കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ നേതാവിനെ കുത്തികൊന്ന സംഭവം; മുഖ്യപ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി, മൂന്ന് പേര്‍ അറസ്റ്റില്‍, പത്തു പേരെ തിരിച്ചറിഞ്ഞു

  • By Desk
Google Oneindia Malayalam News

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി മുഹമ്മദിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ് ഇടുക്കി മറയൂര്‍ വട്ടവട സ്വദേശി അഭിമന്യു (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ അക്രമം അഴിച്ചുവിട്ട പത്ത് പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മാരക ആയുധങ്ങളുമായി സംഘടിച്ചെത്തിയ ഇരുപതോളം പേരാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ മഹാരാജാസ് കോളേജിലെത്തി ആക്രമണം അഴിച്ചുവിട്ടത്. അതേസമയം, സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മറ്റു പത്ത് പേരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ആലുവ സ്വദേശി ബിലാല്‍, കോട്ടയം സ്വദേശി ഫറൂക്ക്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂവരെയും ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള ഫാറൂക്ക് മഹാരാജാസില്‍ പുതിയതായി അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥിയാണ്. ആലുവയിലെ ഒരു സ്വകാര്യ കോളേജിലെ എം.ബി.എ വിദ്യാര്‍ത്ഥിയാണ് ബിലാല്‍. ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസ് വിദ്യാര്‍ത്ഥിയല്ല. ഇയാള്‍ക്ക് 37 വയസുണ്ട്.

arrest

കോളേജ് മതിലിലെ ചുവരെഴുത്തിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയും ഇടുക്കി വട്ടവട സ്വദേശിയുമാണ് കൊല്ലപ്പെട്ട അഭിമന്യു. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം കൂടിയാണ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആശുപത്രിയില്‍ കഴിയുന്ന കോട്ടയം സ്വദേശി അര്‍ജുന്‍ (19) അപകട നില തരണം ചെയ്തിട്ടില്ല. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അര്‍ജുനെ ഇന്നലെ രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസ്.ഐ എ. അനന്തലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

രാവിലെ ഒമ്പതരയോടെ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടു നല്‍കി. അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കോളേജ് അധികൃതര്‍ ഇതിനായുള്ള സജ്ജീകരണങ്ങള്‍ രാവിലെയോടെ ഒരുക്കിയിട്ടുണ്ട്. വിവരം അറിഞ്ഞ് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മഹാരാജാസില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ മന്ത്രി തോമസ് ഐസക്ക്, ഇടത് എം.എല്‍.എമാര്‍, എസ്.എസ്.ഐ സംസ്ഥാന,ജില്ലാ നേതാക്കള്‍, ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാക്കള്‍ എന്നിവരും എത്തിയിട്ടുണ്ട്.


കത്തി വീശി, പിന്നെ കുത്തി വീഴ്ത്തി

ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പ്രമാണിച്ച് നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന പോസ്റ്റര്‍ ഒട്ടിക്കാനും മറ്റുമായി ഇന്നലെ 12 ഓടെയാണ് അഭിമന്യുവിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജില്‍ എത്തിയത്. ഈ സമയം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും പോസ്റ്റര്‍ പതിക്കുന്നതിനായി എത്തിയിരുന്നു. ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഇരുവിദ്യാര്‍ത്ഥികളും വാക്കുതര്‍ക്കമായി. ഇതിനിടെ മഹാരാജാസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനെന്ന് പറയപ്പെടുന്ന മുഹമ്മദ് സ്ഥലത്തേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയായിരുന്നു. പുറത്ത് നിന്നും ഇരുപതോളം പേരടങ്ങുന്ന സംഘം മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് എത്തിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഇവര്‍ കത്തി വീശി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓടി മാറിയെങ്കിലും പിന്നാലെ എത്തിയ അക്രമിസംഘം തടഞ്ഞ് വച്ച് മര്‍ദ്ദിച്ചു. ഇതിനിടെയാണ് അഭിമന്യുവിന് കുത്തേല്‍ക്കുന്നതും അര്‍ജ്ജുന് പരിക്കേല്‍ക്കുന്നതും. പിന്നില്‍ നിന്നായിരുന്നു ആക്രമണം. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ അഭിമന്യു തത്ക്ഷണം മരിച്ചു. സുഹൃത്തുകള്‍ ചേര്‍ന്നാണ് അര്‍ജുനെയും ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ വൈകിട്ടോടെ ഇരു വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതായും വിവരമുണ്ട്.

English summary
three were arrested and identified 10 members; Abhimanyu murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X