ശേഷം.
കേട്ടുകേള്‍വിയുടെ രൂപത്തിലാണ് മൊഴി. കറന്‍സി കടത്തുന്നത് താന്‍ കണ്ടുവെന്നല്ല സ്വപ്ന പറഞ്ഞത്. സരിത്ത് കണ്ടുവെന്ന് തന്നോടു പറഞ്ഞുവെന്നായിരുന്നു മൊഴി. ആ മൊഴി ഒന്നു സ്ഥിരീകരിച്ചു കിട്ടാന്‍ എന്തൊക്കെ അഭ്യാസങ്ങളാണ് കസ്റ്റംസ് നടത്തിയത്? തങ്ങള്‍ക്കു വേണ്ട മൊഴി സംഘടിപ്പിക്കാന്‍ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥനെ ആവും വിധം ഭീഷണിപ്പെടുത്തി നോക്കി. അതു നടക്കാതെ വന്നതോടെ കസ്റ്റംസ് കൈയൊഴിഞ്ഞതാണ് കറന്‍സി കടത്ത് കേസ്.

എന്നുവെച്ചാല്‍ തട്ടിക്കൂട്ടിയ മൊഴിയല്ലാതെ, ഒരു തെളിവുമില്ലെന്ന്. ആരോപണം സ്ഥിരീകരിക്കുന്ന വിശ്വസനീയമായ ഒരു സാക്ഷിമൊഴി പോലുമില്ല. തെളിവിന്റെ തുമ്പോ തുരുമ്പോ തട്ടിക്കൂട്ടാന്‍ സാധിച്ചതുമില്ല. ഇക്കാര്യങ്ങളൊക്കെ 2021 ആഗസ്റ്റില്‍ വിശദമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വാര്‍ത്തകളുമാണ്. ഇപ്പോള്‍ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന്, അവര്‍ കസ്റ്റഡിയിലായി നാലു മാസങ്ങള്‍ക്കു ശേഷം കസ്റ്റംസ് സംഘടിപ്പിച്ചതാണ്.

അതൊക്കെ ഹൈക്കോടതിയിലടക്കം ഹാജരാക്കിയതുമാണ്. കള്ളം പറയാന്‍ ഒരുളുപ്പുമില്ലാത്ത കളങ്കബാധിതരും അവരുടെ പിന്നില്‍ കളിക്കുന്ന ഉപജാപകരും അവരുടെ ആശ്രിതരായ ഏതാനും മാധ്യമപ്രവര്‍ത്തകരും എത്ര തന്നെ വിയര്‍പ്പൊഴുക്കിയാലും പിണറായി വിജയനും സിപിഎമ്മിനും ഒന്നും സംഭവിക്കില്ലെന്ന് ഈ കേസില്‍ പലവട്ടം തെളിഞ്ഞതാണ്. പുതിയ പ്രതിപക്ഷ നേതാവ് തീയൂതിയെന്നുവെച്ച് ഈ പഴങ്കഞ്ഞി ബിരിയാണിയാവുമോ?


Click it and Unblock the Notifications