Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുതിയ ജിഎസ്ടി ഘടന കുത്തകകളെ സഹായിക്കാന്‍', ധനമന്ത്രിയുടെ സാമര്‍ത്ഥ്യം സമ്മതിച്ചേതീരൂവെന്ന് ഐസക്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ജി എസ് ടി ഘടനയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കുത്തക കമ്പനികളെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിതമായ നീക്കമാണ് ജി എസ് ടി നിരക്കിന്റെ ഘടനയെന്ന് തോമസ് ഐസക്ക് കുറ്റപ്പെടുത്തി. കേന്ദ്ര ധനമന്ത്രിയുടെ സാമര്‍ത്ഥ്യം സമ്മതിച്ചേതീരൂ. നികുതി വര്‍ദ്ധിപ്പിച്ചത് എന്തോ വലിയ ആനുകൂല്യം നല്‍കിയെന്ന മട്ടിലാണ് അവതരിപ്പിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. തോമസ് ഐസക്കിന്റെ വാക്കുകളിലേക്ക്....

മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍

1

പുതിയ ജി.എസ്.ടി നിരക്ക് ഘടന കുത്തക കമ്പനികളെ സഹായിക്കാന്‍ വേണ്ടിയുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ നീക്കമാണ്. ബ്രാന്‍ഡ് ചെയ്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ 26 കിലോ പായ്ക്കറ്റിലാക്കിയാല്‍ നികുതി വെട്ടിപ്പ് നടത്താം. വലിയ നികുതി ചോര്‍ച്ചയിലേക്കാണ് ഇതു നയിക്കുക.

2

ജി.എസ്.ടി നികുതി വര്‍ദ്ധിപ്പിച്ചതു സംബന്ധിച്ച് നിര്‍മ്മലാ സീതാരാമന്റെ 14 ട്വീറ്റുകളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. ഭക്ഷ്യധാന്യങ്ങള്‍, അവയുടെ പൊടികള്‍, തൈര് തുടങ്ങിയ 11 ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ലിസ്റ്റ് നല്‍കിയിട്ട് അവര്‍ പ്രഖ്യാപിക്കുന്നത് ഇതാണ്: ''താഴെപ്പറയുന്ന ലിസ്റ്റിലെ ഇനങ്ങള്‍ മുന്‍കൂര്‍ ലേബല്‍ ചെയ്യാതെയോ, പാക്ക് ചെയ്യാതെയോ ചില്ലറയായി വിറ്റാല്‍ അവയുടെ മേല്‍ ജി.എസ്.ടി നികുതി ബാധകമാവില്ല.''

3

കേന്ദ്ര ധനമന്ത്രിയുടെ സാമര്‍ത്ഥ്യം സമ്മതിച്ചേതീരൂ. നികുതി വര്‍ദ്ധിപ്പിച്ചത് എന്തോ വലിയ ആനുകൂല്യം നല്‍കിയെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. മുന്‍പുണ്ടായിരുന്ന സ്ഥിതി എന്തായിരുന്നു? മേല്‍പ്പറഞ്ഞവ ബ്രാന്‍ഡ് ചെയ്ത പാക്കറ്റുകളില്‍ വിറ്റാല്‍ മാത്രമേ 5% നികുതി ബാധകമാകുമായിരുന്നുള്ളൂ. രജിസ്റ്റേര്‍ഡ് ബ്രാന്‍ഡ് അല്ലാതെ വെറും പേരാണെങ്കിലോ, പേരൊന്നും ഇല്ലെങ്കിലോ നികുതി കൊടുക്കേണ്ടതില്ല.

4

ഇനിമേല്‍ മുന്‍കൂര്‍ പായ്ക്ക് ചെയ്തു വിറ്റാല്‍ നികുതി കൊടുക്കണം. ഉദാഹരണത്തിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാം പ്ലാസ്റ്റിക് കവറില്‍ അരക്കിലോ ഒരുകിലോ പാക്ക് ചെയ്താണു വില്‍ക്കുന്നത്. ഇതുകൊണ്ടുള്ള ഗുണം പലതാണ്. ഒന്ന്, തൂക്കം കൃത്യമായിട്ട് ഉണ്ടാകും. രണ്ട്, സാധനങ്ങള്‍ വാങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ പുതിയ നിയമം വന്നതോടെ ഇതിനും നികുതി വേണം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വില വര്‍ദ്ധിപ്പിച്ചുവെന്നു ചില പത്ര റിപ്പോര്‍ട്ടുകള്‍ വായിച്ചു.

