'നൊടുക്കു ന്യായം പറഞ്ഞ് കേരളത്തിനുള്ള തുക പിടിച്ചുവയ്ക്കുന്നു', നിർമ്മല സീതാരാമനെതിരെ ഐസക്
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട പണത്തിൽ കേരളത്തിന് കുടിശ്ശിക ഇല്ലെന്ന ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവനയ്ക്ക് എതിരെ ഡോ. ടിഎം തോമസ് ഐസക്. നൊടുക്ക് ന്യായം പറഞ്ഞ് കേരളത്തിന് കിട്ടാനുളള തുക പിടിച്ച് വെയ്ക്കുന്നത് കേന്ദ്രം പതിവാക്കിയിരിക്കുകയാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം.
കുറിപ്പ് വായിക്കാം: കേന്ദ്രത്തിൽ നിന്നും കേരളത്തിനു കിട്ടാനുള്ള കുടിശിക എത്ര? നിർമ്മലാ സീതാരാമൻ പറയുന്നു കുടിശികയൊക്കെ തീർന്നൂവെന്ന്. ഇനി കിട്ടാനുള്ളത് കേരളം മതിയായ രേഖകൾ സമർപ്പിക്കാത്തതുകൊണ്ട് മാത്രമാണെന്നാണ്. തീർത്ത കുടിശിക ഏതാണെന്നോ?

വയോജന പെൻഷൻ 200-300 രൂപ വീതം 5.88 ലക്ഷം പേർക്കു നൽകുന്നുണ്ട്. ഇവർക്കു കേരളം നൽകുന്നത് പ്രതിമാസം 1600 രൂപ വീതമാണ്. ഇവർക്കു പുറമേ മറ്റൊരു 55-60 ലക്ഷം ഗുണഭോക്താക്കൾക്കും കേരളം പെൻഷൻ നൽകുന്നുണ്ട്. കേന്ദ്ര സഹായം രണ്ടുവർഷമായി കുടിശികയിലായിരുന്നു. 700 കോടി രൂപയായിരുന്നു കുടിശിക. അതിൽ 500 കോടി രൂപ ഒരാഴ്ച മുമ്പ് അനുവദിച്ചു. ഇതാണ് വലിയ കേമത്തമായി കേന്ദ്ര ധനമന്ത്രി തിരുവനന്തപുരത്തു വീമ്പിളക്കിയത്. ഇതു കിഴിച്ചാലും 5000-ത്തിൽപ്പരം കോടി രൂപ ഇനിയും കേരളത്തിനു കിട്ടാനുണ്ട്.
അവയുടെ കണക്ക് ഇങ്ങനെ:
🔘യുജിസി ശമ്പള പരിഷ്കരണ കുടിശിക - 750 കോടി രൂപ
🔘നഗരവികസന ഗ്രാന്റ് - 700 കോടി രൂപ
🔘ഗ്രാമവികസന ഗ്രാന്റ് - 760 കോടി രൂപ
🔘ഭക്ഷ്യസുരക്ഷാ പദ്ധതി - 790 കോടി രൂപ
🔘ദുരിതാശ്വാസ സഹായം - 138 കോടി രൂപ
🔘സ്റ്റേറ്റ് ഡിസാസ്റ്റർ ഫണ്ട് - 69 കോടി രൂപ
🔘ക്യാപിറ്റൻ ഇൻവെസ്റ്റ്മെന്റ് സ്പെഷ്യൽ അസിസ്റ്റൻസ് - 1925 കോടി രൂപ
◼️അങ്ങനെ മൊത്തം 5132 കോടി രൂപ
എന്തെങ്കിലും നൊടുക്കു ന്യായം പറഞ്ഞ് കേരളത്തിനു ലഭിക്കാനുള്ള തുക പിടിച്ചുവയ്ക്കുകയെന്നതു പതിവാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഏജിയുടെ അവസാന റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നു പറഞ്ഞ് ജി.എസ്.ടി നഷ്ടപരിഹാരത്തുക ഇപ്പോഴും സെറ്റിൽ ചെയ്തിട്ടില്ല. ധനകാര്യ കമ്മീഷന്റെ തീർപ്പുപ്രകാരമുള്ള ധനസഹായത്തിൽ ഗണ്യമായ കുറവുവന്നവേളയിലാണ് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതിനുവേണ്ടി ആസൂത്രിതമായി ബജറ്റിനു പുറത്ത് സംസ്ഥാന സർക്കാരുകൾ എടുക്കുന്ന വായ്പകൾ സംബന്ധിച്ച ഇതുവരെ പിന്തുടർന്ന നിലപാട് കേന്ദ്രം തിരുത്തിയത്.
ഇതുമൂലമുള്ള സംസ്ഥാനത്തെ ധനപ്രതിസന്ധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ തർക്കമുണ്ടെന്നുവയ്ക്കാം. അതു കോടതിയിൽ തീർപ്പുണ്ടാകട്ടെ.
എന്നാൽ തർക്കമില്ലാത്ത കാര്യമാണല്ലോ മേൽപ്പറഞ്ഞ അർഹതപ്പെട്ട കേന്ദ്ര സഹായം. അവപോലും കൃത്യമായി നൽകുന്നതിനുള്ള സമീപനമല്ല കേന്ദ്രം കൈക്കൊള്ളുന്നത്. പ്രതിസന്ധിയെ കൂടുതൽ മൂർച്ഛിപ്പിക്കുന്നതിനുവേണ്ടി ധനസഹായം പരമാവധി കുടിശിക വരുത്താനുള്ള കുത്സിതനീക്കങ്ങളാണു കേന്ദ്ര സർക്കാർ നടത്തുന്നത്.












Click it and Unblock the Notifications