'കെ വി തോമസിന്റെ നിലപാട് സ്വാഗതാർഹം, കോൺഗ്രസ് എന്ത് ചെയുന്നുവെന്ന് നോക്കട്ടെ'; - സീതാറാം യെച്ചൂരി
ഡൽഹി: വരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന്റെ നിലപാടിൽ പ്രതികരിച്ച് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ വി തോമസിന്റെ നിലപാട് സ്വാഗതാർഹമാണെന്ന് യെച്ചൂരി വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ ഏറെ അനുഭവസമ്പത്തുള്ള നേതാവാണ് കെ വി തോമസ്. കെ.വി തോമസ് വിഷയത്തിൽ കോൺഗ്രസ് എന്ത് ചെയുന്നുവെന്ന് നോക്കാമെന്നും ആര് താൽപര്യം പ്രകടിപ്പിച്ചാലും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും യെച്ചൂരി വെളിപ്പെടുത്തി.
എൽ ഡി എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉണ്ടാകുന്ന വിവാദങ്ങളിലും യെച്ചൂരി പ്രതികരിച്ചു. തൃക്കാക്കരയിലേത് സി പി എം നിർത്തിയത് സി പി എം സ്ഥാനാർത്ഥി തന്നെയാണ്. സ്ഥാനാർത്ഥിയെ നിർത്തിയത് സഭയല്ല സി പി എമ്മാണെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം, കോൺഗ്രസ് നേതാക്കൾക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കെ വി തോമസ് വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കിയത്. കൊച്ചിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കെ വി തോമസ് അറിയിച്ചത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ആരോപണ പ്രത്യാരോപങ്ങൾക്കും പിന്നാലെയാണ് കെ വി തോമസ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്.
'താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്'. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ലെന്നാണ് കെവി തോമസ് നൽകുന്ന വിശദീകരണം. 2018 മുതൽ തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു.
തന്നെക്കാളും കൂടുതൽ തവണ മത്സരിച്ചവരും പ്രായമായവരും പാർട്ടിയിൽ പദവികൾ വഹിക്കുന്നുണ്ട്. ജോ ജോസഫ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. തൃക്കാക്കരയിലെ ജയവും തോൽവിയും നിലപാടിനെ ബാധിക്കില്ല. പെയ്ഡ് ടീമാണ് സമൂഹമാധ്യമങ്കിൽ തനിക്ക് എതിരെ പ്രചരണം നടത്തുന്നത്. ഈ രീതിയിൽ ആണ് കോൺഗ്രസ് പോകുന്നത് എങ്കിൽ ദേശീയ തലത്തിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും കെവി തോമസ് പറഞ്ഞിരുന്നു.
അതേസമയം, ഇന്നലെയും എൽ ഡി എഫിന്റെ പ്രചരണ വാർത്തകളോട് കെ വി തോമസ് പ്രതികരിച്ചിരുന്നു. "കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാതെ തന്നെ ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനാണ് തീരുമാനം. മറ്റൊരു പാർട്ടിയിലും താൻ ചേരില്ല. കോൺഗ്രസ് സംസ്കാരമാണ് തനിക്ക് ഉളളത്. ഞാൻ ഇപ്പോഴും എ ഐ സി സി അംഗമാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി. പക്ഷേ, പാർട്ടിയുടെ ഒരു പരിപാടിയിലേക്കും എന്നെ വിളിക്കുന്നില്ല. ആരും തന്നെ അറിയിക്കുന്നില്ല. കടുത്ത അവഗണനയാണ് തനിക്ക് എതിരെ ഉണ്ടാകുന്നത്. എൽ ഡി എഫിന് വേണ്ടി രംഗത്തിറങ്ങാൻ എന്നെ നിർബന്ധിതനാക്കിയത് കോൺഗ്രസ് നേതൃത്വമാണ്. വികസനത്തിന് ഒപ്പം നില്‍ക്കും. അതില്‍ ആരും രാഷ്ടീയം കാണരുത്. കേരളത്തിന്റെ വികസനത്തില്‍ താൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചിരുന്നു. ഇക്കാര്യം സത്യമാണ്.
ഈ നിലപാടില്‍ തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കൊവിഡ് മഹാമാരി കാലത്ത് സർക്കാർ മുന്നോട്ട് വച്ച പ്രവര്‍ത്തനങ്ങളും വികസനത്തിന കാര്യങ്ങളും വളരെ മികച്ചതായിരുന്നു. അതിനാൽ ആയിരുന്നു അത്തരത്തിൽ ഒരു പരാമർശം നടത്തിയത്. അത് തുറന്നുപറയുന്നതില്‍ എന്താണ് തെറ്റ്. അതുകൊണ്ട് ഞാന്‍ കോണ്‍ഗ്രസ് വിരുദ്ധനാകുമോ?
വർഷങ്ങളായി തന്നെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേതാക്കള്‍ മാറ്റി നിര്‍ത്തിയിരിക്കുന്നു. എന്നാൽ, താൻ ഇപ്പോഴും അച്ചടക്കമുള്ള പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുകയാണ്. തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിനെ സന്ദർശിക്കാൻ താൻ തയാറായി. എന്നാൽ, കോൺഗ്രസ് നേതൃത്വം വിലക്കുകയാണ് ചെയ്തത്. വരുന്ന12 - നു മുഖ്യമന്ത്രി പ്രസംഗിക്കുന്ന എൽ ഡി എഫ് കൺവൻഷനിൽ താൻ പങ്കെടുക്കും. തുടർന്ന് എൽ ഡി എഫ് സ്ഥാനാർഥിക്കായി പ്രചാരണവും നടത്തും" - കെവി തോമസ് പറഞ്ഞു.












Click it and Unblock the Notifications