5

ഇതിന് നിര്‍മ്മലാ സീതാരാമന്‍ പറയുന്ന കാരണം വിചിത്രമാണ്. പല കമ്പനികളും ബ്രാന്‍ഡ് വേണ്ടെന്നുവച്ച് വില്‍ക്കുന്നതുകൊണ്ട് നികുതി ചോരുന്നു. ബ്രാന്‍ഡ് വേണ്ടെന്ന് ഏതെങ്കിലുമൊരു വലിയ വ്യാപാര സ്ഥാപനം ഒരിക്കലും തീരുമാനിക്കില്ല. കാരണം അത്രയേറെ പരസ്യവും മറ്റും നല്‍കി ബ്രാന്‍ഡ് സ്ഥാപിച്ച് എടുത്തിട്ടുള്ളതാണ്. കുടുംബശ്രീയോ ചെറുകിട കച്ചവടക്കാരോ ബേക്കറികളോ മറ്റോ തങ്ങളുടെ ബ്രാന്‍ഡിനു രജിസ്‌ട്രേഷന്‍ വേണ്ടെന്നുവച്ചു കാണാം. ഇതിനെയാണ് പര്‍വ്വതീകരിച്ചു വലിയ പ്രശ്‌നമാക്കുന്നത്.

6

ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന സംവിധാനത്തിലും നികുതി ചോരാമല്ലോ. 25 കിലോ പാക്കറ്റിനു പകരം 26 കിലോ ആക്കിയാല്‍ നികുതി നല്‍കണ്ട. വന്‍കിട കമ്പനികളെല്ലാം ചെയ്യാന്‍ പോകുന്നത് ഇതാണ്. നേരത്തേ ബ്രാന്‍ഡ് ഉണ്ടായിരുന്നപ്പോള്‍ എത്ര കിലോ പായ്ക്കറ്റാണെങ്കിലും നികുതി നല്‍കണമായിരുന്നു. പുതിയ സംവിധാനമാണ് നികുതി വെട്ടിപ്പിന് ഇടയാക്കാന്‍ പോകുന്നത്.

7

നിര്‍മ്മലാ സീതാരാമന്‍ കുത്തക കമ്പനികളുടെ വക്കാലത്ത് എടുത്തിരിക്കുകയാണ്. നേരത്തേ ബ്രാന്‍ഡുള്ള വന്‍കിടക്കാര്‍ക്ക് നികുതിയില്‍ നിന്ന് ഒഴിവാകാന്‍ പറ്റുമായിരുന്നില്ല. അതേസമയം ചെറുകിടക്കാര്‍ ബ്രാന്‍ഡ് വേണ്ടെന്നുവച്ച് പേരില്ലാതെ പായ്ക്കറ്റുകളിലാക്കി വില്‍ക്കുമായിരുന്നു. ഈ വിവേചനത്തെക്കുറിച്ച് വന്‍കിട കമ്പനികള്‍ കേന്ദ്രത്തിന് പരാതി നല്‍കിയെന്നാണ് ട്വീറ്റില്‍ അവര്‍ പറയുന്നത്. അറിയാതെ അവര്‍ പറഞ്ഞുവയ്ക്കുന്നത് വന്‍കിട കമ്പനികളെ സഹായിക്കാനാണ് പുതിയ നിലപാടെന്നാണ്.

8

നിര്‍മ്മലാ സീതാരാമന്റെ മറ്റൊരു വാദം സംസ്‌കരിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താതിരുന്നാല്‍ അവ സംസ്‌കരിക്കുന്ന ഫാക്ടറികള്‍ക്കും മറ്റും ഇന്‍പുട്ട് ക്രെഡിറ്റ് കിട്ടാതെ വരും. കാരണം അവ സംസ്‌കരിച്ച ഉല്‍പ്പന്നം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഔട്ട്പുട്ട് ടാക്‌സില്‍ നിന്നാണല്ലോ ഇന്‍പുട്ട് ടാക്‌സ് കിഴിച്ച് ശിഷ്ടമാണ് സര്‍ക്കാരില്‍ നികുതിയായി അടയ്‌ക്കേണ്ടത്. ഈ പ്രശ്‌നം പരിഹരിക്കാന്‍വേണ്ടി അവശ്യസാധനങ്ങളുടെമേല്‍ നികുതി ചുമത്തേണ്ടതില്ല. കയറ്റുമതി ഉല്‍പ്പന്നങ്ങളെപ്പോലെ പൂജ്യം നികുതി ഏര്‍പ്പെടുത്തിയാല്‍ മതി.

9

രാജ്യം വലിയ വിലക്കയറ്റത്തെ നേരിടുമ്പോഴാണ് അവശ്യസാധനങ്ങളുടെമേലുള്ള നികുതി വര്‍ദ്ധനവ്. വിലക്കയറ്റത്തിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ഭക്ഷ്യവിലകളില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവാണ്. അവിടെ വീണ്ടും നികുതിമൂലം 5% വില ഉയരാന്‍ പോവുകയാണ്. തികച്ചും ജനവിരുദ്ധമാണ്. ഇത് നികുതി ചോര്‍ച്ച വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. കുത്തക പ്രീണന നയത്തിന്റെ ഭാഗമാണ്. ജി.എസ്.ടി റവന്യു വരുമാനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ സാധാരണക്കാരുടെ അവശ്യസാധനങ്ങളുടെമേല്‍ നികുതി വര്‍ദ്ധിപ്പിക്കുക അല്ല, മറിച്ച് കുറച്ച ആഡംബര വസ്തുക്കളുടെ മേലുള്ള നികുതി പുനസ്ഥാപിക്കുകയാണ് ചെയ്യേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+